സഊദിയിലേക്കുള്ള പ്രവേശന വിലക്കിൽ നേരിയ ഇളവ്; ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസർമാരോടൊപ്പം നേരിട്ട് പ്രവേശിക്കാം
റിയാദ്: സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് നേരിട്ട് അവരുടെ സ്പോൺസർമാർക്കൊപ്പം പ്രവേശിക്കാമെന്ന് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക) അറിയിച്ചു. രാജ്യത്ത് സർവ്വീസ് നടത്തുന്ന വിമാനകമ്പനികൾക്ക് നൽകിയ പുതിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിൽ സഊദിയിലേക്ക് ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നേരിട്ടുള്ള വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസർമാർക്കൊപ്പം നേരിട്ട് പ്രവേശിക്കാമെന്നാണ് ഗാക അറിയിച്ചിരിക്കുന്നത്.
രണ്ടു കാര്യങ്ങളാണ് സർക്കുലറിൽ പറയുന്നത്. സഊദി കുടുംബങ്ങൾക്കും അവരുടെ ഗാർഹിക തൊഴിലാളികൾക്കും നിരോധിത രാജ്യങ്ങളിൽ നിന്ന് സഊദിയിലേക്ക് പ്രവേശിക്കാമെന്നും ഇത്തരത്തിൽ വരുന്നവർ സഊദിയിലേക്ക് പ്രവേശിക്കുന്നതിനായി നെഗറ്റിവ് കൊവിഡ് പരിശോധന ഫലവും കയ്യിൽ കറുതണമെന്നുമാണ് സർക്കുലറിൽ വ്യക്തമാക്കിയത്.
ഇത് പ്രകാരം ഇന്ത്യയടക്കം വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ സഊദികൾക്കും അവരുടെ കുടുംബങ്ങൾക്കും സഊദികളോടൊപ്പമുള്ള ആശ്രിതർക്കുമെല്ലാം നേരിട്ട് സൗദിയിലേക്ക് പ്രവേശനം സാധ്യമാകും. ഇതോടൊപ്പം, സർക്കുലർ പ്രകാരം സഊദി സ്‌പോൺസർക്ക് ബഹ്‌റൈനിലേക്ക് പോയി അവിടെ നിന്നും തന്റെ തൊഴിലാളിയെ 14 ദിവസം ക്വാറന്റൈനിൽ കഴിയാതെത്തന്നെ സഊദിയിലേക്ക് പ്രവേശിപ്പിക്കാൻ സാധിക്കുമെന്നാണ് വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."