മോഹന്‍ ഭാഗവതിന്റെത് പോലെ ഇന്ത്യ എല്ലാവരുടെതും കൂടിയാണ്: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെത് പോലെ ഈ രാജ്യം എല്ലാവരുടെതും കൂടിയാണെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. ഡല്‍ഹി രാംലീല മൈതാനിയില്‍ ജംഇയ്യത്തിന്റെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ സംഘടന അധ്യക്ഷന്‍ മൗലാന മഹമൂദ് മദനിയാണ്, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവനകള്‍ക്ക് മറുപടി കൊടുത്തത്.
മുസ്ലിംകളുടെ കൂടി മാതൃരാജ്യമാണ് ഇന്ത്യ. ഈ രാജ്യം നരേന്ദ്രമോദിയുടെയും മോഹന്‍ ഭാഗവതിന്റെ മാത്രമല്ല. ഈ രാജ്യം മഹ്മൂദിന്റേത് കൂടിയാണ്. മഹ്മൂദ് അവരേക്കാള്‍ ഒരിഞ്ച് മുന്നിലുമല്ല, അവര്‍ മഹ്മൂദിനെക്കാള്‍ ഒരിഞ്ച് മുന്നിലുമല്ല - നിറഞ്ഞ കൈയടികള്‍ക്കിടെ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും പുരാതന മതം ഇസ്ലാം ആണ്. ഇസ്ലാം പുറത്തുനിന്ന് വന്ന മതമാണെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഇസ്‌ലാമിലെ ആദ്യ പ്രവാചകന്‍ ആദം നബി ഇവിടെയാണ് ഇറങ്ങിയത്. ഈ ഭൂമി ഇസ്‌ലാമിന്റെ ജന്മസ്ഥലം ആണെന്നതിനൊപ്പം മുസ്‌ലിംകളുടെ ജന്മഭൂമിയുമാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാം പുറത്തുനിന്ന് വന്ന മതമാണെന്ന് പറയുന്നത് ചരിത്രപരമായി തന്നെ തെറ്റാണ്. രാജ്യത്ത് വിവിധ കോണുകളില്‍നിന്ന് മനപ്പൂര്‍വം ഇസ്ലാം ഭീതി സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. അത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി വേണം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇതേകുറിച്ചെല്ലാം സര്‍ക്കാരിന് അറിയാമെങ്കിലും അവര്‍ അത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നില്ല. രാജ്യത്തെ മദ്‌റസകളെ കുറിച്ചും ഭീതി പടര്‍ത്തുകയാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഞങ്ങള്‍ എതിരാണ്. ഇസ്ലാം അതിനെ അനുകൂലിക്കുന്നുമില്ല. കേന്ദ്ര ഏജന്‍സികള്‍ മുസ്ലിംകളെ ലക്ഷ്യംവയ്ക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നിസ്‌കരിക്കുന്നവര്‍ക്കെതിരായ പൊലിസ് നടപടി, ബുള്‍ഡോസര്‍ രാജ് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. മുസ്ലിം സമുദായത്തില്‍ വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടാവകാശം വിനിയോഗിക്കാനും മുസ്ലിംകള്‍ ശ്രമിക്കണം. ഒരു ജനാധിപത്യസംവിധാനത്തില്‍ ഓരോ വോട്ടിനും വലിയ വിലയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."