സ്വകാര്യ ആശുപത്രികളിലെ കാലാവധി കഴിയാറായ വാക്‌സിൻ സർക്കാർ ഏറ്റെടുക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്ന കൊവിഡ് വാക്‌സിൻ സർക്കാർ ഏറ്റെടുക്കുന്നു. മൂന്നോ നാലോ ദിവസം മാത്രം കാലാവധി അവശേഷിക്കുന്ന ലക്ഷക്കണക്കിന് കൊവിഷീൽഡ് വാക്‌സിനുകളാണ് സ്വകാര്യ ആശുപത്രിയിൽ കെട്ടിക്കിടക്കുന്നത്. കാലാവധി തീരും മുമ്പ് വാക്‌സിൻ ഉപയോഗിച്ച് തീർക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ എടുക്കാൻ ആളില്ലാതെ വന്നതിനെ തുടർന്ന് കെട്ടിക്കിടക്കുകയായിരുന്നു.
ഈ മാസവും ഏപ്രിൽ, മെയ് മാസങ്ങളിലുമായി കാലാവധി കഴിയുന്ന മൂന്നര ലക്ഷത്തിലധികം ഡോസ് കൊവിഷീൽഡ് വാക്‌സിൻ ആണ് സ്വകാര്യ ആശുപത്രികളിൽ നിന്നും സർക്കാർ ഏറ്റെടുക്കുന്നത്. പകരം സെപ്റ്റംബർ വരെ കാലാവധിയുള്ള വാക്‌സിനുകൾ തിരികെ സ്വകാര്യ ആശുപത്രികൾക്ക് നൽകും. ഇങ്ങനെ ഏറ്റെടുക്കുന്ന കാലാവധി കഴിയാറായ വാക്‌സിനുകൾ കുറഞ്ഞ ദിവസത്തിനുള്ളിൽ ക്യാംപുകൾ, സ്‌പെഷൽ ഡ്രൈവുകൾ, സർക്കാർ കേന്ദ്രങ്ങൾ എന്നിവ വഴി പരമാവധി കൊടുത്തുതീർക്കണമെന്നാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേ ഇറക്കിയ ഉത്തരവിൽ പറയുന്നത്.
അതേസമയം, മൂന്നോ നാലോ ദിവസം കൊണ്ട് കാലാവധി കഴിയുന്ന ലക്ഷക്കണക്കിന് ഡോസ് വാക്‌സിൻ ഈ ദിവസങ്ങൾക്കുള്ളിൽ സർക്കാർ മേഖലയിലും ഉപയോഗിക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ് തന്നെ സമ്മതിക്കുന്നു. നിലവിൽ സർക്കാർ മേഖലയിൽ ഇപ്പോൾ നടക്കുന്നത് ഒരു ദിവസം പരമാവധി 3,000 പേരിലെ വാക്‌സിനേഷനാണ്. സ്വകാര്യ ആശുപത്രികളിൽ നിന്നുമെടുത്ത വാക്‌സിനുകളിൽ നല്ലൊരു പങ്കും ഈമാസം എട്ടിനും 11നും കാലാവധി കഴിയുന്നതാണ്.
ജനസംഖ്യയുടെ 80 ശതമാനത്തിൽ അധികം പേർ രണ്ട് ഡോസ് വാക്‌സിനും, അതുപോലെ നല്ലൊരു പങ്കും ബൂസ്റ്റർ ഡോസും സ്വീകരിച്ച ഈ സാഹചര്യത്തിൽ ക്യാംപുകളും പ്രത്യേക ഡ്രൈവുകളും സംഘടിപ്പിച്ചാലും ഈ ആഴ്ചക്കുള്ളിൽ ഈ വാക്‌സിനുകൾ കൊടുത്തുതീർക്കാനാകില്ല. ഇതോടെ സ്വകാര്യ മേഖലയെ നഷ്ടത്തിൽ നിന്ന് രക്ഷിക്കാനിറങ്ങിയ സർക്കാരിന് കോടികളുടെ ധനനഷ്ടം ഉറപ്പായി.
തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രമുഖ സ്വകാര്യ ആശുപത്രികളിൽ നിന്നും മാത്രം സർക്കാരിന് ഇന്നലെ തിരിച്ചെടുക്കേണ്ടി വന്നത് 10,970 ഡോസ് കൊവിഷീൽഡ് വാക്‌സിനാണ്. മറ്റ് സ്വകാര്യ ആശുപത്രികളുടെ കണക്ക് കൂടി വരുമ്പോഴിത് കാൽ ലക്ഷത്തിനും മുകളിലാകും.
തൃശൂർ ജില്ലയിൽ ഇന്നലെ മാത്രം ഇങ്ങനെ തിരിച്ചെടുത്തത് കാലാവധി കഴിയാറായ 68,000ത്തിലധികം ഡോസ് കൊവിഷീൽഡ് വാക്‌സിൻ ആണ്.
ഇതെല്ലാം എങ്ങനെ കാലാവധി അവസാനിക്കും മുമ്പ് സർക്കാർ കേന്ദ്രങ്ങൾ വഴി കൊടുത്തുതീർക്കുമെന്നതിൽ ജില്ലാ മെഡിക്കൽ സംഘങ്ങൾക്കോ എന്തിന് സർക്കാരിന് തന്നെയോ വ്യക്തതയില്ല.
കൊവിഷീൽഡ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ വാക്‌സിൻ വാങ്ങി വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും കുറഞ്ഞത് 3,000 ഡോസ് എങ്കിലും വാങ്ങണമെന്ന നിബന്ധന ഇവർക്ക് തിരിച്ചടിയായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ ഇടപെട്ട് 12 കോടി രൂപ നൽകി സ്വകാര്യ ആശുപത്രികൾക്ക് 20 ലക്ഷം ഡോസ് വാക്‌സിൻ സർക്കാർ വാങ്ങി നൽകി. ഡോസിന് 630 രൂപ നിരക്കിലാണ് വാക്‌സിൻ വാങ്ങിയത്.
ഈ തുക സ്വകാര്യ ആശുപത്രികൾ തിരിച്ച് സർക്കാരിന് നൽകണമെന്നായിരുന്നു നിബന്ധന. 150 രൂപ സർവിസ് ചാർജ് കൂടി ഈടാക്കി 780 രൂപയ്ക്കാണ് ആശുപത്രികൾ വാക്‌സിൻ ആവശ്യക്കാർക്ക് നൽകിയത്.
എന്നാൽ സർക്കാർ മേഖലയിൽ കരുതൽ ശേഖരമടക്കം ആവശ്യത്തിന് വാക്‌സിനെത്തിയതോടെ എല്ലാവരും വാക്‌സിൻ പൂർണമായും സൗജന്യമായി കിട്ടുന്ന സർക്കാർ മേഖലയെ മാത്രം ആശ്രയിച്ചു. സ്വകാര്യ മേഖലയെ തീർത്തും ഒഴിവാക്കി. ഇതോടെയാണ് സ്വകാര്യ ആശുപത്രികളിൽ സ്റ്റോക്ക് കുന്നുകൂടിയത്. കാലാവധി കഴിയാറായ വാക്‌സിനുകളുടെ എണ്ണവും കൂടുകയായിരുന്നു.
വാക്‌സിനുകൾ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയതിനൊപ്പം സിറം ഇൻസ്റ്റിറ്റ്യൂട്ടിനേയും സ്വകാര്യ ആശുപത്രികളുടെ സംഘടന സമീപിച്ചിരുന്നു. എന്നാൽ ഒരിക്കൽ നൽകിയവ തിരിച്ചെടുക്കില്ലെന്ന നിലപാടാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്വീകരിച്ചത്. ഇതേ തുടർന്നാണ് സർക്കാർ തന്നെ കോടികൾ നഷ്ടം വരുത്തി വാക്‌സിനുകൾ തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."