'സത്യം, സമഭാവന, മനുഷ്യസ്‌നേഹം'
ആരിഫ് മുഹമ്മദ് ഖാൻ
മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷനും കേരളത്തിൽ ഏറ്റവുമധികം മഹലുകളുടെ ഖാസി സ്ഥാനം അലങ്കരിച്ച മനുഷ്യസ്‌നേഹിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം അത്യന്തം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സാമുദായിക സൗഹാർദത്തോടുള്ള അളവറ്റ പ്രതിബദ്ധതയും കേരളത്തിനകത്തും പുറത്തുമുള്ളവരുടെ ആദരത്തിന് പാത്രമായി.
പിണറായി വിജയൻ
കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഹൈദരലി തങ്ങൾ. മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. മതനേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു.
എം.ബി രാജേഷ്
കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു തങ്ങൾ. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ്.
രാഹുൽ ഗാന്ധി
ആത്മീയ നേതാവും യു.ഡി.എഫിന്റെ ശക്തമായ മതേതര ശബ്ദവുമായിരുന്നു ഹൈദരലി തങ്ങൾ . വിയോഗം തീരാനഷ്ടമാണ്.
വി.ഡി സതീശൻ
കേരളത്തെ വേദനിപ്പിക്കുന്ന വിയോഗമാണ് ഹൈദരലി ശിഹാബ് തങ്ങളുടേത്. ആത്മീയ -രാഷ്ട്രീയ നേതൃത്വത്തിന് അപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങൾ ശ്രദ്ധവച്ചു. ഉദാത്തമായ മതനിരപേക്ഷ നിലപാട് തങ്ങൾ ഉയർത്തിപ്പിടിച്ചു. വ്യക്തിപരമായി എനിക്ക് നൽകിയ സ്‌നേഹവും വാത്സല്യവും അളവില്ലാത്തതാണ്.
വി. മുരളീധരൻ
സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു ഹൈദരലി തങ്ങൾ. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാർദപരമായി ഇടപ്പെട്ടു.
പി.കെ കുഞ്ഞാലിക്കുട്ടി
ഹൈദരലി തങ്ങളുടെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണ്. ഇത് കേവലം രാഷ്ട്രീയമായ ശൂന്യത മാത്രമല്ല, മത, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളെയെല്ലാം ബാധിക്കുന്നതാണ്.
റോഷി അഗസ്റ്റിൻ
കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം. വേർപാട് മതേതര സമൂഹത്തിന് നികത്താനാകാത്ത നഷ്ടം.
ഉമ്മൻ ചാണ്ടി
നാട്യങ്ങളില്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച വ്യക്തി. യു.ഡി.എഫിന്റെ ശക്തിസ്രോതസും മാർഗദർശിയും. പൊതുസമൂഹത്തിന്റെ താൽപര്യം ഉയർത്തിപ്പിടിക്കുന്നതിൽ ഹൈദരലി തങ്ങൾ കാട്ടിയ മാതൃക കേരളത്തിന് മാർഗദീപമാണ്.
രമേശ് ചെന്നിത്തല
മതേതരകേരളത്തിന്റെ വഴിവിളക്കായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തു.
ഗുലാംനബി ആസാദ്
വിനയാന്വിതനായ വ്യക്തിത്വമായിരുന്നു തങ്ങളുടേത്. കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
എ.കെ ആന്റണി
സമുദായ സൗഹാർദം നിലനിർത്താൻ പരമാവധി ശ്രമിച്ച നേതാവ്. സമുദായ ഐക്യത്തിന്റേയും മതേതരത്വത്തിന്റെ വക്താവായിരുന്നു തങ്ങൾ.
ആന്റണി രാജു
മതേതര കേരളത്തിന്റെ ശക്തനായ വക്താവായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെ നയിക്കുമ്പോഴും മറ്റെല്ലാ രാഷ്ട്രീയ നേതാക്കളെയും സമഭാവനയോടെ ദർശിക്കാൻ അദ്ദേഹത്തിനായി.
വി.എൻ. വാസവൻ
പാണക്കാട് കുടുംബത്തിലെ മുൻഗാമികളെ പോലെ ജനങ്ങൾക്കിടയിൽ സജീവമായി നിലകൊണ്ടു. ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവിലെത്തിയപ്പോൾ സ്വീകരിച്ച നിലപാടുകൾ അവധാനതയോടെ ഉള്ളതായിരുന്നു.
ജോസ് കെ. മാണി
തങ്ങളുടെ അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ-മത-ആത്മീയ മണ്ഡലങ്ങളിൽ സൃഷ്ടിക്കുന്ന ശൂന്യത പ്രതീക്ഷകൾക്ക് അപ്പുറമായിരിക്കും.
കോടിയേരി ബാലകൃഷ്ണൻ
കേരളത്തിന്റെ പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന ഉന്നത രാഷ്ട്രീയ നേതാവ്. ആധുനിക കേരളത്തിനായുള്ള പദ്ധതികളും പരിപാടികളും മനസിലാക്കാൻ താൽപര്യമുണ്ടായിരുന്ന നേതാക്കളിൽ ഒരാളായിരുന്നു തങ്ങൾ.
മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
കേരളീയ സമൂഹത്തിന് തീരാനഷ്ടം. രാഷ്ട്രീയത്തിന്റെ പണ്ഡിത നേതൃത്വമാണ് വിടവാങ്ങിയത്.
കെ.സുരേന്ദ്രൻ
ഹൈദരലി തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണ്. സമൂഹത്തിൽ പക്വതയോടെ ഇടപെടുന്ന അദ്ദേഹത്തിന് മുഴുവൻ കേരളത്തിന്റെയും ആദരവ് ലഭിച്ചിരുന്നു.
എ.എ അസീസ്
മതസൗഹാർദ്ദം നിലനിർത്താനും അശരണരായവരെ സഹായിക്കാനും പ്രവർത്തിച്ച സാമൂഹ്യപരിഷ്‌കർത്താവായിരുന്നു.
പി.ജെ ജോസഫ്
സത്യസന്ധമായ പൊതുജീവിതത്തിന് ഉടമ. ജനനന്മ ലക്ഷ്യമിട്ട് സമൂഹത്തിനായി നീക്കിവച്ചതായിരുന്നു തങ്ങളുടെ ജീവിതം.
കെ.സി വേണുഗോപാൽ
സഹിഷ്ണുതയും സൗഹാർദവും മനുഷ്യസ്‌നേഹവും ഉയർത്തിപ്പിടിച്ച മാതൃകാപരമായ നേതാവ്. വിയോഗം സാമൂഹിക-ആത്മീയ രംഗത്ത് നികത്താനാവാത്ത ശൂന്യത സൃഷ്ടിക്കും.
എം.വി ശ്രേയാംസ്‌കുമാർ
സാമുദായികവും ആത്മീയവുമായ ഒരു നേതൃത്വം കൂടി കേരളത്തിന് നഷ്ടമായി.
തനിക്കും പിതാവ് എം.പി വീരേന്ദ്രകുമാറിനും തങ്ങളുമായി ഊഷ്മളമായ സൗഹൃദമുണ്ടായിരുന്നു.
പി.കെ.കെ ബാവ
മലയാളികൾക്കാകമാനം സ്‌നേഹവും കാരുണ്യവും നിറച്ചു നൽകിയ മഹനീയ നേതൃത്വമായിരുന്നു തങ്ങൾ.
ഡോ. എം. പി അബ്ദുസ്സമദ് സമദാനി എം.പി
രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളെ തന്റെ സാത്വികമേന്മ കൊണ്ട് പ്രശോഭിപ്പിച്ച അനന്യസാധാരണമായ വ്യക്തിത്വം. സത്കർമനിർഭരമായ ജീവിതദൗത്യം കൊണ്ട് സമൂഹത്തിന്റെ ധർമബോധത്തെ ഭദ്രമാക്കുകയും വ്യക്തികളുടെ ആത്മീയസത്തയെ അഗാധമാക്കുകയും ചെയ്ത മഹാത്മാവായിരുന്നു തങ്ങൾ.
കാന്തപുരം
എ.പി അബൂബക്കർ
മുസ്‌ലിയാർ
രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക രംഗത്ത് ഏറെ ആദരണീയ നേതാവ്. സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് സജീവമായി പ്രവർത്തിച്ചു. അഞ്ച് പതിറ്റാണ്ടോളം നീണ്ട ബന്ധമുണ്ട് തങ്ങളുമായി.
ഡോ.കെ.കെ.എൻ കുറുപ്പ്
ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും പ്രതീകം. അറബിഭാഷയുടെയും ഇസ്‌ലാം മതത്തിന്റെയും പ്രചാരണത്തിൽ അദ്ദേഹം വഹിച്ച പങ്കാളിത്തം ശ്രദ്ധേയമാണ്.
എം.ഐ അബ്ദുൽ അസീസ്
എല്ലാ വിഭാഗം ജനങ്ങളെയും അതിയായി സ്‌നേഹിച്ച നേതാവ്. ദീർഘവീക്ഷണവും സൗമ്യതയുമുള്ള നേതാവായിരുന്നു തങ്ങൾ.
ജമാഅത്ത് ഫെഡറേഷൻ
സമാനതകളില്ലാത്ത സ്വഭാവവൈശിഷ്ട്യങ്ങളുടെയും നേതൃപാടവത്തിന്റെയും ഉടമയായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മരണം കേരളീയ പൊതുസമൂഹത്തിന് തീരാനഷ്ടമാണ്.
ദാരിമീസ്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് തീരാനഷ്ടമെന്ന് ദാരിമീസ് സെൻട്രൽ കൗൺസിൽ.
മതപ്രബോധന മേഖലയിൽ നിർദേശങ്ങൾ നൽകാനും പക്വതയോടെ സമുദായത്തെ നയിക്കാനും തങ്ങളുടെ സാന്നിധ്യം വലിയ മുതൽക്കൂട്ടായിരുന്നുവെന്നും ദാരിമീസ് ഭാരവാഹികളായ അബ്ദുൽഗഫൂർ ദാരിമി മുണ്ടക്കുളം, കെ.സി അബൂബക്കർ ദാരിമി, കെ.കെ മുഹമ്മദ് ദാരിമി കണ്ണൂർ, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, ആസിഫ് ദാരിമി പുളിക്കൽ എന്നിവർ പറഞ്ഞു.
സ്വാമി ഗുരുരത്‌നം
ജ്ഞാനതപസ്വി
സ്വന്തം ജീവിതം സാധാരണക്കാരുടേയും അവശതയനുഭവിക്കുന്നവരുടെയും ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച വ്യക്തി. മതത്തിനതീതമായി മനുഷ്യരെ കാണുകയും സഹായിക്കുകയും ചെയ്ത വിശിഷ്ട വ്യക്തിത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."