ഇസ്രായേലിന് കനത്ത ആഘാതമേല്‍പ്പിച്ച് ഹമാസ് റോക്കറ്റുകള്‍
ടെല്‍അവീവ്: ഗസയില്‍ നൂറിലേറെ പേര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിനിടെയും ശത്രുക്കള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകള്‍. ഇസ്രായേലിന്റെ വ്യോമസേനകേന്ദ്രം, രണ്ട് അയണ്‍ഡോമുകള്‍, രാസഫാക്ടറി, വിമാനത്താവളം തുടങ്ങിയവയിലെല്ലാം കനത്ത നാശമാണ് ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് വരുത്തിവച്ചത്. ഹൃസ്വപരിധിയുള്ള റോക്കറ്റുകളെ തകര്‍ക്കുന്നതിനുള്ള സംവിധാനമാണ് അയണ്‍ഡോം.
ഇസ്രായേലിലുള്ള ലഹല്‍ ഒസ് കുബ്ബുത്സിലുള്ള രാസഫാക്ടറി ഹമാസ് ആക്രമണത്തില്‍ തകര്‍ന്നു. രാസഫാക്ടറിയിലേക്ക് ആളില്ലാവിമാനം അയച്ചാണ് ഹമാസ് ആക്രമണം നടത്തിയത്. ഇസ്രായേല്‍ ലക്ഷ്യംവച്ച് നിരവധി ആക്രമണങ്ങള്‍ നടത്തുമെന്ന് ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലൊണ് രാസഫാക്ടറിയിലെ സംഭവം. തങ്ങളെ ലക്ഷ്യംവച്ചുള്ള രണ്ട് ആളില്ലാവിമാനങ്ങള്‍ വെടിവച്ചിട്ടതായി ഇസ്രായേല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഖാന്‍യൂനുസിലുള്ള രണ്ട് അയണ്‍ഡോമുകളാണ് ഹമാസ് ആക്രമിച്ചുതകര്‍ത്തത്. ഗസയില്‍ നിന്നുള്ള നിരവധി റോക്കറ്റുകള്‍ ഇത്തരം അയണ്‍ഡോമുകള്‍ നശിപ്പിച്ചിരുന്നു. ഗസയില്‍ നിന്നുള്ള ഒരു റോക്കറ്റ് ഇസ്രായേലിലെ അഷ്‌കെലോണ്‍ നഗരത്തില്‍ വന്നുപതിച്ചു. ഈ ആക്രമണത്തിന്റെ നാശനഷ്ടങ്ങള്‍ അധികൃതര്‍ പറത്തുവിട്ടിട്ടില്ല.
റാമോന്‍ വിമാനത്താവളം ലക്ഷ്യംവച്ചും ഹമാസ് റോക്കറ്റാക്രമണം നടത്തിയെങ്കിലും അതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം, വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വിസുകള്‍ റദ്ദാക്കിയതായി പ്രാദേശിക ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. അയ്യാഷ്- 250 മിസൈലാണ് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയതെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അഖ്സ ടി.വി റിപ്പോര്‍ട്ട്ചെയ്തു.
1996ല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് കമാന്‍ഡര്‍ യഹ്യ അയ്യാഷിന്റെ പേരില്‍ നിര്‍മിച്ച ആയുധമാണിത്. 220കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള മിസൈലാണിത്. ഇസ്രായേലിലേക്കുള്ള മുഴുവന്‍ യാത്രാവിമാനങ്ങളും ഉടന്‍ റദ്ദാക്കണമെന്നും മറ്റുവിമാനത്താവളങ്ങളെ ലക്ഷ്യംവച്ച് കൂടുതല്‍ ആക്രമണം നടത്തുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.
റോമോന്‍ വിമാനത്താവളത്തിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലേക്കുള്ള സര്‍വിസ് ബ്രിട്ടീഷ് ആസ്ഥാനമായ വിര്‍ജിന്‍, സ്പാനിഷ് ആസ്ഥാനമായ ഇബീരിയ, യു.എ.ഇയിലെ ഡെല്‍റ്റ ഉള്‍പ്പെടെയുള്ള വിവിധ വിമാനക്കമ്പനികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
ഈ മാസം 11ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗസയിലെ ഹനദി ടവര്‍ തകര്‍ന്നിരുന്നു. ഹമാസിന്റെ കാര്യാലയം ഉള്‍പ്പെടെ സ്ഥിതിചെയ്തിരുന്ന ഗസയിലെ തന്ത്രപ്രധാനകേന്ദ്രങ്ങളിലൊന്നായിരുന്നു ഇത്. ഈ ആക്രമണത്തോടെയാണ് ഹമാസ് പ്രധാനമായും ഇസ്രായേലിനെ ലക്ഷ്യംവച്ച് തുടങ്ങിയത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയിലെ കമാന്‍ഡര്‍ ബാസിം ഈസയെയും രണ്ടുമുതിര്‍ന്ന അംഗങ്ങളെയും ഹമാസിന് നഷ്ടമായിട്ടുണ്ട്.
ഇസ്രായേല്‍ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് 250 ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായാണ് ഹമാസിന്റെ സായുധവിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസം ബ്രിഗേഡ് അവകാശപ്പെട്ടത്. സിയോണിസ്റ്റ് ശത്രുക്കള്‍ക്കെതിരായ പോരാട്ടസമയത്ത് ചുവപ്പുരേഖകളില്ലെന്ന് ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ഇസ്രായേലിലെ ഏതുപ്രദേശത്തെയും ലക്ഷ്യംവയ്ക്കാന്‍ ശേഷിയുള്ള മിസൈല്‍ തങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുധശക്തിയില്‍ വ്യത്യാസമുണ്ടെങ്കിലും തങ്ങള്‍ക്കൊപ്പം ദൈവമുണ്ടെന്നും അതുകൊണ്ടാണ് ഒരുരാജ്യവും ധൈര്യപ്പെടാതിരുന്നിട്ടും നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."