പരാതി നല്‍കിയവര്‍ നിരപരാധികള്‍: അവരെ ചൂഷണം ചെയ്യുന്നു; തനിക്കെതിരേ പല പാര്‍ട്ടികളില്‍പെട്ട ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നു; ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ജി.സുധാകരന്‍
ആലപ്പുഴ: തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി. സുധാകരന്‍. തനിക്കെതിരെ പല പാര്‍ട്ടികളില്‍പെട്ട സംഘം പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ഇതൊരു ഗ്യാങാണ്. അതില്‍ പല പാര്‍ട്ടികളില്‍ ഉള്ളവരുണ്ട്. സി.പി.എമ്മില്‍ ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. പരാതി നല്‍കിയവര്‍ നിരപരാധികളാണ്. അവരെ ഉപയോഗിച്ചു. അവരോട് സഹതാപമുണ്ടെന്ന് മന്ത്രി പറഞ്ഞു.
താന്‍ ആരെയും അപമാനിച്ചിട്ടില്ല. പരാതിക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണുള്ളത്. സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. കുടുംബത്തെ വരെ ആക്ഷേപിക്കാന്‍ ശ്രമം നടന്നു. തന്റെ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. പഴ്സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഭാര്യക്കോ മകനോ വേണ്ടി എവിടെയും ഇടപെട്ടിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു.
ആലപ്പുഴയ്ക്ക് വേണ്ടി ഭംഗിയായി വികസനം നടത്തി. തനിക്കെതിരെ ഒരു സാമ്പത്തികാരോപണം പോലും ഇല്ല. ഭാര്യ പ്രിന്‍സിപ്പലായി വിരമിച്ചയാളാണ്. നല്ലൊരു തുക പെന്‍ഷന്‍ കിട്ടുന്നുണ്ട്. 12 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്ന ജോലിയാണ് മകന്റേത്. ജി.സുധാകരന്റെ മകന്‍ എന്ന് എവിടെയും പറയാതെയാണ് അവന്‍ ജോലി നേടിയത്. തന്റെ കുടുംബത്തിന് നല്ല ഇടതുപക്ഷബോധമുള്ളവരാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."