HOME
DETAILS
MAL
കൊവിഡ് പ്രതിസന്ധി കഴിഞ്ഞ 14 മാസം നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി
backup
April 30 2021 | 00:04 AM
ചെന്നൈ: കൊവിഡിനെ നേരിടാന്‍ ആവശ്യത്തിന് സമയം ലഭിച്ചിട്ടും കഴിഞ്ഞ 14 മാസം നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി.
ഇതുവരെ ഒന്നും ചെയ്യാതെ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഏപ്രില്‍വരെ കാത്തു നിന്നത് എന്തിനാണെന്നും ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് ശെന്തില്‍ കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഒരു വര്‍ഷത്തോളം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും എന്തവസ്ഥയിലാണ് രാജ്യം ചെന്നുപെട്ടിരിക്കുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേയെന്നും ബെഞ്ച് ചോദിച്ചു. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും കൊവിഡ് സാഹചര്യം സംബന്ധിച്ച് കേസ് പരിഗണിക്കുകയായിരുന്നു കോടതി.
കൊവിഡിന്റെ കുതിച്ചുചാട്ടം അപ്രതീക്ഷിതമായിരുന്നുവെന്നും ജൂണോടെ സാഹചര്യങ്ങള്‍ മാറുമെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍. ശങ്കരനാരായണന്‍ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ശക്തമായ പ്രതികരണം.
ജൂണില്‍ കേസുകള്‍ കുറയുമെന്ന് ഏതു വിദഗ്ധനാണ് നിങ്ങളോട് പറഞ്ഞതെന്ന് കോടതി ചോദിച്ചു. കേസുകള്‍ കുറയാനുള്ള നടപടികളൊന്നും സ്വീകരിക്കാതെ വെറുതെ സാധ്യതകള്‍ പറയുകയാണ്. എല്ലാം നന്നായി നടക്കുന്നുണ്ടെന്ന് വെറുതെ പറയുകയാണ് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു മാസം എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ ഏതെങ്കിലും ഉത്തരവാദിത്തമുള്ള ഡോക്ടര്‍ സര്‍ക്കാരിനെ ഉപദേശിച്ചിരുന്നോയെന്നും കോടതി ചോദിച്ചു.
അങ്ങനെ ഒരു ഡോക്ടര്‍ ഉപദേശിച്ചതായി തങ്ങള്‍ക്കാര്‍ക്കും അറിയില്ല. ഒരു ഡോക്ടറുടെയും ഉപദേശം കേള്‍ക്കാതെ ഏതു വിദഗ്ധനാണ് സര്‍ക്കാരിന് ഉപദേശം നല്‍കുന്നത്. 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയതിന് പിന്നാലെ, രജിസ്റ്റര്‍ ചെയ്യുന്ന കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കാതെയായി. വാക്‌സിന് വില പല രീതിയില്‍ ഇടാക്കുന്നു. ഇക്കാര്യത്തിലെല്ലാം ഇന്ന് വിദശമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."