സൗഹൃദവീഥി കാട്ടുപാതയായി
തളിപ്പറമ്പ്: സഞ്ചാരികളെ ആകര്‍ഷിക്കാനും, തിരക്കേറിയ പറശ്ശിനിക്കടവ് റോഡ് ആകര്‍ഷകമാക്കുന്നതിനുമായി ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മാണം ആരംഭിച്ച സൗഹൃദ വീഥി, കാടുകയറി നശിക്കുന്നു.
നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെയാണ് തുടര്‍പരിപാലനമില്ലാത്തതിനാല്‍ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച പദ്ധതി അവഗണനയിലായത്. ടൂറിസം വകുപ്പില്‍ നിന്നും 80 ലക്ഷം രൂപയും,എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപയുമാണ് സൗഹൃദ വീഥിക്കായി കണ്ടെത്തിയിരുന്നത്.ധര്‍മശാല മുതല്‍ പറശ്ശിനി വരെ നടപ്പാത നിര്‍മിച്ച് ടൈല്‍സ് പാകലും,സ്‌നേക്ക് പാര്‍ക്ക് വരെ റോഡരികിലെ മതിലില്‍ ചിത്രങ്ങള്‍ വരക്കലും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. തെയ്യം, തിറ, പറശ്ശിനിക്കടവ് അമ്പലം, മുത്തപ്പന്‍, മീന്‍പിടുത്തം, കള്ളുചെത്ത്, നെല്‍കൃഷി തുടങ്ങിയ ആശയങ്ങളില്‍ മനോഹരമായ 35 ഓളം ചിത്രങ്ങള്‍ എഞ്ചിനിയറിഗ് കോളജ് മതിലില്‍ തയ്യാറാക്കിയത് തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ അഞ്ചു വിദ്യാര്‍ഥികളാണ്. ഇതിനായി 10 ലക്ഷം രൂപയും ചെലവഴിച്ചിരുന്നു. ആര്‍ക്കിടെക്റ്റ് പത്മശ്രീ ജി ശങ്കറിന്റെ മേല്‍നോട്ടത്തിലാണ് സൗഹൃദ വീഥിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. റോഡരികില്‍ ചെടികള്‍ നട്ടുപിടിപ്പിക്കല്‍, സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, വയോജനങ്ങളുടെ വിശ്രമസ്ഥലം എന്നിവ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. കഴിഞ്ഞ ജനുവരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ അധികൃതര്‍ ഇപ്പോള്‍ ഉദ്ഘാടനത്തെക്കുറിച്ചും സൗഹൃദ വീഥിയെ കുറിച്ചും മറന്നമട്ടാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."