ലക്ഷദ്വീപിൽ നിരോധനാജ്ഞ പിൻവലിച്ചു, സർക്കാർ ജീവനക്കാർക്ക് ബുധനാഴ്ച സൈക്കിൾ ഡേ
ജലീൽ അരൂക്കുറ്റി
ആലപ്പുഴ
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേഷൻ അനിശ്ചിതകാലത്തേക്ക് ഏർപ്പെടുത്തിയ നിരോധനാജ്ഞ പിൻവലിച്ചു. അഡ്മിനിസ്ട്രേഷൻ്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരേ പ്രതിഷേധം ശക്തമായതോടെയാണ് മാർച്ച് 20നു രാത്രി 10 മുതൽ ജില്ലാ കലക്ടർ എസ്. അസ്ഗറലി 144 നിയമപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നേരത്തെ ഒമിക്രോണിൻ്റെ പേരിലും കൊവിഡ് പ്രതിരോധത്തിൻ്റെ പേരിലും മാസങ്ങളോളം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ 144 നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് കാണിച്ച് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പാർലമെൻ്റിൽ വിഷയം ഉന്നയിച്ചിരുന്നു. നാലുപേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന നിയന്ത്രണം റമദാനിലും തുടരുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഈ സാഹചര്യത്തിൽ സമാധാനാന്തരീക്ഷം തകരുന്ന സാഹചര്യമില്ലെന്ന പൊലിസ് മേധാവിയുടെയും സബ് കലക്ടർമാരുടെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കലക്ടർ ഇന്നലെ മുതൽ നിരോധനാജ്ഞ പിൻവലിച്ചത്. ഇതിനിടെ, ഇന്നുമുതൽ എല്ലാ ബുധനാഴ്ചയും സർക്കാർ ജീവനക്കാർ ഓഫിസിൽ എത്താൻ സൈക്കിൾ ഉപയോഗിക്കണമെന്ന ഉത്തരവും പ്രാബല്യത്തിൽ വന്നു. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനാണ് സൈക്കിൾ ഡേ പ്രഖ്യാപിച്ചത്. അംഗവൈകല്യം ബാധിച്ചവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ കമ്മിറ്റി യോഗത്തിൻ്റെ തീരുമാനപ്രകാരമാണ് സൈക്കിൾ ഡേ ആചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."