കുട്ടികളിലെ കൊവിഡ്; 'കൂടുതല്‍ കരുതല്‍ വേണം'
രാജ്യം മുഴുവനും കൊവിഡ് വ്യാപന ഭീതിയിലാണ്. ആദ്യഘട്ടത്തില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞ കേരളം രണ്ടാം വരവില്‍ ആശങ്കയിലാണ്. വാക്‌സിനേഷനിലൂടെ പ്രതിരോധം ശക്തമാക്കാന്‍ തീവ്രശ്രമം നടത്തുമ്പോള്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. പ്രത്യേകിച്ച് 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ വരുന്നതുവരെ അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ്. കൊവിഡ് വ്യാപനവും പ്രതിരോധവും സംബന്ധിച്ച് പ്രമുഖ ശിശുരോഗ വിദഗ്ധനും ഇന്ത്യന്‍ അക്കാദമി ഓഫ് പീടിയാട്രിക് മുന്‍ നാഷനല്‍ പ്രസിഡന്റുമായ
ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത് സുപ്രഭാതം പ്രതിനിധി ജലീല്‍ അരൂക്കുറ്റിയോട് സംസാരിക്കുന്നു.
? കൊവിഡിന്റെ രണ്ടാം തരംഗത്തെ
എങ്ങനെ വിലയിരുത്തുന്നു
രാജ്യത്തെ കൊവിഡിന്റെ വരവ് ആദ്യം കേരളത്തിലായതിനാല്‍ വളരെ ജാഗ്രതയോടും ഫലപ്രദമായും പ്രതിരോധിക്കാന്‍ ഒന്നാം ഘട്ടത്തില്‍ നമുക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം വരവ് രാജ്യത്തെയും കേരളത്തെയും ആശങ്കയിലാഴ്ത്തി വ്യാപിക്കുകയാണ്. തുടക്കത്തില്‍ കൈവരിച്ച പ്രതിരോധശീലങ്ങളില്‍ ഇളവുകള്‍ വന്നതാണ് രോഗവ്യാപനം ഇത്തരത്തില്‍ വര്‍ധിക്കാന്‍ കാരണം. ആദ്യഘട്ടത്തില്‍ സമൂഹവ്യാപനത്തിന്റെ തോത് കുറക്കാന്‍ കഴിഞ്ഞതോടെ പലരും കൊവിഡിനെ നിസാരമായി കാണാന്‍ തുടങ്ങി. പിന്നെ തെരഞ്ഞെടുപ്പ് കൂടി വന്നതോടെ പ്രതിരോധത്തിന്റെ താളം തെറ്റി. സാമൂഹ്യഅകലം ശീലിച്ച ജനം അത് മറന്ന് സ്വയംനിയന്ത്രിക്കാതെ പ്രവര്‍ത്തിച്ചു. രോഗവ്യാപനം വളരെ വേഗത്തിലായതോടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് പോകുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നത് വരെ കടുത്ത വെല്ലുവിളിയാണ് നമ്മള്‍ നേരിടുക.
? വാക്‌സിന്‍ ദൗര്‍ലഭ്യത വലിയ പ്രതിസന്ധിയായി മാറുകയാണല്ലോ
കൊവിഡ് വാക്‌സിന്‍ വളരെവേഗം കണ്ടെത്തി ജനങ്ങളിലേക്ക് എത്തിയപ്പോള്‍ നമ്മുടെ രോഗവ്യാപന നിരക്ക് വളരെ കുറവായിരുന്നു. വാക്‌സിന്റെ ഉല്‍പാദനം വളരെ കുറവും ആവശ്യക്കാര്‍ ഏറെയുമായ ഘട്ടത്തില്‍ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ക്ക് മുന്നില്‍ മുന്‍ഗണനാ ക്രമം അനുസരിച്ച് മാത്രമേ വിതരണം ചെയ്യാന്‍ കഴിയുകയുള്ളൂ. ഏറ്റവും കൂടുതല്‍ റിസ്‌ക്ക് പ്രയാധിക്യമുള്ളവരിലാണ്. അതുകൊണ്ടാണ് ആദ്യം 60 ന് മുകളിലും പിന്നീട് 45 ന് മുകളിലും ഇപ്പോള്‍ 18 ന് മുകളില്‍ എന്ന ക്രമത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. പ്രായം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ രോഗങ്ങള്‍ക്ക് ഇരയാകുകയും പ്രതിരോധശക്തി ദുര്‍ബലമാക്കുകയും ചെയ്യും. എന്നാല്‍, വാക്‌സിനേഷന്‍ ആരംഭിച്ചപ്പോള്‍ മുന്‍ഗണനാ പട്ടികയിലെ അര്‍ഹരായവര്‍ പോലും വാക്‌സിന്‍ എടുക്കാന്‍ മടിച്ചു. വാക്‌സിന്‍ സംബന്ധിച്ച തെറ്റിദ്ധാരണ പലരെയും പിന്നോട്ടടിപ്പിച്ചു. രണ്ടാഴ്ച കഴിയട്ടെ എന്ന മനോഭാവമായിരുന്നു. ഇപ്പോള്‍ കൂടുതല്‍ പേരിലേക്ക് വാക്‌സിനേഷന്‍ എന്ന ഘട്ടത്തില്‍ എല്ലാവരും ആവശ്യക്കാരായി. വാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിച്ചുകൊണ്ട് തന്നെയാണ് ഇതിനെ നേരിടുന്നത്. ലോകത്തെ വാക്‌സിന്‍ ഉല്‍പാദകരെല്ലാം ഉല്‍പാദനം വര്‍ധിപ്പിക്കുകയും വാക്‌സിന്‍ പൊതുവിപണിയില്‍ ലഭ്യമാകുകയും ചെയ്യുന്നതോടെ ദൗര്‍ലഭ്യത കുറയും.
? കുട്ടികളുടെ കാര്യത്തില്‍ വാക്‌സിനേഷന്‍ ഇല്ലാത്തത് വെല്ലുവിളിയല്ലേ
ചെറിയ കുട്ടികളില്‍ സ്വാഭാവികമായ പ്രതിരോധശേഷിയുണ്ട്. മുതിര്‍ന്നവരില്‍ ഇത് കുറവാണ്. അതുകൊണ്ടാണ് മുതിര്‍ന്നവരില്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ ഗവേഷണം നീങ്ങിയത്. അടുത്തഘട്ടമെന്ന നിലയില്‍ കുട്ടികളുടെ വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലിന്റെ അവസാനഘട്ടത്തിലാണ്. ആറിലധികം വാക്‌സിനുകള്‍ കുട്ടികള്‍ക്കായി തയാറായിട്ടുണ്ട്. 12 നും 18 നും ഇടയിലുള്ള കുട്ടികളില്‍ നല്‍കുന്നതിനുള്ള വാക്‌സിനുകള്‍ അടുത്ത മാസത്തോടെ പുറത്തിറക്കുമെന്ന് വാക്‌സിന്‍ ഉല്‍പാദകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി കുട്ടികളിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് ലക്ഷ്യംവയ്ക്കുന്നത്. കുട്ടികളില്‍ സ്വാഭാവിക പ്രതിരോധ ശക്തിയുണ്ടെന്ന് കരുതി കൊവിഡിനെ നിസാരമായി കാണാന്‍ കഴിയില്ല. കൂടുതല്‍ കരുതല്‍ കുട്ടികളുടെ കാര്യത്തില്‍ അനിവാര്യമായ ഘട്ടമാണിത്.
? കുട്ടികളില്‍ എന്ത് പ്രതിരോധ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കാനുള്ളത്
സ്‌കൂളുകളും കോളജുകളും അടച്ചുപൂട്ടിയത് കുട്ടികള്‍ വഴി കൊറോണയുടെ വ്യാപകമായ വ്യാപനം തടയാന്‍ വേണ്ടിയാണ്. കുട്ടികളില്‍ കൊവിഡ് വലിയതോതില്‍ പ്രശ്‌നം സൃഷ്ടിക്കില്ല. അവരുടെ ത്വക്കിലെ പ്രതിരോധശക്തി കൊറോണ വൈറസിനെ ശക്തമായി പ്രതിരോധിക്കും. എന്നാല്‍, രോഗബാധിതരായ കുട്ടികളിലും പ്രതിരോധശക്തി കുറഞ്ഞ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളിലും കൊവിഡ് അപകടകാരിയായി മാറും. വിദ്യാലയങ്ങള്‍ അടച്ചു പൂട്ടിയതിനാലാണ് കൊവിഡ് 19 പെട്ടെന്ന് പടരുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു. കുട്ടികള്‍ വഴി വീടുകളിലെ മുതിര്‍ന്നവരിലേക്ക് രോഗം പടരുന്ന സാഹചര്യത്തെ ഇല്ലാതാക്കി. എന്നാല്‍, ഇപ്പോള്‍ മുതിര്‍ന്നവര്‍ പുറത്തുപോയി വീട്ടിലിരിക്കുന്ന കുട്ടികളിലേക്ക് രോഗം പകരുന്ന സാഹചര്യമാണ് കാണുന്നത്. മുതിര്‍ന്നവര്‍ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകുകയും കുട്ടികള്‍ സുരക്ഷിതമല്ലാത്ത അവസ്ഥയിലുമായാല്‍ വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സാഹചര്യമുണ്ടാകും. കുട്ടികളെ ആള്‍ക്കൂട്ടത്തില്‍ കൊണ്ടുപോകാതിരിക്കുകയും സാമൂഹ്യഅകലം ഉള്‍പ്പെടെ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തുടരുകയും വേണം.
? കുട്ടികളിലെ കൊവിഡ് എങ്ങനെയാണ്
വിലയിരുത്തുന്നത്
കേരളത്തെ സംബന്ധിച്ച് കുട്ടികളില്‍ കൊവിഡ് വ്യാപനം വളരെ നേരിയ തോതില്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ കുട്ടികളെ കൊവിഡ് ബാധിച്ചത് ഇന്ത്യയിലും വളരെ കുറവായിരുന്നു. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ സ്ഥിതി മാറി. കുട്ടികളിലും വ്യാപകമാകുന്ന അവസ്ഥയുണ്ടായി. രോഗ വ്യാപനം വര്‍ധിച്ച അഞ്ച് സംസ്ഥാനങ്ങളിലായി ഒരു മാസത്തിനകം 79,688 കുട്ടികളില്‍ രോഗം കണ്ടെത്തി. ഇപ്പോള്‍ ഇതിനേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളുടെ ശതമാനം വളരെ കുറവായതിനാലാണ് അത് വലിയ കണക്കല്ലാതായി മാറുന്നത്. എന്നാല്‍ ആദ്യഘട്ടത്തിലേക്കാള്‍ കൂടുതലായി കുട്ടികളില്‍ കൊവിഡ് ബാധ കാണുന്നുണ്ട്.
? കുട്ടികളില്‍ പ്രതിരോധ ശക്തിയുണ്ടെങ്കിലും രോഗബാധയുണ്ടാകുന്നത് എന്തുകൊണ്ടാണ്
ആദ്യഘട്ടത്തില്‍ രോഗം ബാധിച്ചവര്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കാണ് പോയിരുന്നത്. ഇപ്പോള്‍ അധികമാളുകളും വീടുകളിലാണ് ചികിത്സ. അതുകൊണ്ടുതന്നെ കുട്ടികളിലേക്ക് പകരുന്നതിനുള്ള സാധ്യത വര്‍ധിച്ചു. ലക്ഷണമില്ലാത്ത രോഗികളില്‍നിന്ന് കുട്ടികളിലേക്കുള്ള വ്യാപനം അപ്രതീക്ഷിതമാണ്. ഇതെല്ലാമാണ് രോഗബാധ വര്‍ധിക്കാന്‍ കാരണം. വൈറസിന്റെ ജനിതകമാറ്റം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പഠനവിധേയമാക്കുകയാണ്. പല ഘടകങ്ങളാണ് കുട്ടികളില്‍ രോഗം വരാന്‍ കാരണമാകുന്നത്. പൊതുവേയുള്ള സാഹചര്യമാണ് വിലയിരുത്തുന്നത്. ഞാന്‍ ചികിത്സിച്ച കേസുകളിലെല്ലാം തന്നെ ഗുരുതരമായ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടില്ല. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. കുട്ടികളില്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വൈറസ് ഉണ്ടാക്കുന്നതായി കണ്ടില്ല.
? കുട്ടികളില്‍ പല പ്രതിരോധ വാക്‌സിനുകള്‍ കുത്തിവയ്ക്കുന്നതിനാല്‍ അത് കൊവിഡിനെ ഫലപ്രദമായി നേരിടാനാവുമെന്ന വാദത്തില്‍ കഴമ്പുണ്ടോ
കൊവിഡിനെ പ്രതിരോധിക്കാന്‍ നേരത്തെ നല്‍കിയ വാക്‌സിനുകള്‍ മതിയാകില്ല. പുതിയ വൈറസായതിനാല്‍ പുതിയ വാക്‌സിന്‍ തന്നെ കണ്ടെത്തണം. മറ്റ് വാക്‌സിനുകള്‍ തീര്‍ക്കുന്ന പ്രതിരോധം പഠനവിധേയമാക്കേണ്ട കാര്യമാണ്. കുട്ടികളിലുള്ള സ്വാഭാവിക പ്രതിരോധ ശക്തിയാണ് കൊറോണ വൈറസിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നത്. വൈറസിന്റെ മ്യൂട്ടേഷന്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയമായി തെളിയുമ്പോള്‍ മാത്രമേ അതിനെ സാധൂകരിക്കാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ പരിശോധനകള്‍ നടക്കുമ്പോള്‍ മാത്രമേ കൂടുതല്‍ രോഗബാധിതരെ കണ്ടെത്താന്‍ കഴിയുകയുള്ളൂ. പോസിറ്റീവിറ്റി നിരക്ക് അനുസരിച്ച് മാത്രമേ ക്രമീകരണങ്ങള്‍ നടത്താനാവുക. കുട്ടികളില്‍ രണ്ട് രീതിയില്‍ മാത്രമാണ് പരിശോധന നടത്താനാവുക. വീട്ടില്‍ ഒരാള്‍ക്ക് വരുകയും സമ്പര്‍ക്കം ഉണ്ടാകുകയും ചെയ്യുമ്പോള്‍ അല്ലെങ്കില്‍ യാത്രയ്ക്ക് വേണ്ടി കുട്ടികളുടെയും പരിശോധന നടത്തുക. ടെസ്റ്റ് നടത്താതെ ഒഴിഞ്ഞുമാറുന്നവര്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും രോഗവ്യാപനം സൃഷ്ടിക്കാന്‍ കാരണക്കാരായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."