സഊദി അഭിഭാഷക ഐക്യരാഷ്ട്രസഭയില്‍ ഉന്നത പദവിയില്‍; പൊളിറ്റിക്കല്‍ അഫയേഴ്‌സ് ഓഫിസറാവുന്ന ആദ്യ വനിത
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ എക്‌സിക്യൂട്ടീവ് ഓഫിസില്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സ് ഓഫിസറായി സഊദി അറേബ്യന്‍ അഭിഭാഷക ജൂദ് അല്‍ ഹാര്‍ത്തി നിയമിതയായി. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി യു.എന്നില്‍ ജോലി ചെയ്തുവരുന്ന അല്‍ ഹാര്‍ത്തി ഒരു വര്‍ഷത്തോളം സെക്രട്ടറി ജനറലിന്റെ റൂള്‍ ഓഫ് ലോ യൂണിറ്റില്‍ പ്രവര്‍ത്തിച്ചു. നേരത്തെ, പൊളിറ്റിക്കല്‍ ആന്‍ഡ് പീസ് ബില്‍ഡിങ് അഫയേഴ്‌സ് വകുപ്പിലും മധ്യേഷ്യ, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ യു.എന്‍ സെക്രട്ടറി ജനറലിന്റെ പീസ് ബില്‍ഡിങ് ഫണ്ട് വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പീസ് ആന്റ് സെക്യൂരിറ്റി പില്ലര്‍ ആന്റി റേസിസം ആക്ഷന്‍ ഗ്രൂപ്പിന്റെ സഹ ചെയര്‍പേഴ്‌സണായും സേവനമനുഷ്ടിച്ചിരുന്നു.
2015ല്‍ വെയില്‍സിലെ സ്വാന്‍സീ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയ അവര്‍ ലണ്ടനിലെ എസ്.ഒ.എ.എസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. യു.എന്നില്‍ എത്തുന്നതിനു മുമ്പ് ലണ്ടനിലും ദുബൈയിലും അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിരുന്നു. യു.എന്നിലെ പുതിയ പദവി പ്രകാരം സമാധാനം, കാലാവസ്ഥ, സ്ത്രീകളുടെയും യുവജനങ്ങളുടെയും ശാക്തീകരണം, സംഘര്‍ഷം, ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് എന്നീ മേഖലകളിലായിരിക്കും അവര്‍ പ്രവര്‍ത്തിക്കുക..
വിദേശത്ത് സുപ്രധാന റോളുകള്‍ ഏറ്റെടുക്കുന്ന സഊദി വനിതാ നയതന്ത്രജ്ഞരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും സ്ത്രീ ശാക്തീകരണത്തിന്റെയും അവരുടെ കഴിവുകളിലെ ആത്മവിശ്വാസത്തിന്റെയും വിപുലീകരണമാണ് ജൂദ് അല്‍ ഹാര്‍ത്തിയുടെ നിയമനമെന്നും സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ അഞ്ച് സഊദി വനിതകള്‍ അംബാസഡര്‍മാരായി വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. 2019ല്‍ അമേരിക്കയിലെ സഊദി അംബാസഡറായി റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി നിയമിതയായിരുന്നു. സൗദിയുടെ ആദ്യത്തെ വനിതാ അംബാസഡറായ ഇവര്‍ 1983 മുതല്‍ 2005 വരെ അമേരിക്കന്‍ അംബാസഡറായ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."