ശിരോവസ്ത്ര വിലക്ക് വിധിക്കെതിരേ വ്യാപക പ്രതിഷേധം ; നിരാശപ്പെടുത്തുന്നതെന്ന് മെഹ്ബൂബ മുഫ്തി
ചെന്നൈ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥിനികൾ ശിരോവസ്ത്രമണിയുന്നത് വിലക്കുന്ന കർണാടക ഹൈക്കോടതി വിധിക്കെതിരേ രാജ്യത്ത് വ്യാപക പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സ്‌കൂളുകളിലും കോളജുകളിലും ശിരോവസ്ത്രം ധരിച്ചാണ് തമിഴ്‌നാട്ടിലെ വിദ്യാർഥികൾ പ്രതിഷേധിച്ചത്. ചെന്നൈയിലെ ന്യൂ കോളജ് വിദ്യാർഥികൾ 'ഞങ്ങൾ ഹിജാബിനെ പിന്തുണയ്ക്കുന്നു, സാംസ്‌കാരിക വംശഹത്യക്കെതിരായ പോരാട്ടം' എന്നിങ്ങനെ എഴുതിയ പ്ലാക്കാർഡുകളുമായാണ് പ്രതിഷേധിച്ചത്. വിധിയെ ബി.ജെ.പി സ്വാഗതം ചെയ്തപ്പോൾ നിരാശപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു. കോടതിവിധി അത്യന്തം നിരാശപ്പെടുത്തുന്നതാണെന്ന് ജമ്മുകശ്മിരിലെ പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു. ഒരുഭാഗത്ത് വനിതകളെ ശാക്തീകരിക്കുന്നതിനെ കുറിച്ച് നാം സംസാരിക്കുമ്പോൾ തന്നെ മറുഭാഗത്ത് അവർക്ക് ലളിതമായ തെരഞ്ഞെടുപ്പ് നടത്താനുള്ള അവകാശം പോലും നിഷേധിക്കുന്നു. ഇത് മതപരമായ ഒരു വിഷയം മാത്രമല്ല, തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കൽ കൂടിയാണെന്നും അവർ ചൂണ്ടിക്കാട്ടി. വിധി നിരാശപ്പെടുത്തുന്നതാണെന്ന് മുൻ ജമ്മുകശ്മിർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. ഒരാൾ ഹിജാബണിഞ്ഞാൽ എന്താണ് പ്രശ്‌നമെന്നു ചോദിച്ച എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി മുസ്‌ലിം വനിതകളിൽ കോടതിവിധി ക്രിയാത്മകമല്ലാത്ത ഫലമുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."