ശുദ്ധവായു അവകാശം
സ്വന്തം ലേഖകൻ
കൊച്ചി • കാക്കനാട് ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം കലക്ടർക്കും കൊച്ചി കോർപറേഷനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി വിമർശിച്ചത്.
മാലിന്യസംസ്‌കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും ഉറവിട മാലിന്യ സംസ്‌കരണം വേണമെന്നും കോടതി ആവശ്യപ്പെട്ടു. ശുദ്ധവായു ജനങ്ങളുടെ അവകാശമാണ്. കൊച്ചിയിലടക്കം പലയിടത്തും പൗരൻമാർക്ക് ഈ അവകാശം നഷ്ടമാകുന്നു. കലക്ടർ അടക്കമുള്ളവർ കൃത്യസമയത്ത് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ദുരിതം ഇത്രയേറെ വളരുമായിരുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
അഗ്‌നിബാധയ്ക്കു ദിവസങ്ങൾക്കു മുമ്പ് കോർപറേഷന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കലക്ടർ അറിയിച്ചു. എന്നാൽ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്‌സൺ എന്ന നിലയിലുള്ള ചുമതല നിർവഹിക്കാൻ കലക്ടർക്ക് കഴിഞ്ഞോയെന്ന് കോടതി ചോദിച്ചു. അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് പരിശോധിക്കാൻ കൊച്ചി നഗരത്തിൽ നാലിടത്ത് മാത്രമാണ് സംവിധാനമുള്ളതെന്ന് കലക്ടർ അറിയിച്ചു. തീ നിയന്ത്രണ വിധേയമാണെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി മാലിന്യത്തിനു വീണ്ടും തീപിടിച്ചത് ചൂണ്ടിക്കാട്ടിയ കോടതി ഈ വാദങ്ങൾ തള്ളി.
മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന വലിയ സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകാൻ കോർപറേഷൻ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്ക് പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കാനാവില്ലെങ്കിൽ കേന്ദ്ര ബോർഡിന്റെ സഹായം തേടുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ആവശ്യത്തിന് ജീവനക്കാരില്ലെന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്റെ മറുപടി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഹാജരായിരുന്ന ഒരോരുത്തരുടെയും നിയമപരമായ കടമകൾ ഓർമിപ്പിച്ച കോടതി പ്രശ്‌ന പരിഹാരത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു. പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാനും ജസ്റ്റിസ് എസ്.വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
തദ്ദേശ സ്വയംഭരണ അഡി.ചീഫ് സെക്രട്ടറി ശാരദ മുരളിധരൻ, എറണാകുളം കലക്ടർ രേണുരാജ്, കൊച്ചി കോർപറേഷൻ സെക്രട്ടറി എം.ബാബു അബ്ദുൽ ഖാദർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ. ബി പ്രദീപ് കുമാർ എന്നിവർ കോടതിയിൽ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."