ആകാശ് തില്ലങ്കേരി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍, ആറു മാസം കരുതല്‍ തടങ്കല്‍
കണ്ണൂര്‍: കഴിഞ്ഞ ദിവസം കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. പുലര്‍ച്ചെ നാലുമണിക്കാണ് ഇരുവരെയും ഇവിടെ എത്തിച്ചത്.
ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലിസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയേണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉള്‍പെടെ 14 ക്രിമിനല്‍ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്. ഇരുവരേയും വിയ്യൂരിലേക്ക് മാറ്റുമെന്നും
ഷുഹൈബ് വധം പാര്‍ട്ടി ആഹ്വാന പ്രകാരം താന്‍ നടത്തിയതാണെന്ന തരത്തില്‍ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിഞ്ഞത്. സി പി എമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിലുണ്ടെന്നറിയുന്നു. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്
ഷുഹൈബ് വധക്കേസില്‍ അനുവദിച്ച ജാമ്യം റദ്ദാക്കാനായിരുന്നു മട്ടന്നൂര്‍ പൊലിസ് തലശേരി സി.ജെ.എം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. അതേ സമയം സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ആകാശിനെ നിയമപരമായി തളയ്ക്കാനുള്ള അണിയറ നീക്കങ്ങളാണ് സിപിഎം നടത്തുന്നതെന്ന സംശയമാണ് അന്നുതന്നെ ബലപ്പെട്ടിരുന്നത്. നേരത്തെ തന്നെ കാപ്പ ചുമത്തുന്നതിനും നീക്കം നടത്തിയിരുന്നു. മട്ടന്നൂര്‍, മുഴക്കുന്ന് പൊലിസ് സ്റ്റേഷനുകളില്‍ ആകാശ് തില്ലങ്കേരിക്കെതിരെ രണ്ടു കേസുകള്‍ ഡി.വൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു കേസില്‍ ജാമ്യവും നേടിയിരുന്നു.
ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷാജറിനെതിരെ പാര്‍ട്ടി തന്നെ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നു.
ആകാശുമായി ഷാജര്‍ സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ലാ കമ്മിറ്റി അംഗം നല്‍കിയ പരാതിയിലാണ് അന്വേഷണം.
തില്ലങ്കേരിയെ തിരുട്ടുഗ്രാമം പോലെയാക്കി മാധ്യമങ്ങള്‍ക്ക് കൊത്തിവലിക്കുവാന്‍ ഇട്ടുകൊടുത്ത ആകാശ് തില്ലങ്കേരി ഇവിടെ പട്ടിയുടെ കാലിന്റെ ചുവട്ടിലിരുന്ന രോമാഞ്ചം കൊള്ളുകയാണെന്ന് ഷാജര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ആകാശ് തില്ലേങ്കേരിയുമായി അടുപ്പം പുലര്‍ത്തുന്നുവെന്നാരോപിച്ച് ഷാജറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ പരാതി ലഭിച്ചത്. നേരത്തെ ആകാശ് തില്ലങ്കേരിക്ക് എം ഷാജര്‍ ട്രോഫി നല്‍കുന്ന ചിത്രം വലിയ വിവാദമായിരുന്നു.
ആകാശ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് വ്യക്തമാക്കിയാണ് അടുത്തിടെ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലിസ് ചൂണ്ടിക്കാട്ടിയിരുന്നത്. ഷുഹൈബ് വധക്കേസില്‍ മുഖ്യപ്രതിയാണ് ആകാശ് തില്ലങ്കേരി. ഈ കേസില്‍ 17 പ്രതികളാണുള്ളത്. ആകാശ് ഉള്‍പ്പെടെ രണ്ടുപേരെ സിപിഎം നേരത്തെ പുറത്താക്കിയിരുന്നു.
ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആകാശ് തില്ലങ്കേരിക്കെതിരെ പോലിസ് നടപടി തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്. ഇതിനുശേഷം തില്ലങ്കേരിയില്‍ പി.ജയരാജന്‍ തന്നെ പങ്കെടുത്ത സി.പി.എം വിശദീകരണയോഗത്തില്‍ ആകാശിനെ തള്ളിപ്പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."