മോദിക്കും മാവോയ്ക്കും ഇടയിലെ സമാനതകള്‍
മാവോയുടെ കീഴില്‍ എങ്ങനെയായിരുന്നു കമ്മ്യൂണിസ്റ്റ് ചൈന, അതുതന്നെയാണ് മോദിയുടെ കീഴില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും ആഗ്രഹിക്കുന്നത്. ബ്രിട്ടീഷ് ഫെമിനിസ്റ്റും മികച്ച വിദ്യാഭ്യാസ വിചക്ഷണയുമായ ഡോറ റസ്സലിന്റെ ഓര്‍മകള്‍ വായിക്കുകയായിരുന്നു ഞാന്‍. മൂന്ന് വാള്യങ്ങളായിട്ടാണ് ഡോറ റസ്സലിന്റെ ആത്മകഥ പസിദ്ധീകരിച്ചിട്ടുള്ളത്. അതില്‍ ഒന്നാം വാള്യമാണ് ഇപ്പോള്‍ വായിച്ചുകഴിഞ്ഞത്. എഡ്വേര്‍ഡിന്റെ കാലത്തെ ഇംഗ്ലണ്ടിലെ തന്റെ കുട്ടിക്കാലം, കേംബ്രിഡ്ജിലെ പഠനകാലം, ലിംഗസമത്വത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിന്റെ വികാസം, പരീക്ഷണാടിസ്ഥാനത്തില്‍ അവര്‍ പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനം, സമര്‍ഥനായ വിവാദ തത്വജ്ഞാനി ബ്രെട്രന്റ് റസ്സലുമായുള്ള ദാമ്പത്യം എന്നിവയെക്കുറിച്ചാണ് ആദ്യ വാള്യത്തില്‍ അവര്‍ പരാമര്‍ശിക്കുന്നത്.
അവരുടെ തലമുറയില്‍പ്പെട്ട മറ്റുള്ളവരെ പോലെ തന്നെ ബോള്‍ഷെവിക് വിപ്ലവത്തില്‍ അഗാധമായി സ്വാധീനിക്കപ്പെട്ടവളാണ് ഡോറ റസ്സല്‍. അവരുടെ ഇരുപതുകളിലാണ് റഷ്യയില്‍ ബോള്‍ഷെവിക് വിപ്ലവം നടക്കുന്നത്. വിപ്ലവം പൊട്ടിപ്പുറപ്പെട്ട് അധികം കഴിയുന്നതിനു മുന്‍പുതന്നെ അവര്‍ വിപ്ലവത്തിന്റെ ആഘാതം എത്രയുണ്ടെന്ന് പഠിക്കുന്നതിനായി റഷ്യ മുഴുവന്‍ സഞ്ചരിച്ചു. 1918-1919 കാലത്ത് അത്യുത്സാഹികളായ ബോള്‍ഷെവിക്കുകളോട് സംസാരിച്ച ഡോറ അവരെ മധ്യകാല ക്രിസ്ത്യന്‍ വൈദികരോടാണ് ഉപമിച്ചത്. കാരണം തങ്ങള്‍ക്കായി ദൈവം കരുതിയിട്ടുള്ള പരിപൂര്‍ണമായ ഒരു രാജ്യം വരുമെന്ന് വിശ്വസിക്കുന്നവരായിരുന്നു അക്കാലത്തെ വൈദികര്‍. അതു തന്നെയായിരുന്നു ബോള്‍ഷെവിക്കുകളുടെയും സ്വപ്നം.
മറ്റു മതസ്ഥരായ മനോരാജ്യക്കാരെ പോലെ റഷ്യയിലെ ഈ മനുഷ്യരും പ്രപഞ്ചത്തിന്റെ മഹാനായ ഘടികാര നിര്‍മാതാവിനെ, പ്രപഞ്ച സ്രഷ്ടാവിനെ അനുകരിക്കുകയാണ്. എങ്ങനെയാണോ ദൈവം എല്ലാ ഗ്രഹങ്ങളെയും നിരന്തരം ചലിപ്പിക്കുന്നത്, അതേപോലെ വ്യാവസായിക രീതികളിലൂടെ പുതിയൊരു സമൂഹത്തിന്റെ നിര്‍മിതി നടത്തുകയാണെന്ന് അവര്‍ സ്വയം വിശ്വസിക്കുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നല്ലൊരു സമൂഹത്തിന്റെ നിര്‍മിതിക്കായി അവര്‍ ഒന്നിച്ചു പണിയെടുക്കുന്നു. ഒരിക്കല്‍ ഈ ചലനം സുനിശ്ചിതമായാല്‍ യുക്തിസഹമായ ഈ പുതിയ സമൂഹികവ്യവസ്ഥ അതിന്റെ ഗതി കണ്ടെത്തുകയും പൂര്‍ണതയില്‍ എത്തുകയും ചെയ്യും.
ഡോറ റസ്സലിന്റെ റഷ്യയെക്കുറിച്ചുള്ള സംഭാഷണങ്ങളില്‍, അവര്‍ ഒരേസമയം പ്രചോദിതയാവുകയും എന്നാല്‍ ബോള്‍ഷെവിക്കുകളുടെ തീവ്രമായ സൈദ്ധാന്തീകരണം കണ്ട് ഭയചകിതയാവുകയും ചെയ്യുന്നുണ്ട്. അന്നവര്‍ എഴുതി; 'ഭാവിയില്‍ ഒരു കമ്മ്യൂണിസ്റ്റ് രാജ്യം കെട്ടിപ്പടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാഠങ്ങള്‍ അനിവാര്യമാണെങ്കിലും അതിന്റെ പ്രയോഗവല്‍ക്കരണം വലിയൊരു ആപത്തായിട്ടാണ് അവര്‍ കണ്ടത്. കാരണം അവ പ്രാവര്‍ത്തികമാക്കിയിരുന്നത് വൈകാരികമായും ഉന്മത്തതയോടും കൂടിയായിരുന്നു. തീര്‍ത്തും വിവേകശൂന്യമായി രണോത്സുക ഉത്സാഹത്തോടെ വെറുപ്പിനുള്ള ആഹ്വാനം നല്‍കുകയായിരുന്നു അവരുടെ അണികള്‍. അതു ബുദ്ധിയെ ഹനിക്കുകയും സംരംഭങ്ങളെ തകര്‍ക്കുകയും ചെയ്യും'.
അക്രമം അക്രമത്തെ
സൃഷ്ടിക്കുന്നു
ഡോറ റസ്സലിനു ശേഷം ഒരു ദശാബ്ദം കഴിഞ്ഞ് കവി രവീന്ദ്രനാഥ ടാഗോര്‍ സോവിയറ്റ് റഷ്യ സന്ദര്‍ശിച്ചു. രണ്ടാഴ്ച അവിടെ തങ്ങി. സ്‌കൂളുകളും ഫാക്ടറികളും സന്ദര്‍ശിച്ചു. നിരവധി ജനങ്ങളോട് സംസാരിച്ചു. റഷ്യയില്‍നിന്നു മടങ്ങുന്നതിനു തൊട്ടുമുന്‍പ് അദ്ദേഹം പാര്‍ട്ടി പത്രമായ ഈസ്‌വേസ്റ്റ്യക്ക് അഭിമുഖം നല്‍കി. അതില്‍ സാധാരണ ജനങ്ങളിലേക്ക് വിദ്യാഭ്യാസം വ്യാപിപ്പിക്കാനുള്ള സോവിയറ്റുകളുടെ അനിതര സാധാരണമായ തീവ്രതയെ പ്രകീര്‍ത്തിച്ചുകൊണ്ട് ടാഗോര്‍ ചോദിക്കുന്നുണ്ട്. 'ഞാനൊന്നു ചോദിക്കട്ടെ, നിങ്ങളുടെ കീഴിലുള്ള കുരുന്നു മനസുകളെ നിങ്ങള്‍ എന്താണ് പഠിപ്പിക്കുന്നത്. നിങ്ങളുടെ മാതൃകാ സേവനം എന്നു പറയുന്നത്, നിങ്ങളുടെ രാഷ്ട്രീയം പിന്തുടരാത്ത, നിങ്ങള്‍ ശത്രുക്കളെന്നു കരുതുന്നവര്‍ക്കെതിരേ കോപവും വര്‍ഗവെറിയും പ്രതികാരവും വളര്‍ത്തിയെടുക്കലാണോ? ശരിയാണ്, പ്രതിസന്ധികള്‍ക്കെതിരേ പടവെട്ടേണ്ടതുണ്ട്. അറിവില്ലായ്മയെ തരണം ചെയ്യേണ്ടതുണ്ട്. സഹാനുഭൂതിയില്ലായ്മയെ മറികടക്കേണ്ടതുണ്ട്. പകയെ നിരന്തരം ജയിക്കേണ്ടതുണ്ട്. പക്ഷേ, നിങ്ങളുടെ ദൗത്യം ഈ രാജ്യത്തിനകത്തു മാത്രമോ നിങ്ങളുടെ പാര്‍ട്ടിക്കകത്തോ ഒതുങ്ങുന്നതല്ല. നിങ്ങള്‍ക്കു കിട്ടിയ വെളിച്ചമനുസരിച്ച് അത് ലോകനന്മയ്ക്കു വേണ്ടിയിട്ടുള്ളതാണ്. അപ്പോള്‍പിന്നെ നിങ്ങളുടെ രാഷ്ടീയം പിന്തുടരാത്തവര്‍ മനുഷ്യര്‍ അല്ലെന്നുണ്ടോ?'
ടാഗോറിന്റെ അഭിപ്രായത്തില്‍ പക്വമായ ഒരു രാഷ്ട്രീയസംവിധാനം അഭിപ്രായ വ്യത്യാസങ്ങളെ മാനിക്കുന്നതാണ്. നിര്‍ഭയമായി ചിന്തിക്കാന്‍ പറ്റുന്നയിടമാണ്. അല്ലാതെ അഭിപ്രായങ്ങളും ചിന്തകളും യാന്ത്രികമായി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ലോകം തീര്‍ത്തും അപ്രസക്തവും ശൂന്യവുമാണ്. നിങ്ങളുടെ ദൗത്യത്തില്‍ എല്ലാ മനുഷ്യരും മനുഷ്യത്വവും ഉള്‍പ്പെടുന്നുവെങ്കില്‍ നിങ്ങള്‍ അഭിപ്രായവ്യത്യാസങ്ങളെ സ്വീകരിക്കാന്‍ തയാറാകണം. അഭിപ്രായങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കും. ധിഷണാപരമായ ശക്തികളുടെയും ധാര്‍മികമൂല്യങ്ങളുടെയും നിരന്തരവും സുഗമമായ സഞ്ചാരവുമുണ്ടായാല്‍ മാത്രമേ ചിന്തകളിലും മാറ്റമുണ്ടാവൂ. അക്രമം അക്രമത്തെയുണ്ടാക്കുന്നു, അന്ധമായ വിഡ്ഢിത്തത്തെയും. സത്യത്തെ സ്വീകരിക്കാന്‍ അഭിപ്രായ സ്വാതന്ത്ര്യം അനിവാര്യമാണ്. ഭയവും ഭീകരതയുമൊക്കെ സത്യത്തെ ഹതാശമായി കൊന്നൊടുക്കുന്നു.
ടാഗോറിന്റെ റഷ്യന്‍ യാത്രയുടെ വിവരണങ്ങള്‍ അടങ്ങിയ ഒരു പുസ്തകം അതേവര്‍ഷം വിശ്വഭാരതി പുറത്തിറക്കി. ടാഗോറിന്റെ യാത്രകളില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്ന പ്രശസ്ത സാമ്പത്തിക വിദഗ്ധനായ പി.സി മഹലനോബിസ്സാണ് യാത്രാവിവരങ്ങള്‍ ക്രോഡീകരിച്ചത്. കമ്മ്യൂണിസ്റ്റ് റഷ്യയുടെ മുഖപത്രമായ ഈസ്‌വേസ്റ്റ്യയില്‍ ടാഗോറിന്റെ കമ്മ്യൂണിസ്റ്റ് വിമര്‍ശനം അതേപടി അച്ചടിച്ചുവരാന്‍ യാതൊരു സാധ്യതയുമില്ല. പാര്‍ട്ടിപത്രമെന്ന നിലയില്‍ സോവിയറ്റ് റഷ്യയെക്കുറിച്ച് യാതൊരു എതിരഭിപ്രായവും അവര്‍ അച്ചടിക്കില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എന്നത്തെയും സ്വഭാവവൈശിഷ്ട്യമായ പ്രതികാര ദാഹത്തെക്കുറിച്ചുള്ള ടാഗോറിന്റെ അഭിപ്രായം അറിയാനിടയായത് മഹലനോബിസ്സിന്റെ ഭാവിതലമുറകളുടെ ഭാഗ്യമാണ്.
ഒരു തവണ കൂടി ഡോറ റസ്സലിന്റെ അടുത്തേക്ക് തിരികെയെത്താം. റഷ്യന്‍ സന്ദര്‍ശനത്തിനു രണ്ടു വര്‍ഷം ശേഷം ഡോറ റസ്സല്‍ ചൈന സന്ദര്‍ശിച്ചു. അന്നവിടെ കമ്മ്യൂണിസത്തിനു ചിറക് മുളച്ചു വരുന്നതേയുള്ളൂ. റഷ്യക്കാരേക്കാള്‍ മുന്തിയ സൈദ്ധാന്തികത്തവും ഉത്സാഹവുമായിരുന്നു ചൈനീസ് സഖാക്കള്‍ക്ക്. 1921 ജനുവരിയില്‍ ബീജിങ്ങില്‍നിന്ന് ഡോറ റസ്സല്‍ തന്റെ സുഹൃത്തിനു കത്തെഴുതി. ഉടന്‍തന്നെ കമ്മ്യൂണിസത്തിന്റെ ആധിപത്യം ഉണ്ടാവുമെന്നാണ് ചൈനയിലെ ഓരോരുത്തരും വിശ്വസിക്കുന്നത്. റഷ്യയിലായാലും ചൈനയിലായാലും അതൊരു മതമായി മാറിക്കൊണ്ടിരിക്കുന്നു. ഒരു രാജ്യത്തിന്റെ വികസനത്തില്‍ ഒരു മതം എന്ന നിലയില്‍ അതിന്റേതായ നേട്ടങ്ങളുണ്ടാകാം. ജനങ്ങളെ ഒന്നിച്ചുനിര്‍ത്താനും കൂട്ടം എന്ന അനുഭവമുണ്ടാക്കാനും മതത്തെ കൊണ്ടാവും. കേവലം സിദ്ധാന്തത്തിലധിഷ്ഠിതമായ ദുര്‍ഭരണം തടിച്ചുകൊഴുത്ത മുതലാളിത്തത്തേക്കാള്‍ ഭയാനകമായിരിക്കുമെന്ന് അതേ കത്തില്‍ ഡോറ ചൂണ്ടിക്കാട്ടുന്നു. ഇവിടുത്തെ ആളുകള്‍ക്കുള്ള സൈദ്ധാന്തികമായ അറിവില്ലായ്മയെക്കുറിച്ചോര്‍ത്തും അവര്‍ സയന്‍സിനെക്കുറിച്ച് അഭിമാനത്തോടെ വാതോരാതെ സംസാരിക്കുന്നതും കാണുമ്പോള്‍ തീര്‍ത്തും വട്ടായിപ്പോവുകയാണ്.
ഇനി നമ്മുടെ സമകാലീന ഇന്ത്യയുടെ ചരിത്രം പരിശോധിക്കാം. തീവ്ര ഇടതിന്റേതായ പല കാര്യങ്ങളും തീവ്ര വലതുപക്ഷത്തിന്റെതും കൂടിയാണ്. അവര്‍ വിശ്വസിക്കുന്നത് കര്‍മം മാര്‍ഗത്തെ സാധൂകരിക്കുന്നുവെന്നാണ്. അധികാരത്തിലുള്ള രാഷ്ട്രീയകക്ഷി ഉദ്യോഗസ്ഥ വൃന്ദത്തെയും നീതിന്യായ വ്യവസ്ഥയെയും നിയന്ത്രിക്കണമെന്നാണ്. അതായാത്, ഭരണകക്ഷി തീരുമാനിക്കും ഏത് നോവല്‍ എഴുതണം, ഏത് പാട്ട് പാടണം, ഏത് മുദ്രാവാക്യം വിളിക്കണം, ഏതൊക്കെ നിരോധിക്കണം എന്നൊക്കെ. തീവ്ര വലതുപക്ഷവും ഇതുതന്നെയാണ് വിശ്വസിക്കുന്നത്. ശരിയായ വീക്ഷണത്തെ വിട്ട് സ്വന്തമായ വിശ്വാസത്തിന്റെ ഗൂഢവും യുക്തിരഹിതവുമായ കാര്യങ്ങളാണ് അവരെ നയിക്കുന്നത്.
തീവ്ര ഇടതിന്റെയും തീവ്ര വലതിന്റെയും സ്വേച്ഛാധിപത്യത്തിലുള്ള ഈ സാമ്യത ഫ്രഞ്ച് ചരിത്രകാരനായ ഫ്രാന്‍സ്വ ഫുരേ തന്റെ പ്രശസ്തമായ 'പാസിങ് ഓഫ് ആന്‍ ഇലൂഷന്‍' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. 'സോവിയറ്റ് ജനതയുണ്ട് എന്നു പറയുന്നതു പോലെത്തന്നെ ദേശീയ സ്ഥിതിസമത്വ വാദികളും ഉണ്ടാവും. അതിനുപുറത്തുള്ള എല്ലാവരും അവര്‍ക്ക് സാമൂഹികവിരുദ്ധരാണ്. ഐക്യം നിരന്തരം ആഘോഷിക്കപ്പെടുകയും പൊതുയിടങ്ങളില്‍ വച്ച് അത് ഊട്ടിയുറപ്പിക്കുകയും ചെയ്യപ്പെടുന്നു. എല്ലാം ചെയ്യുന്നത് സൈദ്ധാന്തികമായിട്ടായിരിക്കും. സര്‍വാധികാരമുള്ള ഒരു തലവനാണ് എല്ലാത്തിന്റെയും അധിപന്‍. ഉദാഹരണത്തിന് 'ഫിറോര്‍'.
അതുകൊണ്ടു തന്നെ ജനങ്ങള്‍ തുടര്‍ച്ചയായി നിര്‍ബന്ധമായും പാര്‍ട്ടിസ്റ്റേറ്റിനോട് ആശയവിനിമയം നടത്താന്‍ വിധിക്കപ്പെട്ടിരിക്കുന്നു. അതിനപ്പുറത്തേക്കുള്ള എന്തും ജനത്തിന്റെ ശത്രുക്കള്‍ മാത്രമാണ്. ഉദാഹരണത്തിന്, ലെനിന്റെ ജനതയ്ക്ക് അതു ബൂര്‍ഷ്വാസികളാണെങ്കില്‍ ഹിറ്റ്‌ലറിനത് ജൂതന്‍മാര്‍ എന്നതുപോലെ. സ്റ്റേറ്റിനെതിരേ ഒരു ഗൂഢാലോചനാകഥ നിരന്തരം പുകഞ്ഞുകൊണ്ടിരിക്കുന്നു എന്നൊരു പ്രതീതിയുണ്ടാക്കും. എങ്കില്‍ മാത്രമേ ജനം നിരന്തരം ജഗ്രതയുള്ളവരായിരിക്കുകയുള്ളൂ. ഭരണവ്യവസ്ഥ യാതൊരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ടുപോവുകയുള്ളൂ.
കമ്മ്യൂണിസം പോലെത്തന്നെ ഫാസിസവും ഒരു രാഷ്ട്രീയലക്ഷ്യമായി മുന്നോട്ടുവന്നാല്‍ ഏറ്റവും അക്രമാസക്തവും നീതികെട്ടതുമായ മാര്‍ഗങ്ങളെല്ലാം തന്നെ ജനങ്ങള്‍ക്ക് സ്വീകാര്യമായിത്തീരുമെന്നാണ് ഫുറേ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. അതായത്, ഹിറ്റ്‌ലറിനും ലെനിനും വേണ്ടി നിങ്ങള്‍ നിങ്ങളുടെ സഹജീവികളെ യുദ്ധത്തിലെ ശത്രുക്കള്‍ കണക്കെ കൊന്നുകളയുമെന്ന് സാരം. അവര്‍ക്കാവശ്യം നിങ്ങള്‍ തെറ്റായ ഒരു വര്‍ഗത്തിലോ, എതിര്‍പാര്‍ട്ടിയിലോ ഉള്ളവരായാല്‍ മതി. യഥാര്‍ഥ നിയമം എന്നത് വെറുമൊരു നുണയായും യാഥാര്‍ഥ്യം എന്നത് അധികാരവും ഭയവുമായും പരിവര്‍ത്തനം ചെയ്യപ്പെടും.
ലെനിനും ഹിറ്റ്‌ലറും
ഫുറേയുടെ പുസ്തകം കൈകാര്യം ചെയ്യുന്നത് പരസ്പരം യുദ്ധംചെയ്യുന്ന യൂറോപ്പിനെക്കുറിച്ചാണ്. അതുകൊണ്ടാണ് ലെനിനെയും ഹിറ്റ്‌ലറെയും പരസ്പരം താരതമ്യം ചെയ്യുന്നത്. യുദ്ധാനന്തര ഏഷ്യയുടെ ചരിത്രം എഴുതാന്‍ പോകുന്ന ഭാവിചരിത്രകാരന് ഒരുപക്ഷേ ചൈനയിലെ കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയും ഇന്ത്യയിലെ ഹിന്ദുത്വ ഏകാധിപത്യത്തിന്റെ സമാനതകളെക്കുറിച്ചും പഠിക്കാവുന്നതാണ്. പ്രത്യേകിച്ചും മാവോ സെ തുങ്ങിനെയും മോദിയെയും തമ്മില്‍ ബന്ധിപ്പിച്ചു സമഗ്രമായി തന്നെ പഠിക്കാം. തീര്‍ച്ചയായും ഫുറേ ഒരിക്കലും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല. ഇന്ത്യന്‍ ചരിത്രം വായിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത്രതന്നെ വായിച്ചിരിക്കാനും സാധ്യതയില്ല. എന്നാല്‍ ഞാന്‍ എഴുതിയ ഖണ്ഡിക നിലവിലെ ഇന്ത്യയുടെ സ്ഥിതിയനുസരിച്ച് ഭയാനകമായ ഒരു മുന്നറിയിപ്പാണ്.
മാവോയുടെ കീഴിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ചൈനയെപ്പോലെ നരേന്ദ്ര മോദിയുടെ കീഴിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയെ ഒരു പാര്‍ട്ടി രാജ്യമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നത്. അതിനായി അവര്‍ അവധാനതയോടെ 'മികച്ച, കുറ്റമറ്റൊരു' നേതാവിനെ നിര്‍മിച്ചെടുത്തിട്ടുണ്ട്. പ്രതിപക്ഷത്തെ ദേശദ്രോഹികളായി നിരന്തരം ഭീകരവല്‍ക്കരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുക, പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചനകള്‍ നടക്കുന്നതായി പറഞ്ഞുപരത്തുക, എങ്ങനെയാണോ കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഹാന്‍ വംശജരെ ഭീകരരെന്നു മുദ്രകുത്തിയത് അതുപോലെ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഭീകരരാണ് എന്നു വരുത്തിത്തീര്‍ക്കുക എന്നിവയാണ് സംഘ്പരിവാര്‍ ഇപ്പോള്‍ ചെയ്യുന്നത്.
പരസ്പരം പറയാന്‍ ധൈര്യപ്പെടില്ലെങ്കിലും തീവ്ര വലതും ഇടതും തമ്മില്‍ വളരെയധികം കാര്യങ്ങളില്‍ സമാനതയുണ്ട്. ഡോറ റസ്സലിന്റെ വാക്കുകള്‍ കടമെടുത്താല്‍, 'ഭാവിയില്‍ ഒരു കമ്മ്യൂണിസ്റ്റ് രാജ്യം കെട്ടിപ്പടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാഠങ്ങള്‍ അനിവാര്യമാണെങ്കിലും അതിന്റെ പ്രയോഗവല്‍ക്കരണം വലിയൊരു ആപത്തായിട്ടാണ് കാണുന്നത്. കാരണം അവരത് പ്രാവര്‍ത്തികമാക്കുന്നത് വൈകാരികമായും ഉന്മത്തതയോടും കൂടിയായിരുന്നു. തീര്‍ത്തും വിവേകശൂന്യമായി രണോത്സുക ഉത്സാഹത്തോടെ വെറുപ്പിനുള്ള ആഹ്വാനം നല്‍കുകയാണ് അവരുടെ അണികള്‍. അത് ബുദ്ധിയെ ഹനിക്കുകയും സംരംഭങ്ങളെ തകര്‍ക്കുകയും ചെയ്യും'. ഇന്ത്യയിലേക്ക് വന്നാല്‍ കമ്മ്യൂണിസം എന്നത് ഹിന്ദുത്വ എന്നാക്കിയാല്‍ മതി. അതാണ് സംഘ്പരിവാരവും ബി.ജെ.പിയും എല്ലാം ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."