രാകോം കെപിഎല്‍: ഗോള്‍ഡന്‍ ത്രെഡ്‌സ് ചാമ്പ്യന്‍മാര്‍
കെഎസ്ഇബിയെ രണ്ട് ഗോളിന് തോല്‍പ്പിച്ചു
കോഴിക്കോട്: അധികസമയത്തെ രണ്ട് സുന്ദരഗോളില്‍ കരുത്തരായ കെഎസ്ഇബിയെ വീഴ്ത്തി ഗോള്‍ഡന്‍ ത്രെഡ്‌സ് രാംകോ കേരള പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായി. ആദ്യ ഫൈനലിന് ഇറങ്ങിയ ത്രെഡ്‌സിന്റെ കന്നിക്കിരീടമാണ്. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്യാപ്റ്റന്‍ അജയ് അലക്‌സിന്റെയും (109) ഇസ്ഹാഖ് നുഹു സെയ്ദുവിന്റെയും (120) ഗോളുകളിലാണ് കൊച്ചി ആസ്ഥാനമായ ഗോള്‍ഡന്‍ ത്രെഡ്‌സ് കിരീടം ചൂടിയത്. നിശ്ചിതസമയം ഇരുടീമുകളും ഗോളടിക്കാതെ പിരിഞ്ഞപ്പോഴാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. കെപിഎല്‍ വരുന്നതിന് മുമ്പ് 2012ല്‍ സംസ്ഥാന ക്ലബ്ബ് ചാമ്പ്യന്‍മാരായിരുന്നു ത്രെഡ്‌സ്.
നിലവിലെ റണ്ണറപ്പുകളായ കെഎസ്ഇബി രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു എത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കെഎസ്ഇബിക്കായിരുന്നു ജയം. ചരിത്രത്തിലാദ്യമായി 22 ടീമുകളാണ് ലീഗില്‍ മത്സരിച്ചത്. ആകെ 113 കളികള്‍. 12 ഗോളുമായി ത്രെഡ്‌സിന്റെ ഘാന സ്‌്രൈടക്കര്‍ നുഹു സെയ്ദ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. അജയ് അലക്‌സ് ഫൈനലിലെ താരമായി.
മാറ്റമില്ലാതെ ലൈനപ്പ്
സോളി സേവ്യര്‍ കോച്ചായ ഗോള്‍ഡന്‍ ത്രെഡ്‌സ് വിദേശകരുത്തിലാണ് എത്തിയത്. നുഹു സെയ്ദുവും ഇ എസ് സജീഷും മുന്നേറ്റത്തില്‍. മധ്യനിരയില്‍ കളിമെനയുന്ന ഐവറികോസ്റ്റുകാരന്‍ ഒത്തറേസി. കൂട്ടിന് വിശാഖ് മോഹനനും ഹരി ശങ്കറും. പ്രതിരോധം ഘാനക്കാരന്‍ ജോസഫ് ടെട്ടെ നയിച്ചു. ക്യാപ്റ്റന്‍ അജയ് അലക്‌സ്, ബിബിന്‍ അജയന്‍, ഡി നിഖില്‍, സോയല്‍ ജോഷി എന്നിവര്‍. ഗോളിയായി സി എം മനോബിനും എത്തി. മുഹമ്മദ് പാറക്കോട്ടിലിനെ ഏക സ്‌്രൈടക്കറായാണ് പരിശീലകനായ പി ബി രമേഷ് കെഎസ്ഇബിയെ ഒരുക്കിയത്. മധ്യനിരയില്‍ നിജോ ഗില്‍ബര്‍ട്, സി ജേക്കബ്, പി അജീഷ്, ഗിഫ്റ്റി ഗ്രേഷ്യസ്, എം വിഘ്‌നേഷ് എന്നിവര്‍. ജെ ജെറീറ്റോയും ക്യാപ്റ്റന്‍ എസ് ഫ്രാന്‍സിസും ജിനേഷ് ഡൊമിനിക്കും ആര്‍ ഷിനുവും പ്രതിരോധത്തില്‍. പതിവുപോലെ എസ് ഹജ്മല്‍ ഗോള്‍വല കാത്തു.
ആക്രമണം, പ്രത്യാക്രമണം
പരിചയസമ്പന്നരായ താരങ്ങള്‍ ഫൈനലിന്റെ സമ്മര്‍ദമില്ലാതെ പന്തുതട്ടിയപ്പോള്‍ തുടക്കംതന്നെ കെഎസ്ഇബി ആക്രമണം നടത്തി. പന്തില്‍ മേധാവിത്വം പുലര്‍ത്തി കളംപിടിക്കാനായിരുന്നു നീക്കം. ഗോള്‍ഡന്‍ ത്രെഡ്‌സാകട്ടെ പ്രത്യാക്രമണങ്ങള്‍ക്ക് പ്രധാന്യം നല്‍കി. 17ാം മിനിറ്റില്‍ ത്രെഡ്‌സിന് മികച്ച അവസരം കിട്ടി. എന്നാല്‍ ഗോളി മാത്രം മുന്നില്‍നില്‍ക്കേ നുഹു സെയ്ദുവിന് പിഴച്ചു. പതിയെ കെഎസ്ഇബിയുടെ മത്സരത്തിലെ പിടി അയഞ്ഞു. മധ്യനിരയില്‍ ഒത്തറേസിയും ഹരിശങ്കറുമായിരുന്നു ത്രെഡ്‌സിനായി മിന്നിയത്. മുന്നിലെത്താന്‍ ഇരുടീമുകളും വിയര്‍ത്തു കളിച്ചെങ്കിലും ഫലംകണ്ടില്ല. 41ാം മിനിറ്റില്‍ നുഹു സെയ്ദുവിന്റെ ഇടംകാലടി കെഎസ്ഇബി പോസ്റ്റിന് അരികിലൂടെ പറന്നു. ഒന്നാംപകുതി ഇരുടീമുകള്‍ക്കും ഗോള്‍വല ലക്ഷ്യമാക്കി പന്തൊന്നും തൊടുക്കാനായില്ല.
ഗോളൊഴിഞ്ഞ് രണ്ടാം പകുതിയും
രണ്ടാംപകുതി ത്രെഡ്‌സിന്റ മിന്നുംനീക്കങ്ങളോടെ തുടങ്ങി. 53ാം മിനിറ്റില്‍ സോയല്‍ ജോഷി ഇടതുമൂലയില്‍നിന്ന് തൊടുത്ത പന്ത് ഹജ്മല്‍ തട്ടിയകറ്റി. പിന്നാലെയുള്ള കോര്‍ണറും കെഎസ്ഇബി ഗോള്‍മുഖത്തെ വിറപ്പിച്ചു. 61ാം മിനിറ്റിലും 69ാം മിനിറ്റിലും നുഹു സെയ്ദുവിനും നല്ല അവസരം കിട്ടി. പക്ഷേ മുതലാക്കാനായില്ല. 77ാം മിനിറ്റില്‍ കെഎസ്ഇബിയുടെ ആസൂത്രിതനീക്കം കണ്ടു. മധ്യനിരയില്‍നിന്നും നിജോയുടെ മുന്നേറ്റം. വിഘ്‌നേഷിന് പന്ത് നല്‍കിയെങ്കിലും ഉന്നംതെറ്റി. 81ാം മിനിറ്റില്‍ കെഎസ്ഇബി മുന്നിലെത്തിയെന്ന് തോന്നിച്ചു. അജീഷിന്റെ മിന്നല്‍ ഷോട്ട് പക്ഷേ ക്രോസ് ബാറില്‍ തട്ടി മടങ്ങി.
മിന്നല്‍ ത്രെഡ്‌സ്
നിശ്ചിതസമയം ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാനാകാത്തതോടെ കളി അധികസമയത്തേക്ക് നീണ്ടു. ഇവിടെയും തുടക്കം തെറ്റുകള്‍ ആവര്‍ത്തിച്ചു ത്രെഡ്‌സ്. 102ാം മിനിറ്റില്‍ നുഹു സെയ്ദുവിന്റെ ഷോട്ട് ഹജ്മല്‍ രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിന് പിന്നാലെ വിശാഖിന്റെ പന്ത് ഗോളിയെ കീഴടക്കിയെങ്കിലും പുറത്തുപോയി. ബോക്‌സിന് ഇടതുഭാഗത്ത് ആസിഫ് ഷഹീറിനെ വീഴ്ത്തിയതിനായിരുന്നു ത്രെഡ്‌സിന് ഫ്രീ കിക്ക് ലഭിച്ചത്. എല്ലാ പിഴവുകള്‍ക്കും ഒറ്റ ഫ്രീകിക്കിലൂടെ അവര്‍ മറുപടി നല്‍കി. അജയ് അലക്‌സിന്റ കണിശതയാര്‍ന്ന കിക്ക് ഹജ്മലിനെ കാഴ്ച്ചക്കാരനാക്കി വലതുമൂലയില്‍ വിശ്രമിച്ചു. 119ാം മിനിറ്റില്‍ നുഹു പ്രായശ്ചിത്തം ചെയ്തു. അതുവരെയുള്ള എല്ലാ പിഴവുകള്‍ക്കുമുള്ള മറുപടി. മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ചുള്ള ഇടംകാലടി ത്രെഡ്‌സിന് പ്രീമിയര്‍ ലീഗിലെ കിരീടം ഉറപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."