കൊലക്കേസ് പ്രതിക്ക് അഭയം രേഷ്മയ്ക്ക് സസ്പെൻഷൻ; പിന്നാലെ രാജി
സ്വന്തം ലേഖകൻ
കണ്ണൂർ
ന്യൂ മാഹി പുന്നോലിലെ സി.പി.എം പ്രവർത്തകൻ കെ.ഹരിദാസൻ വധക്കേസ് പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ ആണ്ടല്ലൂർ സ്വദേശി പി.എം രേഷ്മയെ തലശ്ശേരി അമൃത വിദ്യാലയത്തിൽ നിന്നു സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷനു പിന്നാലെ രേഷ്മ സ്‌കൂൾ അധികൃതർക്കു രാജിക്കത്ത് നൽകി. ഇവിടെ ഇംഗ്ലിഷ് അധ്യാപികയായിരുന്നു രേഷ്മ. ഹരിദാസൻ വധക്കേസിലെ മുഖ്യപ്രതിയും ആർ.എസ്.എസ് പ്രാദേശിക നേതാവുമായ പാറക്കണ്ടി നിജിൽദാസി(38)നെ, ഭർത്താവ് പ്രശാന്തിന്റെ പേരിലുള്ള വീട്ടിൽ താമസിപ്പിച്ചതിനാണ് രേഷ്മ അറസ്റ്റിലായത്. കേസിൽ, രേഷ്മയ്ക്കു ജാമ്യം ലഭിച്ചിരുന്നു.
കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസിനെ ഒളിവിൽ പാർപ്പിച്ചത്. നിജിൽദാസ് ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്ന് രേഷ്മ പൊലിസിന് മൊഴി നൽകിയിരുന്നു. കൊലക്കേസിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ച അന്വേഷണം തുടരുമെന്ന് പൊലിസ് പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് നിജിൽദാസും രേഷ്മയും അറസ്റ്റിലായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽനിന്ന് ഏതാനും മീറ്റർ മാത്രം അകലെയാണ് നിജിൽദാസ് ഒളിവിൽ കഴിഞ്ഞിരുന്ന വീട്.
കൊലപാതകത്തിനു പിന്നാലെ രണ്ടു മാസമായി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന നിജിൽദാസ് ഈ മാസം 17നാണ് പാണ്ട്യാലമുക്കിലെ വീട്ടിൽ എത്തിയത്. ഏഴ് ദിവസമാണ് നിജിൽദാസ് ഇവിടെ താമസിച്ചത്. കൊലക്കേസ് പ്രതിക്ക് ഒളിച്ചുതാമസിക്കാൻ സൗകര്യമൊരുക്കിയതും ഭക്ഷണവും വസ്ത്രവും അടക്കമുള്ളവ എത്തിച്ചതും രേഷ്മയാണെന്ന് പൊലിസ് പറയുന്നു. എന്നാൽ, പ്രതിചേർക്കും മുൻപാണ് നിജിൽദാസിന് താമസ സൗകര്യം ഒരുക്കിയതെന്നും ഭർത്താവിന്റെ പേരിലുള്ള വീട്ടിൽ ഇയാൾ താമസിച്ചതിന് രേഷ്മയ്‌ക്കെതിരേ കേസെടുക്കാനാകില്ലെന്നുമാണ് അഭിഭാഷകന്റെ വാദം.
കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ രേഷ്മ ന്യൂമാഹി പൊലിസിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചു. സ്ത്രീയെന്ന നിലയിൽ ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിക്കപ്പെട്ടെന്നും രേഷ്മ പരാതിയിൽ പറയുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും പരാതിയിലുണ്ട്. തന്റെയും പ്രായപൂർത്തിയാകാത്ത മകളുടെയും ഫോണുകൾ പൊലിസ് കസ്റ്റഡിയിലാണ്. ഈ ഫോണിലെ ചിത്രങ്ങളും വിഡിയോകളും സൈബർ ആക്രമണം നടത്തിയവർക്ക് ലഭിച്ചത് പൊലിസ് സ്റ്റേഷനിൽ നിന്നാണെന്നു സംശയിക്കുന്നതായും പരാതിയിലുണ്ട്. താനും കുടുംബവും ഭർത്താവിന്റെ കുടുംബവുമെല്ലാം സി.പി.എം അനുഭാവികളാണെന്നും രേഷ്മ പറയുന്നു.
മീൻപിടിത്ത തൊഴിലാളിയായ ഹരിദാസിനെ കഴിഞ്ഞ ഫെബ്രുവരി 21ന് ആണ് ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. പുലർച്ചെ ഒന്നരയോടെ കടലിൽ പോയി തിരിച്ചെത്തിയ ഹരിദാസനെ വീട്ടുമുറ്റത്ത് ഭാര്യയുടെ കൺമുന്നിലിട്ടാണ് അക്രമിസംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 16 പേരെയാണ് അന്വേഷണസംഘം അറസ്റ്റ്‌ചെയ്തത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."