സിന്ധുവിന്റെ മരണം വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
മാനന്തവാടി
മാനന്തവാടി സബ് റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ സീനിയർ ക്ലർക്ക് പി.എ സിന്ധുവിന്റെ അത്മഹത്യയുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.
സിന്ധുവിന്റ മരണവുമായി ബന്ധപ്പെട്ട് ഓഫിസിലെ ജീവനക്കാർക്കെതിരേ പരാതികൾ ഉയരുകയും പൊലിസ് കണ്ടെടുത്ത കുറിപ്പുകളിൽ ചില ജീവനക്കാരുടെ പേരുകൾ പരാമർശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി കമ്മിഷണർ ആർ രാജീവ് ജില്ലയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
വയനാട് ആർ.ടി.ഒ ഇ മോഹൻ ദാസ്, മാനന്തവാടി ജോയിന്റ് ആർ.ടി.ഒ വിനോദ് കൃഷ്ണ, മാനന്തവാടി ആർ.ടി ഓഫിസ് ജീവനക്കാർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച ജൂനിയർ സൂപ്രണ്ട് അജിത കുമാരി ഓഫിസിലെത്തിയാണ് മൊഴി നൽകിയത്.
സിന്ധുവിന്റെ വീട് സന്ദർശിച്ച ഡെപ്യൂട്ടി കമ്മിഷണർ സഹോദരങ്ങളായ ജോസ്, നോബിൾ എന്നിവരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. മോട്ടോർ വാഹന വകുപ്പ് കമ്മിഷണർ എം.ആർ അജിത്ത് കുമാറിനാണ് റിപ്പോർട്ട് നൽകുക.
അതേസമയം സിന്ധുവിന്റെ മരണത്തിൽ ഓഫിസ് ജീവനക്കാർക്ക് നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലാണ് ഡെപ്യൂട്ടി കമ്മിഷണറുടെ റിപ്പോർട്ടെന്നാണ് സൂചന.
വകുപ്പ്തല നടപടികളുടെ ഭാഗമായി ഓഫിസിലെ ചില ജീവനക്കാർക്ക്സ്ഥാനചലനമുണ്ടായേക്കാമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."