പട്ടികജാതിക്കാരായ വനിതകള്‍ക്ക് അനുവദിച്ച സ്ഥലവും കെട്ടിടവും ഗുണഭോക്താക്കള്‍ക്ക് ലഭിച്ചില്ല
തൃശൂര്‍: പട്ടികജാതിക്കാരായ വനിതകള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്നതിനായി അനുവദിച്ച സ്ഥലവും കെട്ടിടവും ഇനിയും യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പട്ടികവിഭാഗത്തിന്റെ പുരോഗതി ലക്ഷ്യമാക്കി സര്‍ക്കാര്‍ നിര്‍ദേശമുണ്ടായതും സ്ഥലവും കെട്ടിടവും അനുവദിച്ചതും. എന്നാല്‍ പുഷ്പഫല സസ്യ വിപണനകേന്ദ്രവും സ്‌നാക്‌സ് ബാറും തുടങ്ങിയെങ്കിലും അതില്‍ പട്ടികവിഭാഗത്തിനു പ്രാതിനിധ്യമോ ഉടമസ്ഥതയോ ഉണ്ടായിരുന്നില്ല.
രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള ഇതര സമുദായാംഗങ്ങളാണ് അത് നടത്തിയിരുന്നത്. ഇതിനെതിരേ വിവിധ പട്ടികജാതി സംഘടനകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. ഈയിടെ ജില്ലാ കലക്ടര്‍ സ്ഥലം തിരിച്ചെടുത്തിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് നടത്തിപ്പവകാശം പോലും നല്‍കിയില്ല. ഇതിനിടെ പട്ടികജാതിക്കാരുടെ പുരോഗതി ലക്ഷ്യമാക്കി അനുവദിച്ച സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ നിബന്ധനകളനുസരിച്ച് കുറഞ്ഞ നിരക്കില്‍ വാടകക്ക് നല്‍കണമെന്നു ആവശ്യപ്പെട്ട് ഒളരിക്കര സിവരാമപുരം കോളനി നിവാസികള്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന് നിവേദനം നല്‍കി. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് കോളനി നിവാസികള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ലയണ്‍സ് ക്ലബിനാണ് സ്ഥലവും കെട്ടിടവും നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."