സുപ്രഭാതത്തിന്റെ മുഖ്യ രക്ഷാധികാരി
മുസ്തഫ മുണ്ടുപാറ(സി.ഇ.ഒ, സുപ്രഭാതം)
സമസ്ത പ്ലാറ്റ്‌ഫോമില്‍നിന്ന് ഒരു പത്രം എന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ആശയ സാക്ഷാത്കാരത്തിന് തുടക്കം മുതലേ മുന്നില്‍നിന്ന വ്യക്തിത്വമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ചന്ദ്രിക ദിനപ്പത്രത്തിന്റെ എല്ലാമെല്ലാമായിരിക്കെ തന്നെ സമുദായത്തിന് ഒരു പത്രംകൂടി എന്ന നിലപാടായിരുന്നു സുപ്രഭാതത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സ്വീകരിച്ചത്. യാതൊരു വിവേചനവും സുപ്രഭാതത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചിരുന്നില്ല. പത്രത്തിന്റെ മുഖ്യ രക്ഷാധികാരിയായിരുന്നു തങ്ങള്‍. 2014 സെപ്റ്റംബര്‍ ഒന്നിനു പുറത്തിറങ്ങുന്ന സുപ്രഭാതത്തിന്റെ ഓരോ ചലനങ്ങളിലും സയ്യിദവര്‍കളുണ്ടായിരുന്നു.
സുപ്രധാനമായ എല്ലാ പുതിയ നീക്കങ്ങളുടെയും അന്തിമ തീര്‍പ്പ് അവിടെ നിന്നായിരുന്നു. സുപ്രഭാതത്തിന്റെ പ്രഥമ ചെയര്‍മാന്‍ മര്‍ഹൂം കോട്ടുമല ബാപ്പു മുസ് ലിയാരും നിലവിലെ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും അവസാനത്തെ ആ തീര്‍പ്പുകള്‍ക്കായിരുന്നു കാതോര്‍ത്തത്. സുപ്രഭാതത്തിന്റെ ആദ്യ ലക്കം അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുറത്തിറക്കുമ്പോള്‍ പ്രകാശന ചടങ്ങിലെ അധ്യക്ഷന്‍ തങ്ങളായിരുന്നു. അതിന് ആഴ്ചകള്‍ക്ക് മുമ്പെ കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ആസ്ഥാനത്ത് സുപ്രഭാതം പ്രസ്സിന്റെ ഉദ്ഘാടനവും സുപ്രഭാതം ഓഫിസ് ഉദ്ഘാടനവും തങ്ങളുടെ സുകൃതം ചെയ്ത കരങ്ങളെ കൊണ്ടായിരുന്നു.
സുപ്രഭാതത്തിന്റെ ആദ്യ ഫണ്ട് ഉദ്ഘാടനം നടത്തിയതും ഹൈദരലി ശിഹാബ് തങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."