കമ്മിറ്റഡ് സോഷ്യൽ വർക്കർ നിയമനത്തിൽ വൻ അട്ടിമറി, പട്ടികവർഗക്കാരെ തഴഞ്ഞ് ജനറൽ വിഭാഗത്തിന് മുൻഗണന
നിസാം കെ. അബ്ദുല്ല
കൽപ്പറ്റ
പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സർക്കാർ രൂപീകരിച്ച കമ്മിറ്റഡ് സോഷ്യൽ വർക്കർ തസ്തികയിൽ വൻ അട്ടിമറി.
പട്ടികവർഗ വിഭാഗത്തെ തഴഞ്ഞ് ഭൂരിഭാഗം നിയമനവും ജനറൽ വിഭാഗത്തിനാണു ലഭിച്ചത്. പട്ടികവർഗ വിഭാഗത്തിന് മുൻഗണനയെന്നായിരുന്നു സർക്കുലർ. എന്നാൽ പരീക്ഷ കഴിഞ്ഞപ്പോൾ കടന്നുകൂടിയവരിൽ അധികവും ജനറൽ വിഭാഗത്തിലുള്ളവരും.
തങ്ങളുടെ വിഭാഗത്തിൽ നിന്നുതന്നെ ആവശ്യത്തിലധികം ഉദ്യോഗാർഥികൾ ഉണ്ടായിട്ടും സർക്കാർ നിയമനത്തിൽ പരിഗണിക്കാത്തത് ഗോത്രവർഗ ഉദ്യോഗാർഥികളിൽ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധിതവണ അധികാരികൾക്ക് മുന്നിലെത്തിയിരുന്നെങ്കിലും പരിഗണിക്കാൻ ആരും തയാറായില്ല.
സംസ്ഥാനത്ത് 54 തസ്തികകളാണ് കമ്മിറ്റഡ് സോഷ്യൽ വർക്കറിൽ ഉണ്ടായിരുന്നത്. ഇതിൽ 32 ഒഴിവുകളിലേക്കും ജനറൽ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കാണ് നിയമനം ലഭിച്ചത്. 22 ഒഴിവുകളിൽ ഗോത്രവിഭാഗത്തിലെ ഉദ്യോഗാർഥികളെയും പരിഗണിച്ചു.
അതേസമയം സർക്കാർ നിഷ്‌കർഷിച്ച യോഗ്യതയുള്ള 160 ഗോത്രവർഗക്കാരാണ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നത്. സർക്കാർ രാഷ്ട്രീയ താൽപര്യങ്ങളടക്കം സംരക്ഷിച്ച് ഇവരെ അവഗണിച്ചു. മാത്രമല്ല, യോഗ്യതക്ക് പുറമെ പ്രവൃത്തിപരിചയമുള്ളവരെയടക്കം സർക്കാർ പുറംതള്ളിയെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. കാസർകോട് ജില്ലയിൽ എട്ട് വർഷമായി കമ്മിറ്റഡ് സോഷ്യൽ വർക്കറായി ജോലിചെയ്യുന്ന ആളെ തഴഞ്ഞ് പ്രവൃത്തിപരിചയമില്ലാത്ത ജനറൽ വിഭാഗത്തിലെ ആളെ നിയമിച്ചുവെന്നും ഇവർ ആരോപിച്ചു. വിഷയത്തിൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാർഥികൾ.വയനാട്ടിൽ 15 ഒഴിവുകളിൽ ഏഴ് ഗോത്രവർഗക്കാർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
ആദിവാസികളുടെ ഉന്നമനത്തിനും സർക്കാർ സേവനങ്ങൾ കൃത്യമായി ഇവർക്ക് ലഭിക്കുന്നുവെന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും അതിനുള്ള തടസങ്ങൾ പരിഹരിക്കുന്നതിനും വേണ്ടിയാണ് കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നത്. 2014ൽ വയനാട്ടിൽ ആരംഭിച്ച പദ്ധതി വിജയകരമായതോടെ 2017ൽ എല്ലാ ടി.ഇ.ഒ ഓഫിസുകളിലും ഒരു സോഷ്യൽ വർക്കറെ വീതം നിയമിച്ചിരുന്നു. പുതിയതായി നിയമിക്കുന്നവർക്ക് 29,540 രൂപയാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. എം.എസ്.ഡബ്ല്യു, എം.എ സൈക്കോളജി, എം.എ ആന്ത്രപോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരായിരുന്നു കമ്മിറ്റഡ് സോഷ്യൽ വർക്കർമാരായി പ്രവർത്തിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."