രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം റമദാൻ ആദ്യ രാത്രി നിറഞ്ഞുകവിഞ്ഞ് ഇരു ഹറമുകൾ, ആത്മനിർവൃതിയിൽ വിശ്വാസികൾ
മക്ക: ഈ വർഷത്തെ അനുഗ്രഹീതമായ റമദാനിലെ ആദ്യ രാത്രിയിൽ വിശുദ്ധ ഹറമുകളിലേക്ക് ഒഴുകിയെത്തി വിശ്വാസികൾ. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് വിശുദ്ധ റമദാനിൽ ഹറമിലേക്ക് ഇത്രയധികം വിശ്വാസികൾ എത്തിച്ചേരുന്നത്. റമദാൻ ആദ്യ രാത്രിയിൽ തറാവീഹ് നിസ്കാരങ്ങൾക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.
മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും മുഴുവൻ ശേഷിയും ആരാധനകൾക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ഭാഗങ്ങളിലേക്കും പ്രവേശനം അനുവദിക്കുകയും നടപടികൾ പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മക്ക ഹറമിൽ ഉംറക്കാർക്ക് പ്രത്യേകം സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. മത്വാഫും താഴത്തെ നിലയും ഉംറ തീർഥാടകർക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. കിംങ് ഫഹദ് കവാടം, കിംങ് അബ്ദുൽ അസീസ് കവാടം, ഉംറ, അൽസലാം കവാടങ്ങൾ, മർവയുടെ പ്രവേശന കവാടം എന്നിവ ഉംറ തീർഥാടകർക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്.
മസ്ജിദുൽ ഹറാമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പറേഷൻ പ്ലാനാണു റമദാനിൽ പ്രാവർത്തികമാക്കുന്നത്. ഉംറ നിർവഹിക്കുന്നതിന് അനുമതിപത്രം ആവശ്യമാണ്. എങ്കിലും നിസ്കരിക്കാനെത്തുന്നവർക്ക് ഹറമിലേക്കും മുറ്റങ്ങളിലേക്കും അനുമതിപത്രമില്ലാതെ പ്രവേശിക്കാനാകും.
പെർമിറ്റില്ലാതെ ഉംറ നിർവഹിക്കാനെത്തിയാൽ 10,000 റിയാൽ പിഴ ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. പെർമിറ്റിൽ വ്യക്തമാക്കിയ തീയതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ തവക്കൽന ആപ്ലിക്കേഷൻ വഴി സ്ഥിരീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."