കെ.കെ ശൈലജ മറ്റൊരു ഗൗരിയമ്മയാകുമോ?; പാര്‍ട്ടി തീരുമാനത്തില്‍ ഞെട്ടി അണികളും- സൈബറിടത്തില്‍ കേട്ടത്
കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മലയാളി ആശിച്ചപ്പോലെ ടീച്ചറമ്മ ഇനി മന്ത്രിയായി ഇല്ല. റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മട്ടന്നൂരില്‍ നിന്നും ജയിച്ച ശൈലജ ടീച്ചര്‍ക്ക് വിനയായത് പുതുമുഖങ്ങള്‍ മതിയെന്ന പാര്‍ട്ടി തീരുമാനം. അവസാന നിമിഷം വരെ ശൈലജ ടീച്ചര്‍ക്ക് ഇളവ് നല്‍കുമെന്ന അഭ്യൂഹമുയര്‍ത്തി മലയാളിയെ പിടിച്ചുനിര്‍ത്തിയെങ്കിലും ഇളവ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല.
2016 ലെ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തികളിച്ച് അവസാനനിമിഷം ഒഴിവാക്കിയപോലെ ശൈലജ ടീച്ചറേയും അവസാനനിമിഷം ഒതുക്കിയതാണെന്നാണ് സൈബറിടത്തെ സംസാരം. മലയാളികളുടെ മനസിലെ ടീച്ചറമ്മയെ മന്ത്രിസ്ഥാനത്തുനിന്നും 'പടിക്കുപുറത്താക്കുമ്പോള്‍' വി.എസിനായി മുറവിളി കൂട്ടിയപോലെ ആളുകള്‍ തെരുവിലിറങ്ങുമോ എന്ന് കാണേണ്ടിയിരിക്കുന്നു.
ഇത്രയും കഠിനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടും ആരോഗ്യവകുപ്പിനെ ഉജ്ജ്വലമായി നയിച്ച മന്ത്രിയായിരുന്നു ശൈലജ. രാജ്യാന്തര തരത്തില്‍ കൊച്ചു കേരളത്തെ എത്തച്ചതില്‍ ശൈലജ ടീച്ചറുടെ പങ്ക് ചെറുതൊന്നുമല്ല.
ഈ ജനപ്രിയ നേതാവിനെ ഒഴിവാക്കുമ്പോള്‍, കേരളത്തിന് നഷ്ടമായ, വനിതാ മുഖ്യമന്ത്രിസ്ഥാനത്തിന് അര്‍ഹയായിരുന്ന കെ.ആര്‍ ഗൗരിയമ്മയെയാണ് പലരും ഓര്‍ക്കുന്നത്. ഇടതിന് ഭൂരിപക്ഷം കിട്ടയപ്പോള്‍ മുതല്‍ കെ.കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന് പലകോണില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും സി.പി.എം ചെവികൊണ്ടില്ലെന്നു മാത്രമല്ല, മന്ത്രി പദവിക്ക് പോലും പരിഗണിക്കപ്പെട്ടില്ലെന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് പലരുടേയും അഭിപ്രായം.
കൊവിഡ് 19 ആരംഭകാലം, കേരളത്തിലെ സ്ഥിതിഗതികള്‍ സമഗ്രമായി കെ.കെ ശൈലജ ജനങ്ങളെ അറിയിച്ചുകൊണ്ട് പത്രസമ്മേളനം നടത്തി. പിന്നീട് കണ്ടത് ഈ ചുമതല ആരോഗ്യമന്ത്രിയില്‍ നിന്നും മുഖ്യമന്ത്രി ഏറ്റെടുക്കുന്നതാണ്. അതൊരു സൂചനയായിരുന്നുവെന്ന് രാഷ്ട്രീയബോധമുള്ളവര്‍ അന്നേ മനസിലാക്കിയതാണ്.
പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ മാത്രം മതിയെന്നാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ മുഖ്യമന്ത്രി കൂടി എന്തുകൊണ്ട് പുതുമുഖമായിക്കൂടെന്ന് ചോദിക്കുന്നവരുമുണ്ട്. ഗൗരിയമ്മയുടെ വിയോഗവാര്‍ത്ത കേട്ട് അധികമായിട്ടില്ല, മലയാളി മനസില്‍ വീണ്ടും പുരുഷാധിപത്യത്തിന്റെ ഇരയായി ശൈലജയും മാറുകയാണെന്നും മലയാളിക്കിപ്പോള്‍ വ്യക്തമായിക്കാണും. കേരളരാഷ്ട്രീയത്തില്‍ പിണറായിക്കൊപ്പം, ഒരുപക്ഷേ പിണറായിയേക്കാള്‍ വന്‍വൃക്ഷമായി ശൈലജടീച്ചര്‍ മാറിയേക്കാമെന്ന ഭയത്താല്‍ ചിലര്‍ കൊടുവാളുമായി ഇറങ്ങിയതാവാമെന്നും സൈബര്‍ ഇടത്തില്‍ സംസാരമുണ്ട്.
കേരളചരിത്രത്തിലെ പ്രഗത്ഭയായ ആരോഗ്യമന്ത്രിക്ക്, ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ഭൂരിപക്ഷം നേടിയ എം.എല്‍.എയ്ക്ക് സി.പി.എം നല്‍കുന്ന സ്ഥാനമാണോ ചീഫ് വിപ്പ് എന്നതും ചര്‍ച്ചയാവുന്ന കാര്യമാണ്.
ഇതുവരെയുണ്ടായിരുന്ന എല്ലാ മന്ത്രിമാരും നല്ല പ്രകടനം കാഴ്ച്ചവെച്ചവരല്ലേ,? എം.എം മണിയും കെ സുധാകരനും, തോമസ് ഐസക്കും എന്തേ മോശമായിരുന്നോ?. അവരെ ഒഴിവാക്കിയില്ലേ.. പുതിയവര്‍ക്കും അവസരം കൊടുക്കണ്ടേ.. അവരുടെ പ്രാഗത്ഭ്യം തെളിക്കേണ്ടേ.. എന്തൊക്കെയായാലും ന്യായീകരണങ്ങളും കുറവല്ല കേട്ടോ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."