സിൽവർലൈൻ കല്ലിടൽ വീണ്ടും സമരക്കാരെ ബൂട്ടിട്ട് ചവിട്ടി പൊലിസ് കണ്ണൂരിലും തിരുവനന്തപുരത്തും സംഘർഷം
കഴക്കൂട്ടം/കണ്ണൂർ
ഒരു ഇടവേളയ്ക്കുശേഷം സിൽവർലൈൻ സർവേയുടെ ഭാഗമായുള്ള കല്ലിടൽ വീണ്ടും തുടങ്ങി. കല്ലിടലിനെതിരേ തിരുവനന്തപുരം കണിയാപുരത്തെ കരിച്ചാറ, കണ്ണൂരിലെ ചാല എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കണിയാപുരത്തെ സമരത്തിൽ പങ്കെടുത്തയാളെ പൊലിസുകാരൻ ബൂട്ടിട്ട് ചവിട്ടി. ദലിത് കോൺഗ്രസ് നേതാവ് പള്ളിപ്പുറം ജോയിയെയാണ് പൊലിസ് ബൂട്ടിട്ട് ചവിട്ടിയത്. ഇയാളെ ആണ്ടൂർക്കോണത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി.
പൊലിസ് മർദനത്തിൽ കോൺഗ്രസ് പ്രവർത്തകനായ എസ്.കെ സുജിക്കും പരുക്കേറ്റു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബോധരഹിതനായി വീഴുകയും ചെയ്തു. സംഘർഷത്തിന് അയവില്ലാതായതോടെ പ്രദേശത്തെ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ഡെപ്യൂട്ടി കലക്ടറാണ് കല്ലിടല്‍ നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പൊലിസ് കാവലിലായിരുന്നു ഉദ്യോഗസ്ഥര്‍ കരിച്ചാറയില്‍ കല്ലിടല്‍ നടപടികള്‍ക്കായി എത്തിയത്. കണ്ണൂർ ചാലയിൽ പൊലിസും യൂത്ത്കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. പ്രതിഷേധിച്ച മുപ്പതോളം സമരക്കാരെ എടക്കാട് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. വിവരമറിഞ്ഞ് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകരെത്തി സർവേ തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."