നിയമ ലംഘകർ കൂട്ടമായെത്തി; തിരക്ക് നിയന്ത്രിക്കാനാകാതെ വീസ പ്രശ്ന പരിഹാരത്തിന് ഒരുക്കിയ പ്രത്യേക ക്യാംപെയ്ൻ നിർത്തിവെച്ചു
ദുബായ്: യുഎഇ വീസയുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പ്രശ്ന പരിഹാരത്തിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) ഒരുക്കിയ പ്രത്യേക ക്യാംപെയ്ൻ നിർത്തിവെച്ചു. ദെയ്‌റ സിറ്റി സെന്ററിൽ നടന്ന ക്യാംപെയ്ൻ ജനത്തിരക്ക് മൂലമാണ് നിർത്തിവെച്ചത്. കൂടുതൽ വിപുലമായി ക്യാംപെയ്ൻ മറ്റൊരു ദിവസം നടത്തുമെന്നാണ് വിവരം.
ദെയ്റ സിറ്റി സെന്ററിൽ തിങ്കളാഴ്ച വരെ തുടരുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന ക്യാംപെയ്ൻ ഇന്നലെ രാവിലെ 11 മണിയോടെ നിർത്തിവെക്കുകയായിരുന്നു. ക്യാംപെയ്ൻ നടക്കുന്ന വിവരമറിഞ്ഞ് രാവിലെ തന്നെ സിറ്റി സെന്ററിലേക്കു ജനം ഒഴുകിയെത്തി. മണിക്കൂറുകൾക്കകം 25,000ത്തോളം പേർ എത്തിയതോടെ തിരക്ക് അനിയന്ത്രിതമായി. ഇതോടെ ക്യാംപെയ്ൻ നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
വീസ അനുവദിച്ചതിൽ കൂടുതൽ താമസിച്ചവർക്കും കാലഹരണപ്പെട്ട രേഖകളുള്ളവർക്കും ഉൾപ്പെടെ പ്രയോജനപ്പെടുത്താവുന്നതായിരുന്നു ക്യാംപെയ്ൻ. വീസയുടെ സാധുതയെക്കുറിച്ച് ഉറപ്പില്ലാത്ത താമസക്കാർക്ക് അവരുടെ പാസ്‌പോർട്ടുകൾ മാത്രം ഉപയോഗിച്ച് പെർമിറ്റുകളുടെ കാലാവധി പരിശോധിക്കാനും അവസരമൊരുക്കിയിരുന്നു. വീസ കാലാവധി ഒരു ദിവസം മുതൽ 10 വർഷം വരെ പിന്നിട്ടവർക്കും വേണ്ടിയായിരുന്നു എ ഹോംലാൻഡ് ഫോർ ഓൾ എന്ന പേരിലുള്ള ക്യാംപെയ്ൻ.
അതേസമയം, ജനം ഇടിച്ചു കയറിയത് നിയമലംഘകരായി ഒട്ടേറെ പേർ രാജ്യത്ത് കഴിയുന്നുണ്ടെന്നതിന്റെ സൂചനയാണ്. ഇതനുസരിച്ച് വിപുലമായ സംവിധാനമൊരുക്കി ക്യാംപെയ്ൻ നടത്താനാണ് അധികൃതരുടെ പദ്ധതി. പ്രശ്ന പരിഹാരത്തിനായി മുന്നോട്ടു വരുന്നവർക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ജിഡിആർഎഫ്എയിലെ ക്ലയന്റ് ഹാപ്പിനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സലേം ബിൻ അലി ഉറപ്പു നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."