കൊവിഡുകാല പരോൾ മതിയാക്കി തടവുകാർ രണ്ടാഴ്ചയ്ക്കകം ജയിലിൽ തിരിച്ചെത്തണമെന്ന്
സുപ്രിംകോടതി
ന്യൂഡൽഹി
കേരളത്തിൽ കൊവിഡ് വ്യാപനം മൂലം പരോൾ ലഭിച്ച തടവുകാർ രണ്ടാഴ്ചയ്ക്കുള്ളിൽ ജയിലിൽ തിരിച്ചെത്തണമെന്ന് സുപ്രിംകോടതി. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ തടവുകാർ പരോളിൽ തുടരേണ്ട കാര്യമില്ലെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വീണ്ടും കൊവിഡ് കേസുകൾ കൂടുന്നതിനാൽ പരോൾ നീട്ടണമെന്നാവശ്യപ്പെട്ട് ടി.പി വധക്കേസിലെ പ്രതികളടക്കം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പരോൾ അനന്തമായി നീട്ടാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
ജയിൽപ്പുള്ളികൾ കൂട്ടത്തോടെ തിരിച്ചെത്തുന്നത് ജയിലിലെ സ്ഥിതി സങ്കീർണമാക്കുമെന്ന് തടവുകാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും അതെല്ലാം ജയിൽ അധികൃതർക്ക് കൈകാര്യം ചെയ്യാനാവുമെന്ന് കോടതി പറഞ്ഞു. പരോളിൽ കഴിഞ്ഞ കാലാവധി ശിക്ഷയുടെ ഭാഗമായി പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അത് പിന്നീട് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് തടവുകാർക്ക് പരോൾ നൽകാനും അക്കാര്യം പരിശോധിക്കാൻ സമിതി രൂപീകരിക്കാനും 2020 മാർച്ച് 23നാണ് സുപ്രിംകോടതി ഉത്തരവിട്ടത്.
10 വർഷത്തിൽ താഴെ ശിക്ഷിക്കപ്പെട്ടവർക്ക് പരോൾ അനുവദിക്കാനായിരുന്നു സമിതി ശുപാർശ. തുടർന്ന് കഴിഞ്ഞ വർഷം മെയിൽ പരോൾ നീട്ടി വീണ്ടും സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം അവസാനിക്കാത്തതിനാൽ തടവുകാരോട് തിരിച്ചെത്താൻ ആവശ്യപ്പെടരുതെന്നും കഴിഞ്ഞ വർഷം ജൂലൈയിൽ കോടതി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."