ബഹിരാകാശത്തെ രാഷ്ട്രീയപ്പോരും ആശങ്കകളും
മനുഷ്യര്‍ ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ക്ക് പിന്നില്‍ ശാസ്ത്രത്തിന്റെ പുരോഗതിക്ക് വലിയ പങ്കുണ്ട്. ബഹിരാകാശ മേഖലയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വളര്‍ച്ച കഴിഞ്ഞ ദശകങ്ങളില്‍ വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, കാലാവസ്ഥാ പ്രവചനം, ജി.പി.എസ്, ഓഷ്യന്‍, എയര്‍, ലാന്റ് ട്രാഫിക് തുടങ്ങി ഇന്ന് ബഹിരാകാശ ശാസ്ത്രത്തിന്റെ എന്തെങ്കിലും സൗകര്യങ്ങള്‍ ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല. കൃഷിക്ക് പോലും ഉപഗ്രഹങ്ങളുടെ സഹായം ഇന്ന് ആവശ്യമാണ്. അതോടൊപ്പം ബഹിരാകാശ രംഗത്തെ കിടമത്സരം ലോകരാജ്യങ്ങള്‍ക്കിടയില്‍ സജീവമാണ്. ഭൂമിക്ക് പുറമേ ബഹിരാകാശത്തും ആധിപത്യം പുലര്‍ത്താന്‍ വന്‍കിട രാജ്യങ്ങളെല്ലാം ശ്രമിക്കുന്നത്.
ഈ മേഖലയില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും മുന്നിലാണെന്നത് അഭിമാനാര്‍ഹമാണ്. ബഹിരാകാശ മേഖലയിലെ മത്സരത്തിനു പിന്നില്‍ രാജ്യങ്ങള്‍ക്ക് പല താല്‍പര്യങ്ങളുമുണ്ട്. സൈനിക ശേഷിക്കും ചാരപ്രവര്‍ത്തനത്തിനും എല്ലാം ഇന്ന് ബഹിരാകാശത്തെ ഉപഗ്രഹങ്ങളുടെ സഹായം വേണം. മത്സരം സജീവമായതോടെ തന്നെ ബഹിരാകാശത്തും പരിസ്ഥിതി മാലിന്യപ്രശ്‌നങ്ങളും മറ്റും കൂടിയിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്ത് ഉപഗ്രഹങ്ങളും പേടകങ്ങളും ട്രാഫിക് ജാം ഉണ്ടാക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ രംഗത്തേക്ക് സ്‌പേസ് എക്‌സ് പോലുള്ള സ്വകാര്യ കമ്പനികളും കടന്നുവന്നതോടെ ആകാശത്തും പ്രതിസന്ധി ഉടലെടുക്കുകയാണ്. ഒപ്പം വിവിധ രാജ്യങ്ങളുടെ രാഷ്ട്രീയ താല്‍പര്യവും ബഹിരാകാശ രംഗത്തെ കൂടുതല്‍ മത്സരരംഗമാക്കിയിരിക്കുന്നു.
ബഹിരാകാശത്തെ രാഷ്ട്രീയപ്പോര്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐ.എസ്.എസ്) ബദലായി മറ്റൊരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ആദ്യഘട്ടം ചൈന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ടിയാന്‍ഹെ എന്ന സ്റ്റേഷന്റെ നിര്‍മാണത്തിന്റെ ഭാഗമായി പോയ റോക്കറ്റിന്റെ പ്രധാനഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയില്‍ പതിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചൈനയ്ക്ക് റോളൊന്നുമില്ല. യു.എസ്, റഷ്യ, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി അംഗത്വമുള്ളത്.
ബഹിരാകാശരംഗത്ത് വളരെയേറെ മുന്നോട്ടുപോയ ചൈന സ്വന്തമായി നിലയം നിര്‍മിക്കാന്‍ തീരുമാനിച്ചതും ഇക്കാരണത്താലാണ്. 400 കി.മി ഉയരത്തില്‍ ഭൂമിയെ ഭ്രമണം ചെയ്യുന്ന ഐ.എസ്.എസിന്റെ നിയന്ത്രണം യു.എസ് ഏജന്‍സിയായ നാസക്കാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ദിവസങ്ങളോളമോ മാസങ്ങളോളമോ അവിടെ താമസിച്ച് ഗവേഷണം നടത്തി ഭൂമിയിലേക്ക് തിരികെ വരികയാണ് പതിവ്. ഇതിനിടെ മൂന്ന് ശാസ്ത്രജ്ഞര്‍ ബഹിരാകാശ യാത്രയ്ക്കിടെ മരിച്ചിട്ടുമുണ്ട്. ഐ.എസ്.എസില്‍ സജീവ പങ്കാളിത്തമുണ്ടായിരുന്ന റഷ്യ ഇപ്പോള്‍ ചൈനയ്‌ക്കൊപ്പം ചേര്‍ന്ന് പുതിയ ബഹിരാകാശ നിലയത്തിന് ശ്രമിക്കുകയാണ്. സാങ്കേതിക സഹായം മാത്രമാണ് നല്‍കുന്നതെന്നാണ് റഷ്യ വിശദീകരിക്കുന്നത്. നേരത്തെ ഐ.എസ്.എസിലേക്ക് ശാസ്ത്രജ്ഞരെ കൊണ്ടുപോയതും തിരികെ എത്തിച്ചതും എല്ലാം യു.എസിന്റേയും റഷ്യയുടെയും റോക്കറ്റുകളിലോ സ്‌പേസ് ഷട്ടിലുകളിലോ ആയിരുന്നു.
വിമാനം മാതൃകയില്‍ പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനങ്ങള്‍ അമേരിക്ക ഉപയോഗിച്ചിരുന്നു. എന്നാല്‍, റഷ്യ ഇതിനു പകരം സോയുസ് റോക്കറ്റുകളാണ് ഉപയോഗിച്ചത്. സ്‌പേസ് ഷട്ടിലുകള്‍ ദുരന്തത്തില്‍ പെടുകയും ബഹിരാകാശ യാത്രികര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ യു.എസ് ഇതില്‍നിന്ന് പിന്മാറി. ഇന്ത്യക്കാരിയായ കല്‍പന ചൗള കൊല്ലപ്പെട്ടതും ഇത്തരമൊരു യാത്രയിലാണ്. താരതമ്യേന സുരക്ഷ കുറവും ചെലവ് കൂടുതലുമായതാണ് സ്‌പേസ് ഷട്ടിലുകളെ ഒഴിവാക്കാന്‍ യു.എസിനെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് റഷ്യന്‍ സോയുസ് റോക്കറ്റിലായി ബഹിരാകാശ സഞ്ചാരവും മടക്കവും. അമേരിക്കന്‍ ശാസ്ത്രജ്ഞരും റഷ്യന്‍ റോക്കറ്റുകളിലായി യാത്ര. ഇതിന് വന്‍തുക റഷ്യ ചാര്‍ജ് ചെയ്തു. വിദേശികള്‍ക്ക് 24 കോടി ഡോളര്‍ ഓരോ യാത്രക്കാരനും അവര്‍ ഈടാക്കി. ഇതെല്ലാം നാസയ്ക്ക് കല്ലുകടിയായി.
യു.എസ് പിന്മാറി,
സ്വകാര്യ കമ്പനികള്‍ വന്നു
റഷ്യയുടെ റോക്കറ്റ് വാടകയ്‌ക്കെടുത്ത് പത്തു വര്‍ഷത്തോളം യു.എസ് യാത്ര തുടര്‍ന്നു. ഈയടുത്ത് വരെ കസാഖിസ്ഥാനില്‍ റഷ്യന്‍ സോയൂസ് റോക്കറ്റില്‍ ബഹിരാകാശ സഞ്ചാരികള്‍ വന്നിറങ്ങിയ ചിത്രം നാം പത്രത്തില്‍ കണ്ടതാണ്. പിന്നീട് നാസ നയം മാറ്റിയതിനെ തുടര്‍ന്ന് സ്‌പേസ് എക്‌സ് പോലുള്ള സ്വകാര്യ കമ്പനികള്‍ ബഹിരാകാശ രംഗത്ത് യാത്രാപേടകങ്ങളും റോക്കറ്റും നിര്‍മിച്ചു. യു.എസ് കമ്പനിയായ സ്‌പേസ് എക്‌സില്‍ നിന്ന് റോക്കറ്റുകള്‍ വാടകയ്ക്ക് എടുക്കാന്‍ നാസ തീരുമാനിച്ചു. പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റുകളാണ് സ്‌പേസ് എക്‌സ് ഇപ്പോള്‍ പരീക്ഷിക്കുന്നത്.
ഇതോടെ റഷ്യയുടെ റോക്കറ്റുകള്‍ക്ക് വരുമാനം കുറഞ്ഞു. തുടര്‍ന്നാണ് നേരത്തെ ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ മോഹവുമായി നടക്കുന്ന ചൈനയ്‌ക്കൊപ്പം സഹകരിക്കാന്‍ റഷ്യ തയാറായത്. റഷ്യക്കൊപ്പം ജര്‍മനിയും ഫ്രാന്‍സും പദ്ധതിയുടെ സാങ്കേതികരംഗത്ത് സഹകരിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരി 14 നാണ് ടിയാന്‍ഹെ പദ്ധതി നിര്‍മാണത്തെക്കുറിച്ച് ചൈന മാന്‍ഡ് സ്‌പേസ് എന്‍ജിനീയറിങ് ഓഫിസ് (സി.എം.എസ്.ഇ.ഒ) പ്രഖ്യാപനം നടത്തിയത്. മൂന്ന് മോഡ്യൂളുകളുള്ള സ്‌പേസ് സ്റ്റേഷനാണിത്. അതില്‍ ആദ്യ മോഡ്യൂള്‍ സ്ഥാപിക്കവെയാണ് നിയന്ത്രണം നഷ്ടമായി റോക്കറ്റ് താഴേക്ക് പതിച്ചത്. മോഡ്യൂള്‍ ബഹിരാകാശത്ത് വിജയകരമായി എത്തിച്ച ശേഷമാണ് റോക്കറ്റ് നിയന്ത്രണം വിട്ടത്. ഏപ്രില്‍ 29 നായിരുന്നു ഇതിന്റെ വിക്ഷേപണം. ഇപ്പോള്‍ ചൈനയുമായി ബഹിരാകാശ രംഗത്ത് സഹകരിക്കുന്ന റഷ്യ 2025ല്‍ ഐ.എസ്.എസില്‍നിന്ന് പിന്മാറുമെന്ന് അറിയിച്ചിട്ടുണ്ട്. 2030 നകം സ്വന്തമായി സ്‌പേസ് സ്റ്റേഷന്‍ സ്ഥാപിക്കാനാണ് അവരുടെ ശ്രമം.
തലയ്ക്കു മീതേ ശൂന്യാകാശമല്ല
തലയ്ക്കു മീതെ ഇപ്പോള്‍ ശൂന്യാകാശമല്ല. അത്രയ്ക്ക് പേടകങ്ങള്‍ ഭൂമിയെ ചുറ്റുന്നുണ്ട്. ഇതില്‍ പലതും നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കഴിഞ്ഞ ദിവസം ചൈനയുടെ സി.ഇ സെഡ് 5 ബി എന്ന റോക്കറ്റ് നിയന്ത്രണം വിട്ടത് ഏതാനും ദിവസം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഒടുവില്‍ ഇന്നലെ രാവിലെ 7.44 ഓടെ മാലദ്വീപിനു സമീപം കടലില്‍ പതിച്ചതോടെയാണ് ലോകത്തിന് ശ്വാസം നേരെ വീണത്. വിവിധ അന്താരാഷ്ട്ര ബഹിരാകാശ ഏജന്‍സികള്‍ക്ക് റോക്കറ്റ് എപ്പോള്‍ എവിടെ വീഴുമെന്ന് പ്രവചിക്കാനായില്ല. കേരളത്തില്‍നിന്ന് ഏകദേശം 750 കി.മി മാത്രം അകലെയാണ് റോക്കറ്റിന്റെ ഭാഗം പതിച്ചത്. ഭൂമിയിലെത്തും മുന്‍പ് കത്തിത്തീര്‍ന്നതിനാലും അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ വീഴാത്തതുമാണ് ദുരന്തം ഒഴിവാക്കിയത്. ഈ വിഷയത്തില്‍ ചൈനീസ് ബഹിരാകാശ ഏജന്‍സി ലോകരാജ്യങ്ങളുടെ പഴികേട്ടു എന്നതില്‍ കവിഞ്ഞ് ഇത്തരം പ്രശ്‌നങ്ങള്‍ ഭാവിയില്‍ കൂടുമ്പോള്‍ പൊതുജനസുരക്ഷയ്ക്ക് എന്തുമാര്‍ഗം സ്വീകരിക്കണമെന്ന കാര്യം ലോകരാജ്യങ്ങള്‍ ചിന്തിക്കണം.
22.5 ടണ്‍ ഭാരമുള്ള റോക്കറ്റിന്റെ 30 മീറ്റര്‍ നീളമുള്ള ഭാഗമാണ് നിയന്ത്രണംവിട്ട് ഭൂമിയിലേക്ക് വന്നത്. ഇന്നലെ അര്‍ധരാത്രിവരെ ഭൗമോപരിതലത്തില്‍ നിന്ന് 150 കി.മി വരെ ഉയരത്തില്‍ 27,927 കി.മീ വേഗത്തിലാണ് റോക്കറ്റ് ഭാഗം ഭൂമിയെ ചുറ്റിയിരുന്നത്. രാവിലെ 100 കിലോമീറ്ററിലും താഴ്ന്നതോടെ ഭൂമിയുടെ വായുമണ്ഡലത്തിലേക്ക് പ്രവേശിച്ച് തീപിടിച്ച് ഭൂമിയിലേക്ക് പതിക്കുകയായിരുന്നു. ഈ സംഭവം ഇതാദ്യമല്ല. നിയന്ത്രണംവിട്ട് വരുന്ന പേടകങ്ങള്‍ എവിടെ പതിക്കുമെന്ന് അറിയാത്തതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയില്ല. സാധാരണ നിയന്ത്രണംവിട്ട് വരുന്ന റോക്കറ്റുകളെ ഗതിമാറ്റി കടലില്‍ വീഴ്ത്താനുള്ള സാങ്കേതിക സംവിധാനമുണ്ട്. കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ ചൈനയ്ക്ക് എവിടെയോ സാങ്കേതിക പിഴവുണ്ട്. ദുരന്തം ഒഴിവായെങ്കിലും ഭാവിയിലും ഈ ഭീഷണി നാം നേരിടേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."