വ്യവസായങ്ങള്‍ അടച്ചുപൂട്ടിക്കല്‍ സര്‍ക്കാര്‍ നയമല്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി: മാതമംഗലം കട അടയ്ക്കല്‍ വിഷയത്തില്‍ ചര്‍ച്ച 21 ന്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് മന്ത്രി വി.ശിവന്‍കുട്ടി.വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
മാതമംഗലം വിഷയം പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ച ഈ മാസം 21 ന് നടക്കും.ലേബര്‍ കമ്മിഷണര്‍ എസ്. ചിത്ര ഐ എ എസിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. സ്ഥാപനമുടമയുമായും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായും ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.
തൊഴിലാളി ക്ഷേമ നടപടികളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. സംസ്ഥാനത്ത് തൊഴിലാളികളുടെ ക്ഷേമം, സമാധാനപരമായ തൊഴില്‍ അന്തരീക്ഷം എന്നിവയോടൊപ്പം പുതിയ തൊഴിലവസര സൃഷ്ടിയും കൂടി ലക്ഷ്യം വെച്ചുള്ള വികസന കാഴ്ച്ചപ്പാടാണ് സര്‍ക്കാരിനുള്ളത്. തൊഴിലാളി, തൊഴിലുടമ, സര്‍ക്കാര്‍ എന്നിങ്ങനെ ത്രികക്ഷി സമ്പ്രദായം ശക്തിപ്പെടുത്തി ഉഭയകക്ഷി ചര്‍ച്ചകളിലൂടെ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. മാതമംഗലത്തും മാടായിയിലും സര്‍ക്കാരിന്റെ നിലപാട് ഇതുതന്നെയാണ്.
തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണ്. തൊഴിലുടമകളും തൊഴിലാളികളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ആരോഗ്യകരമായ തൊഴില്‍ ബന്ധങ്ങളും തൊഴില്‍ സംസ്‌കാരവും ആണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."