മരണം മണക്കുന്ന യുദ്ധഭൂമിയിൽനിന്ന് 1,473 ഇന്ത്യൻ വിദ്യാർഥികൾ ഉക്രൈൻ അതിർത്തി കടന്നു
സി.പി സുബൈർ
മലപ്പുറം
മരണം മണക്കുന്ന ഭൂമിയിൽനിന്ന് ഹംഗറിയിലെത്തിയ വിദ്യാർഥികൾ ദൈവത്തിന് നന്ദി പറഞ്ഞു. കടുത്ത തണുപ്പും ചൂടും ദുരിതവും ഏറെയനുഭവിച്ചെങ്കിലും യുദ്ധം തുടങ്ങിയ ശേഷം സമാധാനമായി നിശ്വസിക്കാൻപോലുമാകുന്നത് ഇപ്പോഴാണെന്ന് വിദ്യാർഥികൾ പറയുന്നു.
ഏത് നിമിഷവും ആക്രമണം പ്രതീക്ഷിച്ചുനിൽക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ആറാമത്തെ ആണവ നിലയമായ ഉക്രൈനിലെ സെപ്രേഷ്യ ന്യൂക്ലിയർ പ്ലാന്റിന് സമീപത്തുനിന്ന് 1300 കിലോമീറ്റർ അകലെയെത്തുമ്പോൾ ഹംഗറി അതിർത്തിയായ സഹോണി പ്രതീക്ഷയുടെ കിരണമാകുകയായിരുന്നു. സെപ്രേഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ 700 മലയാളികളുൾപ്പെടെ 1,473 ഇന്ത്യൻ വിദ്യാർഥികളാണ് ഇന്നലെ രാവിലെ 11 മണിയോടെ അതിർത്തി നഗരമായ ഉസ്‌ഹൊറോദിലെത്തിയത്. റഷ്യൻ സൈന്യം ന്യൂക്ലിയർ പ്ലാന്റ് ആക്രമിക്കുമെന്ന ഭീതിയായിരുന്നു വിദ്യാർഥികളെ വേട്ടയാടിയിരുന്നത്.
വിദ്യാർഥികളും രക്ഷിതാക്കളും ബന്ധപ്പെട്ടിട്ടും അധികൃതരിൽ നിന്ന് യാതൊരു പ്രതീക്ഷയും ലഭിക്കാതായതോടെയാണ് സ്വന്തം നിലയിൽ വിദ്യാർഥികൾ സെപ്രേഷ്യയിൽനിന്ന് ഹംഗറിയുടെ അതിർത്തിയായ ഉസ്‌ഹൊറോദിലേക്ക് പുറപ്പെട്ടത്.
എന്നാൽ പാതിവഴിയിൽവച്ച് ഉസ്‌ഹൊറോദിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന സന്ദേശം ലഭിച്ചതോടെ ട്രെയിൻ പോളണ്ട് അതിർത്തി നഗരമായ ലിവ്‌ലേക്ക് തിരിച്ചുവിട്ടു. ട്രെയിൻ ബുധനാഴ്ച പുലർച്ചെ ലിവ്‌ന് അടുത്തെത്തിയതോടെ വീണ്ടും ഭീതി നിറഞ്ഞ സന്ദേശമെത്തി. ലിവിൽ ഇറങ്ങാനാകില്ലെന്നും ഹംഗറി അതിർത്തിയായ ഉസ്‌ഹൊറോദിലേക്കുതന്നെ പോകണമെന്നുമായിരുന്നുനിർദേശം. ഇതോടെ വീണ്ടും വഴിതിരിച്ചുവിട്ട ട്രെയിൻ നിർത്താതെയുള്ള 44 മണിക്കൂർ യാത്രക്കൊടുവിൽ ഇന്നലെ 11 മണിയോടെ ഉസ്‌ഹൊറോദിലെത്തുകയായിരുന്നു. തുടർന്ന് സഹോണി അതിർത്തിവഴി ഹംഗറിയിലെ ഇന്ത്യൻ എംബസി ഒരുക്കിയ താമസസ്ഥലത്തേക്കും.
കഴിഞ്ഞ 28ന് വൈകിട്ട് മൂന്ന് മണിയോടെയാണ് വിദ്യാർഥികൾ യാത്ര പുറപ്പെട്ടത്. 400 പേർക്ക് മാത്രം യാത്ര ചെയ്യാൻ കഴിയുന്ന ഒരു ഭൂഗർഭ ട്രെയിനിൽ 1000 വിദ്യാർഥികളും രണ്ടാമത്തെ ട്രെയിനിൽ 473 വിദ്യാർഥികളുമാണ് യാത്ര ചെയ്തത്. ജീവന്റെ ആശാകിരണം തേടിയുള്ള യാത്രയിൽ ഭൂഗർഭ ട്രെയിനിലെ കടുത്ത ചൂടും വിശപ്പും ദാഹവും അവർ കാര്യമാക്കിയതേയില്ല. 44 മണിക്കൂർ യാത്രയിൽ ഇടക്കെപ്പോഴോ ലഭിച്ച ഫോൺസന്ദേശമല്ലാതെ പുറംലോകവുമായി യാതൊരു ബന്ധവുണ്ടായിരുന്നില്ല. ഇതിനിടയിൽ മൂന്നു തവണ തീവണ്ടി സഞ്ചാരപാത മാറ്റി.
എന്നാൽ ഇതൊന്നും വിദ്യാർഥികളെ അലട്ടിയതേയില്ല. ഒരു ചെറുനാളത്തിൽ എല്ലാം അവസാനിക്കുമായിരുന്ന യുദ്ധഭൂമിയിൽനിന്ന് രക്ഷപ്പട്ടതിന്റെ ആശ്വാസമായിരുന്നു എല്ലാവരുടേയും മുഖത്ത്. ഇനി എന്തും സഹിക്കാൻ തയാറാണെന്ന് വിദ്യാർഥികൾ ഒരേ സ്വരത്തിൽ പറയുന്നു. ഹംഗറി അതിർത്തി കടന്നതോടെ എംബസി സഹായങ്ങൾ നൽകുന്നുണ്ടെന്നും ഭക്ഷണവും താമസവും ലഭിച്ചതായും മലപ്പുറം വലമ്പൂർ എറാന്തോട് സംഗീതയുടെ മകൾ സംഘമിത്രയും മൂന്നിയൂർ സ്വദേശി സുബൈറിന്റെ മകൾ ആയിഷ ജിനാനും പറഞ്ഞു. ഇനി എത്രയും വേഗം നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് എടപ്പാൾ സ്വദേശി മാമ്പുള്ളി യദു നന്ദനും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."