മന്ത്രിയെ വെടിവച്ചുകൊന്ന എ.എസ്.ഐ വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികില്‍സ തേടിയിരുന്നയാളെന്ന് ഡോക്ടര്‍
ജാര്‍സുഗുഡ (ഒഡീഷ): ഒഡീഷയിലെ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിനെ വെടിവെച്ചുകൊന്ന എ.എസ്.ഐ ഗോപാല്‍കൃഷ്ണ ദാസ് ബൈപോളാര്‍ ഡിസോര്‍ഡറിന് ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്. മാനസിക വിഭ്രാന്തിയുടെ ചരിത്രം ഉണ്ടായിരുന്നിട്ടും, ദാസിന് സര്‍വീസ് റിവോള്‍വര്‍ നല്‍കുകയും ബ്രജ്‌രാജ്‌നഗറിലെ ഒരു പൊലിസ് സ്റ്റേഷന്റെ ചുമതലക്കാരനായി നിയമിക്കുകയും ചെയ്യുകയായിരുന്നു.
ദാസിന് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടായിരുന്നതായി ബെര്‍ഹാംപൂരിലെ എം.കെ.സി.ജി മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. ചന്ദ്രശേഖര്‍ ത്രിപാഠി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏകദേശം എട്ടോ പത്തോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദാസ് ആദ്യമായി തന്റെ ക്ലിനിക്ക് സന്ദര്‍ശിച്ചത്. അദ്ദേഹം പെട്ടെന്ന് ദേഷ്യപ്പെടാറുണ്ടായിരുന്നു, ഇതിന് ചികിത്സയിലായിരുന്നു. ദാസ് സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല. സ്ഥിരമായി മരുന്ന് കഴിച്ചില്ലെങ്കില്‍ രോഗം വീണ്ടും പ്രത്യക്ഷപ്പെടും. ഒരു വര്‍ഷം മുമ്പാണ് അവസാനമായി എന്ന സന്ദര്‍ശിച്ചത്'- ഡോക്ടര്‍ ത്രിപാഠി പറഞ്ഞു.
ഹൈപ്പര്‍മാനിയ മുതല്‍ വിഷാദം വരെയുള്ള തീവ്രമായ രോഗത്തിന് കാരണമാകുന്ന മാനസികാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള ചികിത്സയിലൂടെ രോഗം നിയന്ത്രിക്കാനാകും.
ഗഞ്ചം ജില്ലയിലെ ജലേശ്വര്‍ഖണ്ഡി ഗ്രാമത്തിലെ താമസക്കാരനായിരുന്നു ദാസ്. ബെര്‍ഹാംപൂരില്‍ കോണ്‍സ്റ്റബിളായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് 12 വര്‍ഷം മുമ്പ് ജാര്‍സുഗുഡ ജില്ലയിലേക്ക് മാറ്റപ്പെട്ടു. ബ്രജ്‌രാജ്‌നഗര്‍ ഏരിയയിലെ ഗാന്ധി ചൗക്കിലെ പൊലിസ് ഔട്ട്‌പോസ്റ്റിന്റെ ചുമതല ഏല്‍പ്പിച്ച ശേഷമാണ് എ.എസ്.ഐക്ക് ലൈസന്‍സുള്ള പിസ്റ്റള്‍ നല്‍കിയതെന്ന് ജാര്‍സുഗ്ദ എസ്.ഡി.പി.ഒ ഗുപ്‌തേശ്വര്‍ ഭോയ് പറഞ്ഞു.
മാനസിക വിഭ്രാന്തിക്ക് ഭര്‍ത്താവ് മരുന്ന് കഴിക്കാറുണ്ടെന്ന് ദാസിന്റെ ഭാര്യ ജയന്തിയും സ്ഥിരീകരിച്ചു. അദ്ദേഹം ഞങ്ങളില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയായതിനാല്‍, സ്ഥിരമായി മരുന്ന് കഴിക്കാറുണ്ടോ എന്ന് ഉറപ്പില്ലെന്നും അവര്‍ പറഞ്ഞു.
ഒരു പ്രാദേശിക പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി കാറില്‍ നിന്ന് ഇറങ്ങുകയും അനുയായികള്‍ അദ്ദേഹത്തെ മാലയിടുകയും ചെയ്യുമ്പോള്‍ ദാസ് വെടിയുതിര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."