ഇന്ധന വില വര്‍ധനയെച്ചൊല്ലി പ്രതിപക്ഷ ബഹളം; പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഭാഗം പ്രക്ഷുബ്ധാന്തരീക്ഷത്തില്‍ തുടങ്ങി
ന്യൂഡല്‍ഹി: ബജറ്റ് സെഷന്റെ രണ്ടാം ഭാഗം തുടങ്ങിയത് പ്രതിപക്ഷ ബഹളത്തോടെ. ഇന്ധന വിലവര്‍ധ വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ മുദ്രാവാക്യം വിളിച്ചതോടെ രാജ്യസഭ 11 മണി വരെ നിര്‍ത്തിവച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്, പെട്രോള്‍, ഡീസല്‍, എല്‍.പി.ജി വിലവര്‍ധന, കര്‍ഷക പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങള്‍ കത്തിനില്‍ക്കെയാണ് ഇരുസഭകളും ഇന്ന് പുനരാരംഭിച്ചത്. എം.പിമാര്‍ തെരഞ്ഞെടുപ്പ് തിരക്കുകളിലായതിനാല്‍ സഭാസമ്മേളനം മാറ്റിവയ്ക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
റൂള്‍ 257 പ്രകാരം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ഇന്ധനവില വര്‍ധന ചര്‍ച്ചചെയ്യണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. 'പെട്രോളിന്റെ വില ലിറ്ററിന് 100 രൂപയ്ക്ക് അടുത്തെത്തി. ഡീസലിന്റെ വിലയും 80 കടന്നു. എല്‍.പി.ജി വിലയും കൂടി. 2014 മുതല്‍ 21 ലക്ഷം കോടി രൂപയാണ് എക്‌സൈസ് തീരുവ ഇനത്തില്‍ ശേഖരിച്ചത്. ഇതുകാരണം രാജ്യം ബുദ്ധിമുട്ടുകയാണ്'- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
എന്നാല്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ഈ ആവശ്യം നിരസിച്ചു. ബഹളം തുടര്‍ന്നതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."