മൃഗബലി, മാംസഭോജനം:<br>ഇസ്‌ലാം-യുക്തിവാദ-ഫാസിസ്റ്റ് സംവാദം
ശുഐബുല്‍ ഹൈതമി
2002, ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയുടെ ആസൂത്രണങ്ങളുടെ ഭാഗമായാണ് സവര്‍ണഹിന്ദുത്വം മാംസവിരുദ്ധ രാഷ്ട്രീയം പരസ്യപ്രചാരണായുധമാക്കുന്നത്. പര്‍വീസ് ഫജാണ്ടിയുടെ 'പ്രോഗ്രാം ഇന്‍ ഗുജറാത്ത്, ഹിന്ദു നാഷനലിസം ആന്‍ഡ് ആന്റി മുസ്‌ലിം വൈലന്‍സ് ഇന്‍ ഇന്ത്യ' എന്ന പഠനത്തില്‍ അക്കാലത്ത് ഹിന്ദുത്വവാദികള്‍ നടത്തിയ സസ്യാഹാരപ്രചാരണം, മാംസഭോജനവിരുദ്ധ പ്രചാരണം, അവയുടെ അനന്തരഫലം എന്നിവ വിശദീകരിച്ചിട്ടുണ്ട്. 'അനധികൃത അറവുശാല', 'മുസ്‌ലിം അറവുശാല' തുടങ്ങിയ പദപ്രയോഗങ്ങള്‍ ഗുജറാത്ത് കലാപനാളുകളില്‍ ഫാസിസ്റ്റ് മീഡിയ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. അഹമ്മദാബാദിലെ വലിയൊരു ശതമാനം മുസ്‌ലിം ഹോട്ടലുകള്‍ മാംസാഹാരപാചകം നിര്‍ത്തലാക്കി സസ്യാഹാര ശാലകളാക്കിയത് അക്കാലത്ത് അവിടെ നിലനിന്ന മാംസവിരുദ്ധ രാഷ്ട്രീയത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു.
പുല്ലുതിന്നുന്ന പശുവിന്റെ പേരില്‍ അന്നം തിന്നുന്ന മനുഷ്യരെ വിഭജിക്കുന്ന സംഘ്പരിവാര്‍ നീക്കം ഫണംവിടര്‍ത്തിയ നാളുകളില്‍ ഗുജറാത്തിലെ മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അന്ന് അദ്ദേഹം മൗനത്തിലായിരുന്നു. ഫാസിസ്റ്റ് ശക്തികള്‍ ഗുജറാത്തില്‍ സാധിപ്പിച്ചെടുത്ത രാഷ്ട്രീയനേട്ടം ദേശീയതലത്തില്‍ ഉറപ്പിച്ചെടുക്കാന്‍ ഇപ്പോഴെന്നും പശുവിനെ കളത്തിലിറക്കുകയാണ്.]
1980കളില്‍ ഉത്തരേന്ത്യയില്‍ നടന്ന സവര്‍ണ ഫാസിസ്റ്റ് താണ്ഡവകാലത്തും മാംസത്തിന്റെ സാമുദായികധ്രുവീകരണ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയിരുന്നു. ഒര്‍നിക്ക് ശാന്തിയുടെ 'കമ്മ്യൂണലിസം, കാസ്റ്റ് ആന്‍ഡ് ഹിന്ദു നാഷനലിസം: ദ വൈലന്‍സ് ഇന്‍ ഗുജറാത്ത്' എന്ന പഠനത്തിലെ കണ്ടെത്തലനുസരിച്ച് 'മാംസഭുക്കുകളായ മുസ്‌ലിംകള്‍' എന്ന സംജ്ഞകൊണ്ട് മുസ്‌ലിംകള്‍ക്കെതിരേ ഹൈന്ദവബോധം ഏകീകരിക്കുന്നതില്‍ ഫാസിസ്റ്റുകള്‍ വിജയിച്ചിരുന്നു.
ഹിന്ദുത്വരാഷ്ട്രീയത്തോട് അകന്നുകഴിഞ്ഞിരുന്ന ഉത്തരേന്ത്യയിലെ 'വാല്‍മീറ്റി' പോലുള്ള ദലിത് സമൂഹങ്ങളും 'ജാതല' പോലുള്ള അധഃസ്ഥിത വിഭാഗക്കാരും സ്വന്തം കീഴാളത്തം വെടിഞ്ഞ് സവര്‍ണ സാംസ്‌കാരിക വൃത്തത്തിലേക്കു കടന്നുകൂടാനുള്ള ശ്രമമെന്ന നിലയില്‍ ആദ്യം ചെയ്തത് മാംസം ഉപേക്ഷിക്കലായിരുന്നു. ഗോമാംസവര്‍ജനം ആചാരമായും പൂര്‍ണമാംസവര്‍ജനം ആദര്‍ശമായും കൊണ്ടുനടന്ന സവര്‍ണ ഫാസിസ്റ്റ് രാഷ്ട്രീയത്തിലേക്ക് അധഃസ്ഥിത വിഭാഗക്കാര്‍ക്കു പ്രവേശനം നല്‍കലുമുണ്ടായി. ഇങ്ങനെ പ്രവേശനം കിട്ടിയ അവര്‍ണര്‍ പിന്നീട് ബി.ജെ.പിയുടെ 'വക്താക്കളും സംരക്ഷകരു'മായി മാറി.
'വിശുദ്ധമൃഗ'ത്തെ ആയുധമാക്കി സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷുകാര്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിജയകരമായി പലപ്രാവശ്യം പലതരത്തില്‍ തമ്മിലടിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. പൊതുവെ യുക്തിരഹിതമായ രാഷ്ട്രീയപ്രചാരണങ്ങള്‍ നിലംതൊടാത്ത കേരളത്തില്‍പോലും 'പോത്തിറച്ചി'യില്‍ തടഞ്ഞു നട്ടംതിരിയുകയാണ് രാഷ്ട്രീയവും നവമാധ്യമ ചര്‍ച്ചകളും. ആശയപരമായ തിരിച്ചടിയും മറിച്ചടിയും രൂപപ്പെടേണ്ട കലാലയങ്ങള്‍പോലും ഇറച്ചിയുടെ സാമുദായിക രാഷ്ട്രീയത്താല്‍ മലിനമായിരിക്കുന്നു. ഗോവന്ദനവും ഗോവധവും ഇസ്‌ലാമുമായി ബന്ധപ്പെട്ടവയല്ല. എന്നിട്ടും പതിവുപോലെ ഈ വിഷയവും ഇസ്‌ലാം വിമര്‍ശനത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. മാംസഭോജനവും മൃഗബലിയും സാമുദായികഭേദമില്ലാത്ത കാര്യമാണെങ്കിലും ഇസ്‌ലാമിലെ മൃഗബലി, മുസ്‌ലിംകളുടെ ഇറച്ചിപ്രേമം തുടങ്ങിയവ ഉപ്പും മുളകും ചേര്‍ത്ത ചര്‍ച്ചയായി.
ആരോപണം
ഇതുമായി ബന്ധപ്പെട്ട് സംഘ്പരിവാറിലെ 'യുക്തി'വാദികള്‍ നിരത്തിയ പ്രധാന വാദങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. മനുഷ്യസ്വഭാവത്തെ അവര്‍ കഴിക്കുന്ന ഭക്ഷണം സ്വാധീനിക്കുമെന്നതിനാല്‍ മാംസാഹാരികള്‍ കഠിനഹൃദയരും ക്രൂരന്മാരുമായിരിക്കും. മുസ്‌ലിംകളില്‍ ഭീകരര്‍ വര്‍ധിക്കുന്നതിനു കാരണമിതാണ്.
2. ആരോഗ്യശാസ്ത്രപരമായി മാംസഭോജനം പി.എം.എസ് സിന്‍ഡ്രോമിനു കാരണമാകും.
3. ആത്മീയപരമായും മാംസം മാനവികമഹത്വം ക്ഷയിപ്പിക്കും. മനുഷ്യന്റെ ആന്തരിക ഗുണങ്ങളായ രജസിക്, തമസിക്, ശാര്‍ത്രിക് എന്നിവയില്‍ മാംസം മൃഗീയതൃഷ്ണയുണര്‍ത്തും. കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും അതുമൂലം വര്‍ധിക്കും.
സവര്‍ണ ഫാസിസ്റ്റുകള്‍ നിയന്ത്രിക്കുന്ന ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലുമെല്ലാം ഇത്തരം വാദങ്ങള്‍ സജീവമാണ്.
വിശകലനം
മതം, ഭൂമിശാസ്ത്രം, അഭിരുചി, ശാരീരികാരോഗ്യം, ശാസ്ത്രീയ മാനങ്ങള്‍, പരിസ്ഥിതി, സാമ്പത്തികം എന്നിവ മനുഷ്യന്റെ ഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മറ്റെല്ലാറ്റിലുമെന്നപോലെ ഭക്ഷണത്തിലും മനുഷ്യര്‍ പരസ്പരം വിഭിന്നരാണ്. ഇസ്‌ലാമിക വിശ്വാസപ്രകാരം ഏറ്റവും കാരുണ്യവാനും സര്‍വജ്ഞനുമായ ആരോഗ്യശാസ്ത്രജ്ഞന്‍ അല്ലാഹുവാണ്. താന്‍ സൃഷ്ടിച്ച മനുഷ്യരുടെ പ്രകൃതം സ്രഷ്ടാവ് പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക. (പിന്നീട്) നിങ്ങള്‍ക്കു വിവരിച്ചു തരുന്നവയൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു.' (ഖുര്‍ആന്‍-5:1).
'കാലികളെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളും ഉണ്ട്. അവയില്‍ നിന്നുതന്നെ നിങ്ങള്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.' (ഖുര്‍ആന്‍-16:5).
'തീര്‍ച്ചയായും നിങ്ങള്‍ക്കു കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്. അവയുടെ ഉദരത്തില്‍നിന്നു നിങ്ങള്‍ക്കു ഞാന്‍ കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍നിന്നു നിങ്ങള്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.' (ഖുര്‍ആന്‍-23:21)
ഈ വചനങ്ങളില്‍നിന്നു കന്നുകാലികളുടെ പ്രയോജനം പാല്, വെണ്ണ, മാംസം, തുകല്‍, കമ്പിളി തുടങ്ങി പലതുമുണ്ടെന്നു ബോധ്യമാകും.
യുക്തിഭദ്രത
ഇസ്‌ലാം മാംസാഹാരം അനുവദിച്ചതിനു പിന്നില്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങളുമുണ്ട്. ലഭ്യതയാണ് അതിന് ആധാരം. തീരപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്കു ധാരാളം മത്സ്യം കിട്ടും. ആര്‍ട്ടിക് പ്രദേശത്തെ എക്‌സിമോകള്‍ മത്സ്യം മാത്രം കഴിച്ച് ജീവിക്കുന്നവരാണ്. മഴ ധാരാളം ലഭിക്കുന്ന സമതലപ്രദേശത്ത് അരിയാണ് പ്രധാന ഭക്ഷണം. പച്ചക്കറിയും ധാരാളം ഉപയോഗിക്കും. സസ്യലതാദികള്‍ തീരെ കുറഞ്ഞ മരുഭൂമികളില്‍ മാംസാഹാരത്തെ ആശ്രയിക്കാതെ വയ്യെന്നതാണു വാസ്തവം. സ്വാഭാവികമായും അറബിനാട്ടിലെ ജനങ്ങള്‍ മാംസാഹാരപ്രിയരായി. ഇക്കാലത്ത് കേരളത്തില്‍ പകുതിയോളം ജനങ്ങള്‍ക്കുപോലും സസ്യാഹാരം കൊണ്ട് ജീവിക്കാന്‍ കഴിയില്ല. ആവശ്യമുള്ളതിന്റെ അഞ്ചുശതമാനം പോലും പച്ചക്കറി ഇവിടെ ഉല്‍പാദിപ്പിക്കുന്നില്ല. സ്വാഭാവികമായും വിലക്കുറവും ലഭ്യതയുമനുസരിച്ച് ആളുകള്‍ മാംസാഹാരം സ്വീകരിക്കും.
മത്സ്യമുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കുപോലും വികാരമുണ്ടെന്നാണു ശാസ്ത്രം പറയുന്നത്. അക്കാരണത്താല്‍ പച്ചക്കറി കഴിക്കരുതെന്ന് ആരും പറയുന്നില്ല.
മത്സ്യം കഴിക്കല്‍ മനഃസാക്ഷിയില്ലാത്ത നടപടിയാണെന്ന് ആരും ഇന്നുവരെ പറഞ്ഞിട്ടില്ല. തായ്‌വാനിലും മറ്റും പാമ്പിനെ ഭക്ഷിക്കുന്നവരുണ്ട്. അതും ആരും എതിര്‍ത്തിട്ടില്ല. അതേസമയം, മാംസം കഴിക്കുന്ന മുസ്‌ലിംകള്‍ പച്ചക്കറിയേ കഴിക്കാവൂവെന്നു ശഠിക്കുകയാണ്. അതിന്റെ യുക്തിയാണ് മനസിലാകാത്തത്.
ജീവികള്‍ക്ക് ഇന്ദ്രിയാനുഭവങ്ങളുള്ളതിനാല്‍ മൃഗബലി പാപമാണെന്നു പറയുന്നവര്‍, പുതിയ ശാസ്ത്രസിദ്ധാന്തമനുസരിച്ച് സസ്യങ്ങള്‍ക്കും ഇന്ദ്രീയാനുഭവമുണ്ടെന്ന സത്യത്തെ തമസ്‌കരിക്കുകയാണ്. സസ്യങ്ങള്‍ കരയുകയും പറയുകയും ചെയ്യുന്നുണ്ടെന്നു വിശുദ്ധ ഖുര്‍ആന്‍ നേരത്തെ പറഞ്ഞതാണ്.
മനുഷ്യന്റെ ശ്രവണശേഷി സെക്കന്റില്‍ 15 മുതല്‍ 18,000 ശബ്ദതരംഗം അഥവാ സൈക്കിള്‍ ആണ്. അതിനേക്കാള്‍ ഏറിയതോ കുറഞ്ഞതോ ആയ തരംഗദൈര്‍ഘ്യമുള്ള ശബ്ദം കേള്‍ക്കാന്‍ മനുഷ്യനു കഴിയില്ല. അതിനര്‍ഥം, നമ്മുടെ കേള്‍വിയില്‍ സസ്യങ്ങള്‍ ശബ്ദരഹിതരാണെന്നു മാത്രമാണ്. ബധിരരും ഊമകളുമുള്‍പ്പെടുന്ന അംഗപരിമിതരാണ് ആരോഗ്യദൃഢഗാത്രരായ മനുഷ്യരേക്കാള്‍ സഹതാപമര്‍ഹിക്കുന്നതെങ്കില്‍ മൃഗങ്ങളേക്കാള്‍ സഹതാപമര്‍ഹിക്കുന്നത് സസ്യങ്ങളാണെന്നു ബോധ്യമാകും. ഒരു മൃഗം നൂറുപേര്‍ക്കു ഭക്ഷണമാകും. നൂറുപേര്‍ക്കു ഭക്ഷണമാകാന്‍ എത്ര സസ്യങ്ങള്‍ വേണ്ടിവരും. മൃഗങ്ങളെ അറക്കുന്നത് മനഃസാക്ഷിയെ സംബന്ധിച്ച് എന്താണോ അതുതന്നെയാണ് സസ്യഛേദനത്തിലുമുള്ളത്.
പുരാണം
ഒരു ഹിംസയും ഇന്ത്യന്‍ മതങ്ങള്‍ അനുവദിക്കുന്നില്ലെന്നത് സൈദ്ധാന്തികമായി ശരിയല്ല. വേദകാലത്തും തുടര്‍ന്നും ദേവന്മാര്‍ മാംസം കഴിച്ചിരുന്നതിനു പരാമര്‍ശമുണ്ട്. ബ്രാഹ്മണര്‍ ബലിമൃഗത്തിന്റെ മാംസം ഭക്ഷിച്ചതിനും തെളിവുണ്ട്.
'ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യര്‍ക്കു വേണ്ടിയാണ്. ഭക്ഷിക്കാവുന്ന ഏതു മൃഗത്തിന്റെയും മാംസം മനുഷ്യനു ഭക്ഷിക്കാവുന്നതാണ.' (മനുസ്മൃതി.-അധ്യായം 5, ശ്ലോകം 30), 'പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നു.' (ഋഗ്വേദം-67), 'പൗരാണിക കാലത്ത് പശുവിറച്ചി കഴിക്കാത്തവരെ ഉത്തമഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല' (സ്വാമി വിവേകാനന്ദന്‍). ഇത്തരം പരാമര്‍ശങ്ങള്‍ക്കുകൂടി അവര്‍ മറുപടി പറയേണ്ടതുണ്ട്.
അപവാദങ്ങള്‍
അഹിംസ രാഷ്ട്രീയായുധമാക്കിയ രാഷ്ട്രപിതാവ് യങ് ഇന്ത്യയില്‍ ചൂടുവെള്ളമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രമേ കുടിക്കാനാവൂ എന്നുപദേശിച്ചിട്ടുണ്ട്. ഒരു ഗ്ലാസ് പച്ചവെള്ളം ചൂടാക്കുമ്പോള്‍ കോടിക്കണക്കിനു ബാക്ടീരിയ ചത്തുപോകും. ബാക്ടീരിയ ജീവിയല്ലെന്ന വാദമുണ്ടാകില്ലല്ലോ. രക്തമൊഴുക്കുന്ന ഏതു കൃത്യവും മാനവികവിരുദ്ധമാണെങ്കില്‍ ഗര്‍ഭിണിയുടെ വയറുകീറി രക്തം ചിന്തി നവജാതശിശുവിനെ പുറത്തെടുക്കുന്നത് തെറ്റാണെന്നു പറയേണ്ടിവരും. ആരാധനയുടെ ഭാഗമായി ഇസ്‌ലാമില്‍ മൃഗബലിയുണ്ട്. അതിനര്‍ഥം മുസ്‌ലിംകള്‍ക്കു ജീവകാരുണ്യമില്ലെന്നല്ല, അത്തരം വികാരങ്ങള്‍പോലും നാഥനു മുന്നില്‍ ബലികര്‍മത്തിലൂടെ അടിയറവു വയ്ക്കുകയാണ്. മറ്റുചില സമൂഹങ്ങളില്‍ ഇപ്പോഴും നരബലിപോലും നടക്കുന്നുണ്ട്. ആഭിചാരത്തിന്റെ ഭാഗമായി ബാലികമാരെ ബലിയര്‍പ്പിക്കുന്ന ദൃശ്യം പലപ്പോഴും ഉത്തരേന്ത്യയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പശുവിനെ അറുത്തവരെയും പശുമാംസം കഴിച്ചവരെയും അറുകൊലചെയ്യുന്ന ഉത്തരേന്ത്യന്‍ സംഘ്പരിവാര്‍ ചെയ്യുന്നത് മൃഗത്തെ കൊല്ലുന്നതിനേക്കാള്‍ ഭീകരമായ കശാപ്പാണ്.
ശാസ്ത്രം
ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന ആഹാരരീതി സസ്യവും മാംസവും ഇടചേര്‍ന്ന മിശ്രഭോജനമാണ്. മനുഷ്യന്റെ ശരീരഘടനയും ദഹനവ്യവസ്ഥയും അതിനെ ശരിവയ്ക്കുന്നു. മാംസഭുക്കുകളുടെ പല്ലുകള്‍ കൂര്‍ത്തതാണ്. സസ്യഭുക്കുകളുടെ പല്ലുകള്‍ പരന്നതും. മനുഷ്യനു രണ്ടിനം പല്ലുകളുമുണ്ട്. മനുഷ്യന്റെ ദഹനവ്യവസ്ഥയില്‍ ലിവ്വേസ്, ട്രിപ്പസസ്, കിന്നോട്രിപ്പിസസ് തുടങ്ങിയ മാംസദഹനത്തിനാവശ്യമായ എന്‍സൈമുകളുണ്ട്. മാംസാഹാര പ്രിയരായതിനാല്‍, മുസ്‌ലിംകള്‍ ക്ഷിപ്രകോപികളും രണവീരന്മാരുമാണെന്നതാണു ഗുരുതരമായ ആരോപണം.
തിന്നുന്ന മാംസത്തിന്റെ സ്വഭാവം മനുഷ്യനു ലഭിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇനി, അതു ശരിയാണെങ്കില്‍തന്നെ പന്നിയുടെയും പട്ടിയുടെയും ഇറച്ചി നിത്യവും കഴിക്കുന്നവരുടെ സ്ഥിതിയെന്തായിരിക്കും. സിംഹം, കടുവ, പുലി തുടങ്ങിയ ഹിംസ്രജന്തുക്കളുടെ മാംസം ഇസ്‌ലാമില്‍ നിഷിദ്ധമാണ്. മാട്, ആട്, മുയല്‍, മാന്‍ തുടങ്ങിയ മൃദുലജീവികളെയാണ് ഇസ്‌ലാം അനുവദിച്ചുതരുന്നത്.
അക്രമം കാണിക്കുന്ന മുസ്‌ലിം നാമധാരികളുടെ പേരില്‍ മുസ്‌ലിംകളെ മുഴുവന്‍ ഭീകരവാദികളായി ചിത്രീകരിക്കുന്നതിലും ഭീകരതയ്ക്കു കാരണം അവരുടെ മാംസാഹാരപ്രിയമാണെന്നു പറയുന്നതിലും അര്‍ഥമില്ല. ഭീകരവാദത്തിന്റെ കാരണവുമായി തട്ടിച്ചുനോക്കിയാല്‍ നക്‌സല്‍, ബോഡോ, ഉള്‍ഫാ, ക്രിസ്ത്യന്‍, ഹിന്ദു ഭീകരവാദികളുടെ ഭക്ഷണ മെനുവും ചര്‍ച്ചചെയ്യേണ്ടിവരും. മാനസിക പിരിമുറുക്കവും ആത്മഹത്യയും വിവാഹമോചനവും ലൈംഗികാതിക്രമവും ഏറ്റവും കുറവ് പരലോക വിശ്വാസികളിലാണെന്നത് അംഗീകരിക്കപ്പെട്ടതാണ്. മുസ്‌ലിംകള്‍ അക്കാര്യത്തില്‍ മാതൃകയാണ്.
മാംസാഹാരികള്‍ സമാധാനരാഹിത്യത്തിന്റെ വക്താക്കളാകുമെന്നതാണ് മറ്റൊരു വാദം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനജേതാക്കളായ മഹേഷ്ചന്ദ് ബെഗാന്‍, യാസര്‍ അറഫാത്ത്, അന്‍വര്‍ സാദത്ത്, മദര്‍തെരേസ തുടങ്ങിയവര്‍ മിശ്രഭുക്കുകളായിരുന്നു. ലക്ഷക്കണക്കിനു മനുഷ്യരെ ഗ്യാസ് ചേംബറിലിട്ട് കൊല്ലുകയും അതില്‍ സുന്ദരികളുടെ പല്ലുകൊണ്ട് കുപ്പായക്കുടുക്കുണ്ടാക്കി അണിയുകയും ചെയ്ത ഹിറ്റ്‌ലര്‍ ജീവിതത്തിലൊരിക്കലും മാംസം കഴിച്ചിട്ടില്ല.
ലൈംഗികാതിക്രമങ്ങളില്‍ ഏറ്റവും കുറവ് ആഗോളതലത്തില്‍ മുസ്‌ലിംകളാണ്. വേശ്യാലയങ്ങളും എല്‍.ജി.ബി.ടിയുമൊക്കെ നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ മുസ്‌ലിം രാജ്യങ്ങളില്ല. ഇത്തരം കേസില്‍ ഇന്ത്യയില്‍ പിടിക്കപ്പെടുന്നവരിലും മുസ്‌ലിംകള്‍ തുച്ഛമാണ്.
മാംസാഹാരികള്‍ക്ക് രോഗം കൂടുമെന്നത് ശരിയാവാം. അതിനു കാരണം, പതിവായി മാംസം കഴിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. ആഴ്ചയില്‍ ഒരിക്കലേ പ്രവാചക തിരുമേനി (സ) മാംസം കഴിച്ചിരുന്നുള്ളൂ. മനുഷ്യന്റെ ശക്തിയും സൗന്ദര്യവും മാംസാഹാരം ഇല്ലാതാക്കുമെന്ന വാദം മറുപടി അര്‍ഹിക്കുന്നില്ല. ശരീരസൗന്ദര്യ മത്സരത്തില്‍ മുപ്പതോളം തവണ ലോകചാംപ്യനായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍, ബോക്‌സിങ്് ഇതിഹാസങ്ങളായ ടൈസണ്‍, മുഹമ്മദലി, നക്ഷത്രങ്ങള്‍ അസൂയവച്ചെന്നു ഷേക്‌സ്പിയര്‍ വിശേഷിപ്പിച്ച മാദകറാണി ക്ലിയോപാട്ര തുടങ്ങിയവരെല്ലാം മിശ്രഭുക്കുകളായിരുന്നു. ഏറ്റവും മികച്ച സ്വരരാഗമുള്ളവരും ഉറച്ചശബ്ദമുള്ളവരും തഥൈവ. അതേസമയം ഏറ്റവും അരോചകശബ്ദമുള്ള കഴുത മാംസഭുക്കല്ല.
സാമൂഹികം
കന്നുകാലികളുടെ അറവും ഭോജനവും നിരോധിക്കപ്പെട്ടാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പകരം തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിനു സാധിക്കണമെന്നില്ല. കന്നുകാലികളുടെ അനിയന്ത്രിതമായ എണ്ണപ്പെരുപ്പം ഗുരുതരമായ ആരോഗ്യപാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. ഇപ്പോള്‍ത്തന്നെ രാജ്യത്തെ വന്‍കിട നഗരങ്ങളിലും രണ്ടാംകിട പട്ടണങ്ങളിലും കന്നുകാലികളുടെ ഘോഷയാത്രയാണ്. അവയ്ക്കിടയിലും ഗര്‍ഭനിരോധന മാര്‍ഗമോ അബോര്‍ഷന്‍ സൗകര്യങ്ങളോ വേണ്ടിവരുമെന്ന സോഷ്യല്‍ മീഡിയാ കമന്റ് ചിരിക്കാനല്ല, ചിന്തിക്കാന്‍ തന്നെയാണ് ആവശ്യപ്പെടുന്നത്.
ഇത്തരം മതേതരപ്രശ്‌നങ്ങളെ വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരേ മതമേധാവികളും രംഗത്തുവരേണ്ടതുണ്ട്. ഗോവധനിരോധനം ഭരണഘടനാനുസൃതമാക്കാന്‍ പഴുതില്ലാത്ത സാഹചര്യത്തില്‍ അത്തരം ശ്രമങ്ങള്‍ ശിഥിലീകരണത്തിനേ കാരണമാവുകയുള്ളൂ. അതിശക്തമായ സമ്മര്‍ദങ്ങളെ അതിജീവിച്ചാണ് ഡോ. അംബേദ്ക്കര്‍ ഗോവധ നിരോധനവാദത്തെ നിയമമാക്കാതിരുന്നത്. പശു അമ്മയാണെങ്കില്‍ കാള അച്ഛനാവുന്നതില്‍ ഞാന്‍ നാണിക്കുന്നുവെന്നാണു സ്വാമി വിവേകാനന്ദന്‍ പറയുന്നത്. പെറ്റമ്മയോട് നന്ദികേട് കാട്ടുന്ന കാലത്ത് വിവേകാന്ദോക്തിക്കു സാധുത വര്‍ധിക്കും.
പൗരസമൂഹം എന്തു ചിന്തിക്കണമെന്നു ഭരണകൂടം തീരുമാനിക്കുന്ന സാംസ്‌കാരിക ഫാസിസത്തിന്റെ കരിംഭൂതങ്ങള്‍ ചിന്തിക്കുന്നവരെ അസ്വസ്ഥപ്പെടുത്തുന്ന ഒരിടത്തുവച്ച് അവരെന്ത് തിന്നണമെന്നു കൂടി ഭരണകൂടം തീരുമാനിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുകയാണ്. അതിനാല്‍ ഇറച്ചി തിന്നല്‍ ഒരു മതവിഷയമല്ല, മറിച്ചൊരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണിപ്പോള്‍.
ഇസ്‌ലാമിക ബലി
പരലോക പ്രതിഫലം അതിയായി കാംക്ഷിക്കുന്ന തികഞ്ഞ വിശ്വാസികളാണു പൊതുവേ ബലിയറുക്കാനും ഇറക്കാനുമൊക്കെ മുന്‍പന്തിയിലുണ്ടാവുന്നത്. അവര്‍ അതേ പ്രാധാന്യത്തോടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഇടപെടുന്നവരാണ്. ഒന്ന് മറ്റൊന്നിനു പ്രചോദനമാവുന്ന രൂപത്തില്‍ മതവിശ്വാസത്തെ രാഷ്ട്രീയമുക്തമായി കൊണ്ടുനടക്കുന്ന ഒരു ജനതയെ അഭിസംബോധന ചെയ്ത്, ബലിയര്‍പ്പിക്കേണ്ട പോത്തുകളുടെ പണം കണക്കുകൂട്ടി അത്രയും തുക പാവങ്ങള്‍ക്കു കൊടുത്താല്‍ പുണ്യം കിട്ടില്ലേയെന്ന് ചോദിക്കുന്നത് പ്രായോഗിക ധനതത്വശാസ്ത്രത്തിന്റെ വട്ടപ്പൂജ്യത്തിലിരുന്നു കൊണ്ടാണ്. ഭക്ഷണം കുറച്ചുകൊണ്ട് മിച്ചം വരുന്ന പണംകൊണ്ട് കാറു വാങ്ങിക്കൂടേയെന്ന് ചോദിക്കുംപോലെയാണത്.
കേരളത്തിലെ മുസ്‌ലിം സംഘടനകളും വ്യക്തികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മത്സരബുദ്ധിയോടെ വ്യാപൃതരാണ്. അവരെ സമീപിച്ച് 'ബലിയര്‍പ്പിക്കേണ്ട പോത്തിനു കണക്കാക്കിയ പണം കൂടി ഇങ്ങെടുക്കൂ' എന്നു പറഞ്ഞാല്‍ വിശ്വാസത്തെ ദ്രോഹിക്കലാണ്. ഓരോന്നിനും കൊടുക്കേണ്ട മൂല്യത്തെക്കുറിച്ചു കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും നല്ല ധാരണയുണ്ട്. ബലിദാനവും പെരുന്നാള്‍ ഭക്തിയും അല്ലാഹുവിനുള്ളതാണ്. ഇറച്ചി പാവങ്ങള്‍ക്കും. സഊദിയില്‍ ഹജ്ജിന്റെ പ്രായശ്ചിത്തമായും ബലിയായും അറുക്കപ്പെടുന്ന ദശലക്ഷക്കണക്കിന് മൃഗങ്ങളുടെ മാംസമാണ് ആഫ്രിക്കയില്‍ മാസങ്ങളോളം അന്നം.
ബലിയും കരുണയും
മനസു മാത്രമല്ല, അതിലെ വികാരങ്ങള്‍ സൃഷ്ടിച്ചതും ഇസ്‌ലാമിക വിശ്വാസത്തില്‍, ബലികര്‍മം പുണ്യമാക്കിയ അല്ലാഹുവാണ്. അല്ലാഹു തന്നെയാണ്, മാത്രമാണ്. പ്രസ്തുത വികാരങ്ങളില്‍ ഏറ്റവും സാന്ദ്രമായതില്‍പെട്ടതാണ് അലിവ്, കൃപ, ദയ, ദീനാനുകമ്പ എന്നിവ. ആളുകള്‍ക്ക് സമ്പത്തും സമയവുമൊക്കെ അല്ലാഹുവിനു നല്‍കാന്‍ കഴിഞ്ഞേക്കാം. ചില ഘനവികാരങ്ങളും അവന്റെ മാര്‍ഗത്തില്‍ തിരിച്ചുവിടാനായേക്കാം, ഇഷ്ടവും ദേഷ്യവുമൊക്കെപ്പോലെ. പക്ഷേ, നിര്‍മലവികാരമായ അലിവും കൃപയും അവനുവേണ്ടി കരഗതമാകണമെങ്കില്‍ കുറഞ്ഞ വിശ്വാസബലം പോര. അതിനാലാണല്ലോ അല്ലാഹുവിന്റെ ചങ്ങാത്തം നല്‍കപ്പെടാനുള്ള യോഗ്യതയ്ക്ക് ഇബ്‌റാഹീം പ്രവാചകനോട് പുത്രനെ അറുക്കാന്‍ കല്‍പ്പന വന്നത്. കാരുണ്യപ്രഹര്‍ഷമെന്നു ഖുര്‍ആന്‍ തന്നെ വാഴ്ത്തിയ അന്ത്യപ്രവാചകന്‍ ചെയ്ത ഹജ്ജില്‍ അറുപത്തിമൂന്ന് മൃഗങ്ങളെ സ്വന്തം കരങ്ങള്‍കൊണ്ട് അറുത്തിട്ടുണ്ട്. തന്റെ വക നൂറു തികയ്ക്കാന്‍ ബാക്കി ജാമാതാവ് അലി ബിന്‍ അബീത്വാലിബിനെ ഏല്‍പ്പിക്കുകയും ചെയ്തു. അന്നും സമൂഹത്തില്‍ നല്ല ദാരിദ്ര്യവും ഒട്ടകത്തിനും ആടിനും പൊന്നും വിലയുമുണ്ടായിരുന്നു.
ഒരു ഉരുവിനെ അറുക്കുമ്പോള്‍ മനസില്‍ തോന്നുന്ന വൈകാരിക താരള്യങ്ങള്‍ ആ വികാരങ്ങളുണര്‍ത്തിത്തന്നവനു തിരികെ നല്‍കലാണ് യഥാര്‍ഥത്തില്‍ ബലി-. ആ വൈകാരിക സമര്‍പ്പമാണ് അല്ലാഹുവിലെത്തുക, രക്തമല്ല.
അതു വിശ്വാസത്തില്‍ ക്രൂരതയല്ല, കാരുണ്യമാണ്. കാരണം, സ്വാഭാവികമായി നാശമടഞ്ഞുപോവുന്ന മൃഗങ്ങള്‍ മൃഗങ്ങള്‍ മാത്രമാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ബലിയുരുക്കള്‍ സ്വര്‍ഗത്തിലെ വാഹനങ്ങളും. ബലിയറുക്കുമ്പോള്‍ നടക്കുന്ന വൈകാരിക വിശ്ലേഷണവും പാവങ്ങള്‍ക്ക് സമ്പത്ത് ദാനം നല്‍കുമ്പോള്‍ തോന്നുന്ന വൈകാരിക ഉണര്‍വും രണ്ടാണ്. ഒന്നാമത്തേതില്‍ വിശ്വാസി അല്ലാഹുവിനു വേണ്ടി മാത്രം സമര്‍പ്പിക്കുന്നു. കാണാനാകാതെ കണ്ണുചിമ്മിപ്പോവുമ്പോഴും തക്ബീര്‍ ചൊല്ലി മൃഗത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കുന്നു. വിശ്വാസം ഏറ്റവും മുഗ്ദ്ധമാവുന്ന സമയമാണത്. ഒരുപക്ഷേ, ജീവിതകാലം മുഴുവന്‍ അല്ലാഹുവിനായി മാറാന്‍ പ്രേരിപ്പിച്ചേക്കാവുന്ന അനുരണനങ്ങള്‍.
രണ്ടാമത്തേത്, ആനന്ദമാണ്. മറ്റുള്ളവര്‍ക്കിടയില്‍ പോരിമ കൊള്ളാനും അവസരമുള്ള ഉല്ലാസക്രിയ. അപ്പോള്‍ പിന്നെ ഒന്നാമത്തേത് നിര്‍ത്തിവച്ച് രണ്ടാമത്തേതു മാത്രം മതിയെന്നു പറയുന്നവര്‍ക്ക് എന്താണ് ഇസ്‌ലാമെന്നു മനസിലായിട്ടില്ലെന്നു പറയേണ്ടിവരും.
പശുവും ഖുര്‍ആനും
മൃഗബലിയെ നിരാകരിച്ചുകൊണ്ട് ഈയിടെ ചില ദേശീയ മുസ്‌ലിംകള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. സംഘ്പരിവാര്‍ യജമാനന്മാരെ പ്രീതിപ്പെടുത്താനായി ഖുര്‍ആന്‍ പശുഭക്തി അംഗീകരിക്കുന്നുണ്ട്, അതിലെ ഒരധ്യായത്തിന്റെ നാമം തന്നെ 'പശു' എന്നാണെന്നൊക്കെയാണ് വാദങ്ങള്‍.
വാസ്തവം എന്താണ്? ഖുര്‍ആനില്‍ പലതവണ പിശാചിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതിനാല്‍ പിശാച് പുണ്യാളനാവുമോ, ഇല്ലല്ലോ. പശു പ്രകൃതിയിലെ ജന്തുവാണ്, പാനസുഖം പ്രദാനിക്കുന്ന പാലുതരും, അത്രയാണ് അതിന്റെ മേന്മ. മനുഷ്യജീവന്റെ മൂല്യം മറികടന്ന് പശുവാരാധന സീമാതീതമായ ഇക്കാലത്ത് മാനവവംശത്തിന്റെ മാതൃഗ്രന്ഥമായ ഖുര്‍ആന്‍ പശുവിനെ അവതരിപ്പിച്ച രീതി വായിക്കപ്പെടേണ്ടതു തന്നെ. ഒരധ്യായത്തിന്റെ നാമവും പ്രധാനപ്രമേയവും പശുവാണ്, അല്‍ബഖറ. സൂറതുത്വാഹയില്‍ മറ്റൊരു പശുക്കഥ സഗൗരവം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, രണ്ടിടത്തും പശുവന്ദനത്തെ അതിനിശിതമായി വിമര്‍ശിക്കുകയായിരുന്നു വിശുദ്ധഗ്രന്ഥം. സവര്‍ണ ബ്രാഹ്മണിസം ആര്യന്മാരിലേക്കും ജൂതന്മാരിലേക്കുമാണ് നേരെചൊവ്വേ കടന്നുചെല്ലുന്നത് എന്ന ചരിത്രപരമായ വസ്തുത മുന്‍നിര്‍ത്തി വേണം ഖുര്‍ആന്‍ അവതരിപ്പിച്ച ഇസ്രായേല്‍ സന്തതികളുടെ ഗോപുരാണത്തെ സമീപിക്കാന്‍. അല്‍ബഖറയിലെ വചനങ്ങള്‍ 67-73 വരെയുള്ള വചനങ്ങള്‍ കുറ്റാന്വേഷണത്തിന്റെ ഭാഗമായി നടന്ന പ്രമാദമായ ഒരു ഗോവധത്തെ സംബന്ധിച്ചിട്ടുള്ളതാണ് ആ സംഭവം.
ചുരുക്കിപ്പറയാം: ഇസ്രാഈലുകള്‍ക്കിടയില്‍ ഉത്തമനായൊരു ധനാഢ്യന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിനു സുന്ദരിയായൊരു മകളല്ലാതെ അനന്തരാവകാശി ഉണ്ടായിരുന്നില്ല. ഇയാളുടെ സഹോദരപുത്രന്‍ നിരന്തരം ഇവളെ വിവാഹാഭ്യര്‍ഥന നടത്തിയിട്ടും അദ്ദേഹം സമ്മതിച്ചില്ല. കുപിതനായ ആ ചെറുപ്പക്കാരന്‍ ഒരുഗ്രന്‍ ശപഥം ചെയ്തു. 'ഞാന്‍ പിതൃവ്യനെ വധിച്ച് അവളെ വേളി കഴിച്ച് സ്വത്തെല്ലാം സ്വന്തമാക്കിയില്ലെങ്കില്‍ ഞാന്‍ ഞാനല്ല.' താമസിയാതെ ക്രൂദ്ധകാമുകന്‍ അറുംകൊല നടത്തി അയാളുടെ മൃതദേഹം മറ്റൊരു വഴിവീട്ടിലെ ഉമ്മറപ്പടിയില്‍ അര്‍ധരാത്രി കൊണ്ടിട്ടു. പിറ്റേന്ന് രാവിലെ ഇതേ ഇവന്‍ തന്നെ പിതൃവ്യനെ കാണാനില്ലെന്നും പിന്നീട് ആരോ കൊന്നെന്നും പറഞ്ഞ് നാടിളക്കി. ദുരൂഹമായ സംഭവത്തിന്റെ ചുരുളഴിക്കാന്‍ അവര്‍ മൂസാ നബിയുടെ സഹായം അഭ്യര്‍ഥിച്ചു. ഖുര്‍ആനിലെ ഉദ്വേഗജനകമായ ഒരു ഡിറ്റക്ടീവ് സ്റ്റോറി കൂടിയാണിത്. ഇവിടുന്ന് മുതല്‍ക്കാണ് ഖുര്‍ആന്‍ കഥയെടുക്കുന്നത്. കുറ്റവാളിയുടെ പേരുപറയുന്ന പ്രവാചകനെയാണ് അവര്‍ പ്രതീക്ഷിച്ചതെങ്കിലും മൂസ നബി അവരോട് പറഞ്ഞത് മറ്റൊന്നായിരുന്നു. നിങ്ങള്‍ ഒരു പശുവിനെ അറുത്ത് അതിന്റെ വാലുകൊണ്ട് മൃതദേഹത്തില്‍ അടിച്ചാല്‍ മൃതദേഹം ഘാതകന്റെ പേരുപറഞ്ഞുതരും എന്നായിരുന്നു അത്. അവര്‍ക്കത് അഗ്രാഹ്യമായി തോന്നിയെങ്കിലും ചെയ്യാന്‍ തീരുമാനിച്ചു.
അവര്‍ക്കിടയിലെ അതിനിഷ്ഠാവാദികള്‍ പശുവിന്റെ ചേലും കോലവുമാരാഞ്ഞ് പ്രവാചകനെ മുഷിപ്പിച്ചു. അപ്പോള്‍ വാര്‍ധക്യമോ കന്യകത്വമോ ഇല്ലാത്ത മിഥുനപ്പശുവാകണമതെന്ന കല്‍പന വന്നു. വീണ്ടുമവര്‍ നിറമാരാഞ്ഞു വന്നപ്പോള്‍ കലയോ പാണ്ടോ ഇല്ലാത്ത പരിക്ഷീണം ബാധിക്കാത്ത മഞ്ഞപ്പശുവാകണമെന്ന നിബന്ധന വന്നു. അമിതത്വത്തിന്റെ വിനയായിരുന്നു അത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒന്നിനെ കണ്ടെത്തി വമ്പിച്ച വിലനല്‍കി വാങ്ങി. ആ പശുവിനു നിറയെ പൊന്നുനാണയമായിരുന്നു വില. പ്രവാചകന്‍ പറഞ്ഞപ്രകാരം വാലുകൊണ്ട് മൃതദേഹത്തില്‍ അടിച്ചപ്പോള്‍ തന്റെ സഹോദരപുത്രന്റെ പേരുപറഞ്ഞു. ഇതാണൊരു സംഭവം.
രണ്ടു കാര്യമാണ് അല്ലാഹു ഉദ്ദേശിച്ചത്. ഒന്ന്, മരണാനന്തരം പുനരുത്ഥാനം ചെയ്യിപ്പിക്കുകയെന്നാല്‍ അല്ലാഹുവിന് ആയാസകരമല്ലെന്ന് ബോധ്യപ്പെടുത്തല്‍. മറ്റേത് പറയുംമുന്‍പ് വേറൊരു കാര്യം നോക്കേണ്ടതുണ്ട്.
എന്തിനാണ് അല്ലാഹു ഇസ്രായേല്‍ സന്തതികളോട് പശുവിനെത്തന്നെ അറുക്കാന്‍ കല്‍പ്പിച്ചത്? അതിനുത്തരം സൂറതു ത്വാഹയില്‍ ഉണ്ട്. മൂസാ നബി നാല്‍പ്പതു നാള്‍ ത്വൂര്‍ പര്‍വതത്തില്‍ ഉപാസകനായി പോയ സംഭവം സുവിദിതമാണ്, സഹോദരനായ ഹാറൂണ്‍ അമിനെ കാര്യങ്ങള്‍ ഏല്‍പ്പിച്ചാണ് പോയത്. ഈ തക്കംനോക്കി ആഭരണപ്പണിക്കാരനായ സാമിരി സ്വര്‍ണം കൊണ്ടൊരു പശുവിനെ ഉണ്ടാക്കി. പൈശാചിക പ്രലോഭനം എന്നതേ നിമിത്തമുള്ളൂ. പിന്നീട് അതിനകത്ത്, നേരത്തെ ഫറവോനെ നശിപ്പിക്കാന്‍ ജിബ്‌രീല്‍ (അ) ഇറങ്ങിയ സമയത്ത് കുതിരക്കുളമ്പടി പതിഞ്ഞഭാഗത്തെ മണല്‍ നിറച്ചു, സാമിരി. അതോടെ ആ സ്വര്‍ണപ്പശുവിന് ചേതനയും ചലനവും കിട്ടി. സാമിരി ഇതുമായി വന്ന് മൂസ അമിനു പടച്ചവനെ മാറിപ്പോയി, ഈ പശുക്കുട്ടിയാണ് ദൈവം എന്നു പറഞ്ഞ് കാംപയിനാക്കി. ആളുകള്‍ കൂട്ടംകൂട്ടമായി അതു വിശ്വസിച്ചു. അസാധാരണ സംഭവങ്ങള്‍ എന്തുകണ്ടാലും അതിനേക്കാള്‍ വലുത് കാണുന്നതു വരെ അതായിരുന്നു അവര്‍ക്ക് ആരാധ്യം. മൂസ (അ) തിരിച്ചുവന്നപ്പോഴേക്കും കാര്യങ്ങളെല്ലാം മാറിപ്പോയിരിക്കുന്നു. ക്ഷുഭിതനായ പ്രവാചകന്‍ സാമിരിയെ ചോദ്യം ചെയ്തു, അയാള്‍ ജിബ്‌രീലിന്റെ കുതിരക്കുളമ്പടിക്കഥ പറഞ്ഞു.
പക്ഷേ അപ്പോഴേക്കും ജനങ്ങള്‍ പലരും പശുവിന്റെ രൂപങ്ങള്‍ ഉണ്ടാക്കി ആരാധിക്കാന്‍ തുടങ്ങിപ്പോയിരുന്നു. ആശയദാതാവ് കാര്യം പറഞ്ഞപ്പോള്‍ അയാള്‍ നിഷേധിയാവുന്ന വിധം പശുമതം പരന്നുപടര്‍ന്നു. മൂസ (അ) സാമിരിപ്പശുവിനെ അഗ്‌നിക്കിരയാക്കി ആ ഭസ്മം സമുദ്രത്തിലൊഴുക്കി. സ്വയംപ്രതിരോധം പോലുമില്ലാത്ത മിണ്ടാപ്രാണിയെ ആരാധിക്കുന്നവരെ തിരുത്താന്‍ ശ്രമിച്ചു. ഒടുവിലെന്തുണ്ടായെന്നത് വേറെ ചര്‍ച്ചയാവുന്നതിനാല്‍ വിടാം.
പക്ഷേ, ബനൂഇസ്രാഈല്യരില്‍ പശുഭക്തി ഉണ്ടായിരുന്നു അകമേ. ഇക്കാരണത്താല്‍ തന്നെ അവര്‍ ഏറ്റവും ഭവ്യതയോടെ കാണുന്ന പശുവിനെ, അതും കൂട്ടത്തില്‍ ഏറ്റവും സുനന്ദിനിയെ അറുത്ത് കുറ്റം തെളിയിക്കാന്‍ പറയുകവഴി അല്ലാഹു പശുഭക്തിയെ തള്ളുകയായിരുന്നു. ഇതാണ് രണ്ടാമത്തെ കാര്യം. ഇതു മൂസാ അമിന്റെ കാലത്തെ സംഭവമാണ്. ഇസ്രാഈല്യരിലെ ജൂതരാണ് പശുഭക്തി ഇന്ത്യയിലെത്തിച്ചതെന്ന ചരിത്രംകൂടി ഇതിനൊപ്പം ചേര്‍ക്കപ്പെട്ടാല്‍ ചിത്രം തെളിയും. ഒരുകാര്യം കൂടി പറയാം, പശുവിനെ അറുക്കണമെന്നു പറഞ്ഞതല്ല ഖുര്‍ആന്‍. അറുത്താല്‍ അപരാധമാവുന്ന ആരാധനാഭാവത്തിന്റെ സംസ്‌കൃതിയെ നിരാകരിച്ചതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."