പഞ്ചാബിലും ഇനി റേഷൻ വീട്ടിലെത്തും
ചണ്ഡിഗഢ്
പഞ്ചാബിൽ ഇനി റേഷൻ വാങ്ങാൻ കടയിൽ പോയി വരി നിൽക്കേണ്ട. എ.എ.പിയുടെ തീരുമാന പ്രകാരം പഞ്ചാബിലും വീട്ടിൽ റേഷൻ എത്തിക്കുന്ന സംവിധാനത്തിന് തുടക്കമിടുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. റേഷനിങ് ഉദ്യോഗസ്ഥർ നിങ്ങളെ വിളിച്ച് സൗകര്യപ്രദമായ സമയം തേടുമെന്നും അവർ റേഷൻ വീട്ടിലെത്തിച്ചു തരുമെന്നും പാർട്ടിയുടെ നയപ്രകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
കടയിൽ പോയി റേഷൻ വാങ്ങേണ്ടവർക്ക് അങ്ങനെയും ചെയ്യാനുള്ള സംവിധാനം നിലനിർത്തും. എല്ലാ കാർഡുടമകൾക്കും നിലവാരമുള്ള ഭക്ഷ്യവസ്തുക്കളാണ് റേഷൻ കടയിലൂടെ വിതരണം ചെയ്യുക. വൃത്തിയുള്ള പായ്ക്കുകളാക്കിയാണ് റേഷൻ വീട്ടിലെത്തിക്കാൻ ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും പാവപ്പെട്ടവർ റേഷൻ ലഭിക്കാൻ കടകൾക്കു മുന്നിൽ പോയി വരി നിൽക്കുകയാണെന്ന് മാൻ പറഞ്ഞു. ലോകം ഡിജിറ്റൽവൽക്കരിച്ചിട്ടും പാവപ്പെട്ടവരുടെ കാര്യത്തിൽ ഇത്തരം പഴഞ്ചൻ നടപടികൾ തുടരുകയാണ്.
പ്രായം ചെന്ന സ്ത്രീകൾ ഉൾപ്പെടെ റേഷൻ വാങ്ങാൻ കിലോമീറ്ററുകൾ ദൂരം പോയി കടയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ ജയിച്ചാൽ റേഷൻ വീട്ടിലെത്തിക്കുമെന്ന് എ.എ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വാഗ്ദാനം നൽകിയിരുന്നു. നേരത്തെ ഡൽഹിയിലും ഈ പദ്ധതി എ.എ.പി സർക്കാർ നടപ്പാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."