കാബൂളിലെ സ്കൂളില്‍ വന്‍ സ്ഫോടനം, 40 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ ജനവാസ മേഖലയിലെ സ്കൂളില്‍ വന്‍ സ്ഫോടനം. സ്ഫോടനങ്ങളില്‍ 40 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളാണ് മരണപ്പെട്ടവരില്‍ ഏറെയുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാബൂള്‍ ദഷ്ട്ഇബര്ച്ചിയിലെ സയ്യദ് ഷുഹാദ സ്കൂളിലാണ് സ്ഫോടനം നടന്നത്. പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സ് നടക്കുന്ന വൈകുന്നേരത്തോടെയാണ് സ്ഫോടനം നടന്നത്.അപകടത്തിനിരയായവരില്‍ ഏറെയും പെണ്‍കുട്ടികളാണ്.
സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. അതേസമയം താലിബാന് ആണ് ആക്രമണത്തിന് പിന്നിലെന്ന് അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനി ആരോപിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടതിലൂടെ അഫ്ഗാനിസ്ഥാന്റെ ഭാവിയെ ആണ് താലിബാന് ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്ഫോടനത്തില്‍ പങ്കില്ലെന്ന് താലിബാന് വക്താവ് സബിനുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് അടുത്തിടെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.ആക്രമണത്തിന് പിന്നാലെ ഇതിന്റെ ദാരുണ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചിന്നിച്ചിതറിയ മൃതദേഹങ്ങളും ചോരയില്‍ മുങ്ങിയ പുസ്തകങ്ങളും ശരീരങ്ങളും ദൃശ്യങ്ങളില്‍ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."