HOME
DETAILS
MAL
പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍; വിദ്യാഭ്യാസ വകുപ്പിന്റെ കടുംപിടിത്തം വിവാദത്തില്‍
backup
April 21 2021 | 00:04 AM
നിലമ്പൂര്‍ (മലപ്പുറം): കൊവിഡ് പ്രതിദിന കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ കടുംപിടിത്തം വിവാദമാകുന്നു. ബാക്കിയുള്ള പ്ലസ്ടു തിയറി പരീക്ഷകള്‍ ഏപ്രില്‍ 26ന് അവസാനിച്ചാല്‍ 28നു തന്നെ പ്രായോഗിക പരീക്ഷകള്‍ തുടങ്ങണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെല്ലാം പ്രായോഗിക പരീക്ഷകളുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ജോഗ്രഫി, കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ്, ജേണലിസം, സൈക്കോളജി, ജിയോളജി, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങള്‍ക്ക് പുറമെ ഇത്തവണ മാത്തമാറ്റിക്‌സിനും പ്രാക്ടിക്കല്‍ പരീക്ഷയുണ്ട്.
മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു എഴുത്തുപരീക്ഷകള്‍ തന്നെ നടക്കുന്നതെന്ന് പരാതിയുണ്ട്. പ്രായോഗിക പരീക്ഷയ്ക്ക് സ്‌കൂള്‍ ലാബുകളില്‍ ലഭ്യമായ പരിമിത സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ പങ്കിടേണ്ടി വരുമ്പോള്‍ രോഗവ്യാപന സാധ്യത ഏറെയാണ്. മൈക്രോസ്‌കോപ്പുകള്‍, കംപ്യൂട്ടറുകള്‍, രാസപദാര്‍ഥങ്ങള്‍, ലാബ് ഉപകരണങ്ങള്‍ തുടങ്ങി ഒരേ വസ്തുക്കള്‍ തന്നെ നിരവധി വിദ്യാര്‍ഥികള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് വലിയ അപകടമുണ്ടാക്കുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
സാധാരണ ഗതിയില്‍ തിയറി പരീക്ഷയ്ക്ക് മുന്‍പായി പ്രാക്ടിക്കല്‍ പരീക്ഷകള്‍ തീരാറുണ്ട്. ഇത്തവണ ഭരണാനുകൂല അധ്യാപക സംഘടനയുടെ ആവശ്യത്തെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ നടക്കേണ്ട എഴുത്തുപരീക്ഷ തെരഞ്ഞെടുപ്പിനു ശേഷമുള്ള സമയത്തേക്ക് മാറ്റിവച്ചതോടെയാണ് തിയറി, പ്രാക്ടിക്കല്‍ പരീക്ഷാ നടത്തിപ്പ് തകിടംമറിഞ്ഞത്.
ഒരേ പരീക്ഷണങ്ങള്‍ ഒന്നിലധികം പേര്‍ ചെയ്യുമ്പോള്‍ ലാബുകളില്‍ സാമൂഹിക അകലം തീരെ സാധ്യമാകില്ല. തെരഞ്ഞെടുപ്പ് ജോലി ചെയ്തതും രോഗസാധ്യത ഏറിയതുമായ അധ്യാപകരാണ് എഴുത്തുപരീക്ഷാ ജോലിക്കും തുടര്‍ന്ന് പ്രാക്ടിക്കല്‍ പരീക്ഷാ ജോലിക്കും നിയോഗിക്കപ്പെടുക. പ്രായോഗിക പരീക്ഷയ്ക്ക് ഒന്നിലധികം കേന്ദ്രങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന എക്‌സാമിനര്‍ വിദ്യാര്‍ഥികളുമായി സമ്പര്‍ക്കത്തില്‍ വരുന്നതും രോഗവ്യാപന സാധ്യത കൂട്ടും. സര്‍വകലാശാല, പി.എസ്.സി, സി.ബി.എസ്.ഇ പരീക്ഷകള്‍ വരെ മാറ്റിയ സാഹചര്യത്തില്‍ അടിയന്തിരമായി പ്ലസ്ടു പ്രായോഗിക പരീക്ഷകള്‍ കൊവിഡ് തീവ്ര വ്യാപനസമയത്തു തന്നെ നടത്തിത്തീര്‍ക്കേണ്ട ആവശ്യമില്ലെന്ന് അധ്യാപകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."