കരിഞ്ഞ സ്വപ്‌നങ്ങളിലും വിഷനീര് കുടയുമ്പോള്‍
ഫെബ്രുവരി ഒന്ന് പകല്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുമ്പില്‍ കാത്തിരിപ്പിലാണ് കാസര്‍കോട് കുമ്പഡാജെ പെരിഞ്ചിലെ മുക്കൂര്‍ കോളനിയില്‍ താമസിക്കുന്ന ദലിത് ദമ്പതികളായ മോഹനനും ഉഷയും. പുലര്‍ച്ചെ ആറോടെ തുടങ്ങിയ കാത്തിരിപ്പ് അവസാനിച്ചത് രാത്രി ഏഴോടെ. മെഡിക്കല്‍ കോളജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണിറ്റി ആന്‍ഡ് ഹെല്‍ത്ത് വിഭാഗത്തില്‍ മരിച്ച എന്‍ഡോസള്‍ഫാന്‍ ഇര ഒന്നരവയസുകാരിയായ ഇളയ മകള്‍ ഹര്‍ഷിതയുടെ ചേതനയറ്റ ശരീരം നാട്ടിലേക്കു കൊണ്ടുപോകാന്‍ കാസര്‍കോട്ടു നിന്ന് ആംബുലന്‍സ് എത്തുന്നതും കാത്തായിരുന്നു അവരുടെ നില്‍പ്. ഒടുവില്‍ ആംബുലന്‍സ് രാത്രി ഏഴോടെ മെഡിക്കല്‍ കോളജിലെത്തി പിഞ്ചുകുഞ്ഞിന്റെ മൃതദേഹവുമായി തിരികെ നാട്ടിലെത്തുമ്പോള്‍ സമയം അര്‍ധരാത്രിയോടടുത്തു. പുലര്‍ച്ചെ മരിച്ച പ്രിയ പുത്രിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ആംബുലന്‍സ് ചെലവ് വഹിക്കാനുള്ള ശേഷി ഇല്ലാത്തതിന്റെ പേരിലായിരുന്നു ഈ ദമ്പതികളുടെ മനസ് മരവിച്ചുള്ള കാത്തിരിപ്പ്. ഇങ്ങനെ എത്രയോ കുരുന്നുകളാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ മതിയായ ചികിത്സ ലഭിക്കാതെ പൊലിഞ്ഞുതീരുന്നത്.
1978ല്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടത്തിലേക്ക് ആകാശമാര്‍ഗം വിഷമഴ പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദുരിതം പേറി ജീവിതം തള്ളിനീക്കുകയാണു നാലു പതിറ്റാണ്ടിനിപ്പുറം കാസര്‍കോട്ട് ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും. ഏറ്റവുമൊടുവില്‍ മരിച്ച ഹര്‍ഷിതയ്ക്കു ദുരിതബാധിതരായ മറ്റു കുട്ടികളെ പോലെ ജന്മനാ തല വലുതാകുന്ന ഹൈഡ്രോ സഫാലിസിസ് എന്ന അസുഖമായിരുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്താന്‍ നടത്തേണ്ട മെഡിക്കല്‍ ക്യാംപ് 2019നു ശേഷം നടക്കാത്തതിനാല്‍ ഹര്‍ഷിത സര്‍ക്കാരിന്റെ ഒരു ലിസ്റ്റിലും ഇടംപിടിച്ചില്ല. ഹര്‍ഷിതയെ പോലെ നൂറുകണക്കിനു കുരുന്നുകള്‍ ഇപ്പോഴും വിദഗ്ധ ചികിത്സ ലഭിക്കാതെ എന്‍ഡോസള്‍ഫാന്റെ ദുരിതവും പേറി കാസര്‍കോടന്‍ ഗ്രാമങ്ങളിലുണ്ട്. ഇവിടെ ജനിച്ചുപോയി എന്ന ഒറ്റ കാരണത്താല്‍ മാരക രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടവര്‍.
ഇരയായത് നൂറോളം കുട്ടികള്‍
എന്‍ഡോസള്‍ഫാന്റെ ഇരയായി മരണത്തിനു കീഴടങ്ങിയ കുട്ടികളുടെ കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാരിന്റെയോ ഇരകള്‍ക്കു വേണ്ടി മുന്നിട്ടിറങ്ങിയ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെയോ കൈയിലില്ല. എന്നാല്‍ വിഷമഴയുടെ ദുരിതം ഏറ്റവും കൂടുതല്‍ വര്‍ഷിച്ച 11 പഞ്ചായത്തുകളിലെ പ്രദേശങ്ങളില്‍ ഇക്കാലയളവിനിടയില്‍ നൂറോളം കുട്ടികള്‍ മരിച്ചെന്നാണു പീഡിത ജനകീയ മുന്നണി നേതൃത്വം പറയുന്നത്. എന്‍ഡോസള്‍ഫാന്റെ ഇരകളുടെ നേര്‍ക്കാഴ്ചയായി മാറിയ ബോവിക്കാനത്തെ സൈനബയായിരുന്നു തലവലുതായി 2004ല്‍ മരണത്തിനു കീഴടങ്ങിയ ആദ്യ കുട്ടി. പെരിയയിലെ ജയകൃഷ്ണന്‍ എന്ന കുട്ടിയെ മൂന്നര വയസില്‍ മരണം തട്ടിയെടുത്തപ്പോള്‍ തലനരച്ച നിലയിലായിരുന്നു. 2012ല്‍ അമ്പലത്തറയിലെ സിനാനും പിന്നീടു ബദിയടുക്കയിലെ ബാദുഷ, കൊവിഡ് കാലത്ത് ബദിയടുക്കയിലെ മഞ്ജുമോള്‍, എന്‍മകജെയിലെ നവജിത്ത് എന്നിവര്‍ക്കും ജീവന്‍ നഷ്ടമായി. ഒന്നരമാസത്തിനിടെ മരിച്ചതു മൂന്നു കുട്ടികളാണ്. ഏറ്റവുമൊടുവിലായി ഡിസംബര്‍ 27നു അമ്പലത്തറ ഏഴാംമൈല്‍ മുക്കുഴിയിലെ അഞ്ചുവയസുകാരി കുഞ്ഞാറ്റ എന്ന അമേയയും നീലേശ്വരം തൈക്കടപ്പുറത്ത് താമസിച്ചുവന്ന 11കാരനായ മുഹമ്മദ് ഇസ്മാഈലും മരണത്തിനു കീഴടങ്ങി.
പ്രതിക്കൂട്ടില്‍ സര്‍ക്കാര്‍
ഈ കുഞ്ഞുങ്ങളുടെ മരണത്തിനു സര്‍ക്കാരും ഉത്തരവാദിയാണ്. ജനതയുടെ ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെങ്കിലും ദുരിതബാധിതരെ കണ്ടെത്താന്‍ വര്‍ഷാവര്‍ഷം ദുരിതബാധിത മേഖലയായ 11 പഞ്ചായത്തുകളിലും ആരോഗ്യ ക്യാംപുകള്‍ നടത്തുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ല. ഇതുകാരണം കുട്ടികള്‍ ഉള്‍പ്പെടെയുള്ള എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കൃത്യമായ കണക്ക് സര്‍ക്കാരിനു മുന്നിലില്ല. ഏറ്റവുമൊടുവില്‍ 2019ലാണു സര്‍ക്കാര്‍ മുന്‍കൈയെടുത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താന്‍ കാസര്‍കോട്ട് ക്യാംപ് നടത്തിയത്. 2017ല്‍ നടത്തിയ ക്യാംപില്‍ നിന്നു തിരഞ്ഞെടുത്ത രോഗികളുടെ കണക്ക് പ്രകാരം 18 വയസില്‍ താഴെയുള്ള 511 കുട്ടികള്‍ ഉണ്ടെന്നതാണു സര്‍ക്കാരിന്റെ കൈയിലുള്ള കുട്ടികളുടെ ഏക കണക്ക്.
2013ലെ ക്യാംപിന് എത്തിയ ഏഴായിരത്തോളം പേരില്‍ മൂവായിരവും കുട്ടികളായിരുന്നു. എന്നാല്‍ ഈ ക്യാംപില്‍ നിന്ന് ആകെ തിരഞ്ഞെടുക്കപ്പെട്ട 348 പേരില്‍ 40 കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു വിദഗ്ധ ചികിത്സ നല്‍കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാരാകട്ടെ കാസര്‍കോട്ട് കാര്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. ദുരിതബാധിതരെ കണ്ടെത്താന്‍ രൂപീകരിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പരിഹാരസെല്‍ 2020 ഒക്ടോബര്‍ അവസാനമാണ് ഏറ്റവുമൊടുവില്‍ ചേര്‍ന്നത്. സര്‍ക്കാര്‍ മാറിയിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള കമ്മിറ്റി തന്നെയാണ് നിലവിലുള്ളത്.
വിഷമഴ പെയ്തിറങ്ങിയത്
11 പഞ്ചായത്തുകളില്‍
എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും വില്‍പനയും രാജ്യത്ത് പൂര്‍ണമായും നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് 2011 സെപ്റ്റംബര്‍ 30നു നടപ്പായെങ്കിലും അതിന്റെ മൂന്നുപതിറ്റാണ്ട് മുമ്പേ എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഹെലികോപ്ടറിലൂടെ തളിച്ചതിന്റെ ദുരിതം കാസര്‍കോട്ടെ 11 പഞ്ചായത്തുകളിലെ പ്രദേശങ്ങള്‍ നേരിട്ടു തുടങ്ങിയിരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പന്ത്രണ്ടായിരം ഏക്കറോളം വരുന്ന കശുമാവ് തോട്ടത്തിലാണ് 1978ല്‍ ഹെലികോപ്ടറിലൂടെ ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ കീടനാശിനി തെളിച്ചത്. ഇത് 2000ത്തില്‍ ഹൈക്കോടതി വിലക്കുന്നതു വരെ തുടര്‍ന്നു.
എന്‍മകജെ, കുമ്പഡാജെ, ബദിയടുത്ത, ബെള്ളൂര്‍, കാറഡുക്ക, മുളിയാര്‍, അജാനൂര്‍, പുല്ലൂര്‍ പെരിയ, കള്ളാര്‍, പനത്തടി, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയും. ജില്ലയിലെ 27 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും എന്‍ഡോസള്‍ഫാന്‍ ദുരിതം പെയ്തിറങ്ങിയെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഭാരവാഹികള്‍ പറയുന്നു.
ദുരിതബാധിതര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായമായ അഞ്ചുലക്ഷം രൂപ, മൂന്നുലക്ഷം എന്നിവ എല്ലാവര്‍ക്കും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 6,727 പേരില്‍ 3,713 പേരും ആനുകൂല്യത്തിനു പുറത്താണ്. കിടപ്പിലായ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് 2,200 രൂപ പെന്‍ഷന്‍ ലഭിക്കുന്നതാണ് ഏക ആശ്വാസം. വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കാവട്ടെ ഇതില്‍ നിന്നു 500 രൂപ കുറച്ചാണു നല്‍കുന്നത്. മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് 1,200 രൂപയാണു പെന്‍ഷന്‍.
വേണം, വിദഗ്ധ ചികിത്സ
എന്‍ഡോസള്‍ഫാന്‍ ഇരകളായി അതിസങ്കീര്‍ണ രോഗങ്ങളാല്‍ അലയുന്ന നൂറുകണക്കിനു കുട്ടികള്‍ വിഷമഴ പെയ്തിറങ്ങിയ കാസര്‍കോട്ടെ 11 പഞ്ചായത്തുകളിലുണ്ട്. ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ നാലു പതിറ്റാണ്ട് മുമ്പത്തെ എന്‍ഡോസള്‍ഫാന്‍ വിഷ കീടനാശിനിയുടെ ഇരകളായാണു പിറന്നുവീഴുന്നത്. മറ്റു കുട്ടികളെ പോലെ പാറിനടക്കാന്‍ ഇവിടുത്തെ കുഞ്ഞുങ്ങള്‍ക്കുമുള്ള മൗലികാവകാശമാണു സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ കുരുങ്ങി നിഷേധിക്കപ്പെടുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളായവര്‍ക്കും അവരില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും തലവലുതാകുന്ന ഹൈഡ്രോ സഫാലിസിസ്, അപസ്മാരം, സെറിബ്രല്‍ പാഴ്‌സി, മാനസിക വെല്ലുവിളി തുടങ്ങിയ രോഗങ്ങളാണു കണ്ടുവരുന്നത്. പരിശോധനയിലൂടെ തുടക്കത്തിലേ കണ്ടെത്തിയാല്‍ ചികിത്സയിലൂടെ ഭേദമാക്കാന്‍ പറ്റുന്ന രോഗങ്ങളാണിവയെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ വേണ്ടത്ര ചികിത്സാ സംവിധാനങ്ങളില്ല. നിലവില്‍ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവയെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ചികിത്സയ്ക്ക് ആശ്രയിക്കുന്നത്.
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഒ.പി സൗകര്യം മാത്രമാണു നിലവിലുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പത്തുവര്‍ഷമായുള്ള ആവശ്യമായ ന്യൂറോളജി ഡോക്ടര്‍മാരുടെ സേവനം മെഡിക്കല്‍ കോളജിനു പുറമെ ജില്ലയിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടി സര്‍ക്കാര്‍ അനുവദിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. മെഡിക്കല്‍ കോളജില്‍ ന്യൂറോളജി ഡോക്ടര്‍ ഉണ്ടെങ്കിലും വിദഗ്ധ പരിശോധനയ്ക്കുള്ള സംവിധാനമില്ല. കാസര്‍കോടിനോടു ചേര്‍ന്നുകിടക്കുന്ന കര്‍ണാടകയിലെ മംഗളൂരുവില്‍ സ്വകാര്യ മേഖലയില്‍ വിദഗ്ധ ചികിത്സയുണ്ടെങ്കിലും ഭീമമായ ചികിത്സാചെലവ് താങ്ങാനുള്ള ശേഷി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ സാധാരണ കുടുംബങ്ങള്‍ക്കില്ല. കാസര്‍കോട് തന്നെ വിദഗ്ധ ചികിത്സ നല്‍കാന്‍ കേരളത്തിനു ലഭിക്കേണ്ട എയിംസ് കാസര്‍കോട് അനുവദിക്കണമെന്നാണു വിവിധ കൂട്ടായ്മകളുടെ ആവശ്യം. സംസ്ഥാന സര്‍ക്കാരിന്റെ എയിംസ് പ്രൊപ്പോസലില്‍ കാസര്‍കോടിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ കാസര്‍കോട്ട് നടത്തുന്ന നിരാഹാര സമരം ഒരുമാസം പിന്നിട്ടിരിക്കുകയാണ്. സമരത്തിനു പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തക ദായാബായിയും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."