സിൽവർലൈൻ നരകത്തിലെ പദ്ധതി, സർക്കാരുമായി ചർച്ചയ്ക്ക് തയാർ: അലോക് കുമാർ വർമ
കൊച്ചി
കേരളത്തിലെ സാമൂഹ്യ - സാമ്പത്തിക - പാരിസ്ഥിതിക വ്യവസ്ഥകളുടെ നിലനിൽപ്പിനെ തകർക്കുന്നതും ആദ്യാവസാനം അബദ്ധങ്ങളാൽ തയാറാക്കപ്പെട്ടിട്ടുള്ളതുമായ കെ റെയിൽ സിൽവർലൈൻ പദ്ധതിയെ നരകത്തിലെ പദ്ധതി എന്നാണ് വിശേഷിപ്പിക്കേണ്ടതെന്ന് പ്രശസ്ത സാങ്കേതിക വിദഗ്ധനും മുൻ റെയിൽവേ എൻജിനീയറുമായ അലോക് കുമാർ വർമ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി എറണാകുളം ആശിർ ഭവനിൽ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരമൊരു വിനാശ പദ്ധതിയെ അഭിമാന പദ്ധതിയായി സർക്കാർ കാണുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അതീവ രഹസ്യ രേഖയെന്ന് സർക്കാർ വിശേഷിപ്പിച്ച വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കുന്നതിനു മുൻപ് നടക്കേണ്ടതായ ജിയോളജിക്കൽ സർവേ, ഹൈഡ്രോളജിക്കൽ സർവേ തുടങ്ങിയ സുപ്രധാന പഠനങ്ങൾ പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മിരിലെ ശ്രീനഗറിലേക്കുള്ള റെയിൽവേയെക്കാളേറെ കയറ്റിറക്കങ്ങളും കേരളത്തിൽ നിലവിലുള്ള പാതയെക്കാളേറെ വളവ് തിരിവുകളുമുള്ള അലൈൻമെന്റാണ് നിർദിഷ്ട സിൽവർ ലൈനിന്റേത്. ബ്രോഡ്‌ഗേജ് ആയിരുന്ന പദ്ധതി സ്റ്റാൻഡേർഡ് ഗേജ് ആയതും സ്റ്റാന്റ് എലോൺ ആയതും, പൂർണമായും തൂണുകളിൽ എലിവേറ്റഡായി വിഭാവനം ചെയ്ത പദ്ധതിയിൽ 80 ശതമാനം എംബാങ്ക്‌മെൻ്റ് ആക്കിയതുമെല്ലാം ദുരുദ്ദേശപരമാണ്.
കഴിഞ്ഞ വർഷങ്ങളിലെ പ്രളയങ്ങളോ വെള്ളപ്പൊക്കമോ ഇതിന്റെ വക്താക്കൾ പരിഗണിച്ചിട്ടില്ല. സാമൂഹ്യാഘാത വശങ്ങൾ പരിഗണിച്ചിട്ടില്ല. ജപ്പാൻ നാണയത്തെ അടിസ്ഥാനമാക്കി തിരിച്ചടക്കേണ്ട വായ്പയുടെ ഭീമമായ പലിശയും പരിഗണിക്കപ്പെട്ടില്ല. അങ്ങനെ സമ്പൂർണ്ണമായും നാശത്തിന്റെ കുറിപ്പടിയാൽ തയാറാക്കപ്പെട്ടിട്ടുള്ള ഈ പദ്ധതിയെ അഭിമാന പദ്ധതിയായി സർക്കാർ അവതരിപ്പിക്കുന്നതിന്റെ ന്യായം മനസ്സിലാകുന്നില്ല. ഇത് സംബന്ധിച്ച് സർക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സമിതി പ്രസിഡൻ്റ് പ്രൊഫ. കെ. അരവിന്ദാക്ഷൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം. ഷാജർഖാൻ, ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."