സൗഹൃദമത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, വി.പി സുഹൈർ ടീമിൽ
മുംബൈ
ബെലാറസ്, ബഹ്റൈൻ എന്നിവർക്കെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഇരുപത്തിയഞ്ചംഗ ടീമിനെ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്ക് പ്രഖ്യാപിച്ചു. ഏഴു പുതുമുഖ താരങ്ങൾക്ക് അവസരം കൊടുത്ത ടീമിൽ നിന്നും പരുക്കേറ്റ സഹൽ അബ്ദുൽ സമദ് പുറത്തായി.
എന്നാൽ മറ്റൊരു മലയാളിയും നോർത്ത് ഈസ്റ്റ് താരവുമായ വി.പി സുഹൈറിന് ടീമിലിടം ലഭിച്ചു. മാർച്ച് 23, 26 തീയതികളിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ പ്രഭ്സുഖാൻ ഗിൽ, ഹോർമിപാം റൂയ്വാ, ബംഗളൂരുവിന്റെ റോഷൻ സിങ്, ഡാനിഷ് ഫാറൂഖ്, ഹൈദരാബാദ് എഫ്.സിയുടെ അനികേത് ജാദവ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വിപി സുഹൈർ, എഫ്സി ഗോവയുടെ അൻവർ അലി എന്നിവരാണ് ടീമിലിടം നേടിയ പുതിയ താരങ്ങൾ.സാഫ് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത സുരേഷ് സിങ്, ഫാറൂഖ് ചൗധരി എന്നിവർക്കു പുറമെ സഹൽ, ഛേത്രി എന്നിവരും പരുക്കു കാരണം ഇന്ത്യൻ ടീമിന് പുറത്തായപ്പോൾ സാഫ് ചാംപ്യൻഷിപ്പിന് ഇല്ലാതിരുന്ന സന്ദേശ് ജിങ്കൻ ടീമിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. സീനിയർ താരങ്ങളായ ഗുർപ്രീത് സിങ്, പ്രീതം കോട്ടൽഎന്നിവരും സ്ഥിരം സാന്നിധ്യങ്ങളായ ലിസ്റ്റൻ കൊളാസോ, ബിപിൻ സിങ് എന്നിവരും ടീമിനൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."