എതിർത്ത് സി.പി.എം ബംഗാൾ, മഹാരാഷ്ട്ര ഘടകങ്ങൾ ; സിൽവർലൈനിൽ തൊടേണ്ട
സുരേഷ് മമ്പള്ളി
കണ്ണൂർ
സിൽവർലൈൻ പദ്ധതിയിൽ കർശന ജാഗ്രത വേണമെന്ന് സി.പി.എം ബംഗാൾ, മഹാരാഷ്ട്രാ ഘടകങ്ങളുടെ മുന്നറിയിപ്പ്. നന്ദിഗ്രാമിലെയും സിങ്കൂരിലെയും ദുരനുഭവങ്ങൾ ഓർമിപ്പിച്ചാണ് സി.പി.എം പാർട്ടി കോൺഗ്രസ് രാഷ്ട്രീയപ്രമേയ ചർച്ചയിൽ ബംഗാളിൽനിന്നുള്ള പ്രതിനിധികൾ കേരളത്തിലെ അതിവേഗപാതക്കെതിരേയുള്ള ആശങ്ക പങ്കുവച്ചത്. എസ്.എഫ്.ഐ പശ്ചിമബംഗാൾ സെക്രട്ടറിയും അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയുമായ ശ്രിജൻ ഭട്ടാചാര്യയാണ് സിൽവർലൈൻ വിഷയം ഉന്നയിച്ചത്.
സിങ്കൂരിലെയും നന്ദിഗ്രാമിലെയും കൃഷിഭൂമി വൻകിട കുത്തകക്കമ്പനികൾക്കു പതിച്ചുനൽകിയതിലുള്ള ജനരോഷത്തെ തുടർന്നാണ്, മൂന്നരപ്പതിറ്റാണ്ടു നീണ്ട തുടർഭരണം ബംഗാളിൽ സി.പി.എമ്മിന് നഷ്ടമായതെന്നു ശ്രിജൻ ഭട്ടാചാര്യ ഓർമിപ്പിച്ചു. സാധാരണക്കാരെ മറന്ന് കോർപറേറ്റുകളോട് പാർട്ടി കൂട്ടുകൂടുന്നെന്ന ധാരണയാണ് ബംഗാളിലെ ജനങ്ങൾക്കുണ്ടായതെന്നും ബംഗാൾ പ്രതിനിധികൾ അനുഭവത്തിൽ നിന്ന് വ്യക്തമാക്കി.
അതിവേഗ പാതക്കു വേണ്ടി കേരളത്തിൽ ഭൂമി ഏറ്റെടുക്കുമ്പോൾ തങ്ങളുടെ അനുഭവം മറന്നുപോകരുതെന്ന് ഒർമിപ്പിക്കുകയായിരുന്നു ബംഗാൾഘടകം. സിൽവർ ലൈനിനെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്ന് എഴുതിത്തള്ളരുതെന്നും ബംഗാളിൽനിന്നുള്ള ഭൂരിഭാഗം നേതാക്കളും മുന്നറിയിപ്പു നൽകുന്നു.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന മുംബൈ അഹമ്മദാബാദ് അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയാണ് സി.പി.എം മഹാരാഷ്ട്രാ സംസ്ഥാന സെക്രട്ടറി ഉദയ് നാർക്കർ സിൽവർലൈൻ പദ്ധതിക്കെതിരേ ആഞ്ഞടിച്ചത്.
മഹാരാഷ്ട്രയിൽ ആദിവാസികൾ ഉൾപ്പെടെ ആയിരക്കണക്കിനു പേരെ പൊലിസിനെയും സൈന്യത്തെയും ഉപയോഗിച്ച് കുടിയൊഴിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. പാരിസ്ഥിതിക ആഘാതപഠനം പോലും നടത്താതെയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുന്നതെന്നും ആ മാതൃക കേരളത്തിൽ ആവർത്തിക്കരുതെന്നും ഉദയ് നാർക്കർ മുന്നറിയിപ്പ് നൽകി.
അതേസമയം സിൽവർലൈനിൽ അമിത ആശങ്കയുടെ കാര്യമില്ലെന്നാണ് കിസാൻസഭാ ജനറൽ സെക്രട്ടറി ഹനൻ മൊള്ളയുടെ അഭിപ്രായം. സിൽവർലൈനും ബുള്ളറ്റ് ട്രെയിൻ പദ്ധതിയും ഒരുപോലെയല്ലെന്നും ബംഗാളിൽനിന്നുള്ള പി.ബി അംഗം കൂടിയായ ഹനൻമൊള്ള വ്യക്തമാക്കി.
ആര് എതിർത്താലും സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് കഴിഞ്ഞദിവസം പാർട്ടി കോൺഗ്രസിലെ സ്വാഗതപ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ പഠന റിപ്പോർട്ടുകൾ വരട്ടെ എന്ന നിലപാട് സി.പി.എം ദേശീയ നേതൃത്വം സ്വീകരിച്ചതിനു പിന്നാലെയാണ് പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."