രണ്ട് വർഷം മുമ്പ് സന്ദർശക വിസയിലെത്തിയപ്പോൾ മടങ്ങിയത് തർഹീൽ വഴി, സഊദിയിൽ മകളുടെ അടുത്തേക്ക് എത്തിയ മലയാളി വീട്ടമ്മയെ നാട്ടിലേക്ക് തിരിച്ചയച്ചു
റിയാദ്: രണ്ട് വർഷം മുമ്പ് സന്ദർശക വിസയിലെത്തിയപ്പോൾ മടങ്ങിയത് തർഹീൽ വഴിയാണെന്നതിനാൽ സഊദിയിലേക്ക് പ്രവേശനം നൽകാതെ മലയാളി വീട്ടമ്മയെ റിയാദ് എയർപോർട്ടിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. കിഴക്കൻ സഊദിയിലെ ദമാമിൽ സർക്കാർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ യുവതിയുടെ പ്രസവാനന്തര പരിചരണത്തിനായി വന്ന മാതാവ് കൊച്ചി സ്വദേശിനി റഹീമത്ത് ബീവിക്കാണ് സഊദിയിൽ ഇറങ്ങാനാവാതെ മടങ്ങേണ്ടിവന്നത്. നിയന്ത്രണങ്ങൾക്കിടെയും ആരോഗ്യ പ്രവർത്തകർക്കും അവരുടെ ബന്ധുക്കൾക്കും സഊദിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ഇതേ തുടർന്നാണ് മാതാവ് എന്ന നിലയിൽ വീട്ടമ്മ മകളുടെ അടുത്തേക്ക് ഇപ്പോൾ സന്ദർശന വിസയിൽ എത്തിയിരുന്നത്.
പൂർണ ഗർഭിണിയായ മകളുടെ പ്രസവാനന്തരമുള്ള പരിചരണത്തിന് വേണ്ടി റിയാദ് വഴി ദമാമിൽ എത്താനായിരുന്നു പദ്ധതി. റിയാദിൽ വിമാനമിറങ്ങിയ ശേഷമാണ് തടസം നേരിട്ടത്. കൂടെ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെല്ലാം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടും റഹീമത്ത് ബീവിയെ കാണാതായപ്പോൾ സഹയാത്രികർ ദമാമിലുള്ള മകളുടെ ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഴയ നിയമക്കുരുക്ക് മൂലം പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്ന കാര്യം ബോധ്യമായത്.
രണ്ടു വർഷം മുമ്പ് സന്ദർശന വിസയിൽ വന്നു മടങ്ങിയപ്പോൾ എമിഗ്രേഷൻ രേഖകളിൽ ബാക്കിയായ നിയമപ്രശ്നമാണ് റഹീമത്ത് ബീവിക്ക് കുരുക്കായത്. അന്ന് സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞതിനാൽ തർഹീൽ വഴിയുള്ള എക്സിറ്റ് നടപടികളിലൂടെയാണ് ഇവർ മടങ്ങിയിരുന്നത്. അന്ന് നാടുകടത്തൽ കേന്ദ്രം (തർഹീൽ) വഴി നാട്ടിലേക്ക് തിരിച്ചയക്കപ്പെട്ട നിയമലംഘക എന്ന രീതിയിലാണത്രെ എമിഗ്രേഷൻ രേഖകളിലുള്ളത്.
ഈ രീതിയിൽ പോയവർക്ക് പിന്നീട് സഊദിയിൽ പ്രവേശിക്കാൻ വിലക്കുണ്ട്. ഇതാണ് ഇവർക്ക് പ്രതിബന്ധമായത്. ഈ അവസ്ഥയിൽ എമിഗ്രേഷൻ ക്ലിയറൻസ് നൽകി പുറത്തിറക്കാനാവില്ല എന്ന് എയർപോർട്ട് ജവാസത്ത് അധികൃതർ അറിയിച്ചു. തുടർന്ന് എയർപോർട്ടിലെ തർഹീൽ സെല്ലിലേക്ക് അവരെ മാറ്റി. മരുമകൻ നൗഷാദ് ദമാമിൽനിന്നും റിയാദിൽ എത്തുകയും പിറ്റേന്ന് രാവിലെ പുറപ്പെട്ട വന്ദേ ഭാരത് മിഷൻ വഴി എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."