സഊദിയിലെ എണ്ണ, വൈദ്യുത, ജല കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം, അരാംകൊ എണ്ണ കേന്ദ്രത്തിനു തീപിടിച്ചു
റിയാദ്: സഊദിയിലേക്ക് വീണ്ടും ഹൂതികളുടെ കൂട്ട ഡ്രോൺ ആക്രമണം. ദക്ഷിണ, മധ്യ, കിഴക്കന്‍ സഊദിയിലെ ഊര്‍ജ വ്യവസായ കേന്ദ്രങ്ങളും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നത്. ഹൂത്തികള്‍ തൊടുത്ത ഒമ്പതു ഡ്രോണുകൾ തകർത്തതായി അറബ് സഖ്യ സേന അറിയിച്ചു. ഹൂത്തികളുടെ ആക്രമണത്തെ തുടർന്ന് ജിദ്ദയിലെ അരാംകോ വിതരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി.
ഡിസ്ട്രിബ്യൂഷൻ സ്റ്റേഷനിലെ ടാങ്കുകളിലൊന്നിലാണ് തീപിടുത്തം ഉണ്ടായതെന്നും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അറബ് സഖ്യ സേന അറിയിച്ചു. ജിദ്ദയിൽ ഫോർമുല വൺ റേസ് ഇന്ന് ആരംഭിച്ചിരിക്കേയാണ് ആക്രമണം നടന്നത് എന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ദിവസങ്ങൾക്കകം യമൻ സമാധാന ചർച്ചകളും ആരംഭിക്കാനിരിക്കെയാണ് ആക്രമണം.
ആക്രമണത്തിൽ ജിസാനിലെ സ്വാംത വൈദ്യുതി വിതരണ സ്റ്റേഷന് തീപിടിച്ചു. നാഷണൽ വാട്ടർ കമ്പനിയുടെ ദഹ്റാൻ അൽ ജനൂബിലെ സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. അതേസമയം, ആക്രമണത്തിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും സിവിലിയൻ വീടുകളും വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തെ വിവിധ ലക്ഷ്യസ്ഥാനങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്കകമാണ് ജിദ്ദയിൽ വീണ്ടും ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് ടാങ്കർ കത്തുന്നതിന്റെയും പുകപടലങ്ങൾ ആകാശത്തേക്കുയരുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.
അൽ-ഷഖീഖിലെ ജലശുദ്ധീകരണ പ്ലാന്റ്, ജസാനിൽ എണ്ണക്കമ്പനിയായ സഊദി അരാംകോ സ്ഥാപനം, ദഹ്‌റാൻ അൽ-ജനൂബിലെ ഒരു പവർ സ്റ്റേഷൻ, ഖമീസ് മുഷെയ്ത് നഗരത്തിലെ ഗ്യാസ് സ്റ്റേഷൻ, അരാംകോയിലെ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) കേന്ദ്രം എന്നിവ ലക്ഷ്യമാക്കിയാണ് ഇക്കഴിഞ്ഞ ശനി ഞായർ ദിവസങ്ങളിൽ ആക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."