47 മലയാളി വിദ്യാർഥികൾ ജന്മനാട്ടിലെത്തി ആനന്ദക്കണ്ണീരണിഞ്ഞ് വിമാനത്താവളം; കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി ബന്ധുക്കൾ
നെടുമ്പാശ്ശേരി
ഉക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട് 47 മലയാളി വിദ്യാർഥികൾ ജന്മനാട്ടിലെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് മുംബൈയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. 11 വിദ്യാർഥികളാണ് ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെ മന്ത്രി പി. രാജീവ്, ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിൽനിന്ന് പുറത്തേക്കുവന്ന വിദ്യാർഥികളെ മാതാപിതാക്കളും സഹോദരങ്ങളും മറ്റു ബന്ധുക്കളും കെട്ടിപ്പിടിച്ച് ആനന്ദക്കണ്ണീർ പൊഴിച്ച് വിങ്ങിപ്പൊട്ടുന്ന കാഴ്ചയും കാണാമായിരുന്നു. ഡൽഹിയിൽനിന്ന് ബംഗളൂരു വഴി വന്ന രണ്ടാമത്തെ വിമാനത്തിൽ ആറ് പെൺകുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരും ഡൽഹിയിൽനിന്ന് തന്നെ എത്തിയ മറ്റൊരു വിമാനത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേരുമുണ്ടായിരുന്നത്. രാത്രി 10.45ഓടെ ഡൽഹിയിൽ നിന്നുള്ള മൂന്നാമത്തെ വിമാനത്തിൽ 20 വിദ്യാർഥികൾ കൂടി എത്തി. റുമേനിയൻ തലസ്ഥാനമായ ബുക്കറെസ്റ്റിൽ നിന്നാണ് മടങ്ങിയെത്തിയ എല്ലാവരും ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ എത്തിയത്.
എല്ലാ വിദ്യാർഥികളും ഉക്രൈൻ ചെർണോവിസിയിൽ ബുക്കോവിനിയ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ എം.ബി.ബി.എസ് വിദ്യാർഥികളാണ്. സംസ്ഥാന സർക്കാരിന്റെ നിർദേശത്തെ തുടർന്ന് നോർക്ക മുൻകൈ എടുത്താണ് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്ന് വിദ്യാർഥികൾക്ക് നാട്ടിലേക്കുള്ള യാത്രാ സൗകര്യമൊരുക്കിയത്.
ബുക്കോവിനിയ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ മാത്രം 1,000ത്തോളം ഇന്ത്യൻ വിദ്യാർഥികൾ പഠനം നടത്തുന്നുണ്ട്. ഇതിൽ 480പേർ രണ്ട് വിമാനങ്ങളിലായി ഇതിനകം ഇന്ത്യയിലെത്തി. ബാക്കിയുള്ളവരെ ഇന്നും നാളെയുമായി നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."