ചെര്‍ണോബിലെ ദുരന്തം റഷ്യ നേരത്തെ അറിഞ്ഞിരുന്നുവെന്ന്
മോസ്‌കോ:ചെര്‍ണോബിലെ ആണവ നിലയം അപകടത്തിലായിരുന്നെന്ന് സോവിയറ്റ് യൂനിയന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഉക്രൈന്‍ അധികൃതരാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. 1986ലാണ് ചെര്‍ണോബ് ദുരന്തം ഉണ്ടായത്. ദുരന്തത്തിന്റെ 35ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉക്രൈന്‍ ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. 1982ല്‍ തന്നെ നിലയത്തില്‍ നിന്നും ആണവ വികിരണം ഉണ്ടാവുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഉക്രൈന്‍ സെക്യൂരിറ്റി സര്‍വീസ് ആണ് പഴയ രേഖകള്‍ ഉദ്ദരിച്ച് ഇത് പുറത്തുവിട്ടത്. റഷ്യയിലെ സുരക്ഷിതമല്ലാത്ത ആണവ നിലയമാണ് ചെര്‍ണോബ് എന്ന കാര്യം 1983ല്‍ റഷ്യന്‍ ഭരണത്തിലെ ഉന്നതര്‍ മനസിലാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ചെര്‍ണോബ് ദുരന്തം മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആണവ റിയാക്ടര്‍ ദുരന്തങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. നാനൂറു ഹിരോഷിമകള്‍ക്ക് തുല്യമായിരുന്നു ആ അപകടം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. പരീക്ഷണ വേളയില്‍ ഉണ്ടായ ചില അബദ്ധങ്ങള്‍ നിയന്ത്രണാതീതമായ ഫലങ്ങള്‍ ഉണ്ടാക്കുകയും അതിന്റെ ഫലമായി റിയാക്ടറിന്റെ ഉരുക്കു കവചങ്ങള്‍ പൊട്ടിത്തെറിച്ച് അതി തീവ്ര ശേഷിയുള്ള റേഡിയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ അന്തരീക്ഷത്തില്‍ കലരുകയുമായിരുന്നു. പരിസരത്തുണ്ടായിരുന്ന 31 പേര്‍ തത്സമയം മരണപ്പെട്ടു. റിയാക്ടര്‍ സ്ഥിതി ചെയ്തിരുന്ന പ്രിപ്യാറ്റ് നഗരം റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളാല്‍ പൂര്‍ണമായി മലിനീകരിക്കപ്പെട്ടു. റിയാക്ടറില്‍ നിന്നും വന്നുകൊണ്ടിരുന്ന വികിരണത്തിന്റെ അപകടത്തെക്കുറിച്ച് ബോധ്യമില്ലാതെ അഗ്‌നിശമന പ്രവര്‍ത്തകര്‍ സേവനം നടത്തി. അതുമൂലമുണ്ടായ കാന്‍സര്‍ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പതിനായിരക്കണക്കിന് പേരുടെ ജീവനെടുത്തു. തുടര്‍ന്നുവന്ന പല തലമുറകളും ഈ റേഡിയേഷന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചു. ഇന്ന് ആ ദുരന്ത ഭൂമി ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. സര്‍ക്കാര്‍ ചെര്‍ണോബില്‍ ഡാര്‍ക്ക് ടൂറിസം എന്ന വിളിപ്പേരില്‍ ടൂറിസം പ്രൊമോഷനുകള്‍ നടത്തുകയാണ്. 30 കിലോമീറ്റര്‍ ദൂരത്തില്‍ പടര്‍ന്നു കിടക്കുന്ന ഒരു വിനോദസഞ്ചാര സൈറ്റാണിപ്പോഴത്.അന്ന് പൊട്ടിത്തെറിച്ച റിയാക്ടര്‍ നമ്പര്‍ 4 അതുപോലെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 1986 ഏപ്രില്‍ 26നായിരുന്നു ആ ദരന്തമുണ്ടായത്.സോവിയറ്റ് യൂണിയന് ആണവ സാങ്കേതിക വിദ്യയില്‍ ഉണ്ടായിരുന്ന പരിചയക്കുറവും രഹസ്യസ്വഭാവത്തില്‍ കാര്യങ്ങള്‍ നീക്കുന്ന പതിവും കൊണ്ടുമാത്രം സംഭവിച്ച ഒരു ദുരന്തമായിരുന്നു അതെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."