അപ്പീലുമായി മീഡിയ വൺ; ഇന്നു പരിഗണിക്കും 'വാർത്താ ചാനലുകൾക്ക് ഭരണകൂടത്തെ തൃപ്തിപ്പെടുത്തി മാത്രം വാർത്ത നൽകാനാകില്ല'
കൊച്ചി
സംപ്രേഷണ വിലക്ക് ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരേ മീഡിയ വൺ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു. അപ്പീൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇന്നു പരിഗണിക്കും. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്, കേരളാ പത്രപ്രവർത്തക യൂനിയൻ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ എന്നിവരാണ് സംയുക്തമായി അപ്പീൽ ഹരജി നൽകിയിരിക്കുന്നത്. 2011ൽ എല്ലാവിധ അനുമതിയോടും കൂടി പ്രവർത്തനമാരംഭിച്ച ചാനലിനു കാരണം വെളിപ്പെടുത്താതെ ഇപ്പോൾ സുരക്ഷാ അനുമതി നിഷേധിച്ചതു ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാനലിനെ കേൾക്കാതെ ലൈസൻസ് റദ്ദാക്കിയ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.
ഒരു വാർത്താ ചാനലാകുമ്പോൾ ഭരണകൂടത്തെ എന്നും തൃപ്തിപ്പെടുത്തി വാർത്തകൾ നൽകാനാകില്ലെന്നും പുരാണവാക്യങ്ങൾ ഉൾപ്പെടുത്തിയല്ല, ഭരണഘടനാ തത്വങ്ങൾ അനുസരിച്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നതെന്നും അപ്പീലിൽ പറയുന്നു. 320ലധികം ജീവനക്കാരെ തെരുവിലിറക്കുന്നത് ആർട്ടിക്കിൾ 14, 21 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു പത്രപ്രവർത്തക യൂനിയൻ നൽകിയ അപ്പീൽ ഹരജിയിൽ പറയുന്നു.
മീഡിയ വണ്ണിനെതിരായ റിപ്പോർട്ടുകൾ രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ സ്വഭാവമുള്ളതാണെന്നു പറഞ്ഞായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹരജി തള്ളിയത്. മീഡിയ വണ്ണിനു വേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ ഹാജരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."