രാജ്യദ്രോഹം അപകോളനീകരിക്കപ്പെടുന്നു
ദാമോദർ പ്രസാദ്
അധിനിവേശ ഭരണകൂടം അവർ കീഴടക്കിയ ജനതയുടെ സ്വാതന്ത്ര്യവാഞ്‌ഛയെ അടിച്ചമർത്താൻ വേണ്ടി നടപ്പാക്കിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ എന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പ് ഉന്നത നീതിപീഠം മരവിപ്പിക്കുമ്പോൾ ഇന്ത്യൻ ജനാധിപത്യം അതിന്റെ അന്തസ് വീണ്ടെടുക്കുകയാണ്. സുപ്രിംകോടതിയുടെ ഈ ഉത്തരവ് ജനാധിപത്യത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണെങ്കിലും കേന്ദ്ര സർക്കാരിന്റെ ആത്മാർഥതയെക്കുറിച്ചുള്ള സംശയങ്ങൾ അപ്പോഴും നിലനിൽക്കുന്നു. അതിനുള്ള കാരണം കേന്ദ്രസർക്കാരിന്റെ കീഴിൽ രാജ്യദ്രോഹക്കുറ്റം ചാർത്തുന്നത് വളരെ വ്യാപകമായിരുന്നു എന്നതാണ്. മുസ്‌ലിംകൾക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം നിർബാധം ആരോപിക്കപ്പെട്ടതും. 124 എ വകുപ്പിനെതിരേയുള്ള ഹരജികൾ സുപ്രിംകോടതി പരിഗണിക്കുന്ന ആദ്യഘട്ടത്തിൽ ഈ നിയമത്തിന്റെ പുനഃപരിശോധന ആവശ്യമില്ലെന്ന സമീപനമാണ് കേന്ദ്ര സർക്കാർ ആദ്യം സ്വീകരിച്ചിരുന്നത്. കേസിനു അന്തിമതീർപ്പുകൽപിക്കുന്ന ഘട്ടമെത്തുമ്പോഴേക്കാണ് സർക്കാർ പഴയ നിലപാടിൽ നിന്ന് പിന്മാറുന്നത്. കൊളോണിയൽ കാലത്തെ നിയമങ്ങൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി ഈ നിയമവും പുനഃപരിശോധിക്കുമെന്നാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന സമീപനം. ഈ പുനഃപരിശോധനയ്ക്കാണ് സുപ്രിംകോടതി അംഗീകാരം നൽകിയിരിക്കുന്നത്.
ജനാധിപത്യ കാഴ്ചപ്പാടിൽ ശ്ലാഘനീയമാണ് ഈ തീരുമാനമെങ്കിലും കേന്ദ്ര സർക്കാരിന്റെ പുനഃപരിശോധനയുടെ ഫലമെന്താകുമെന്നതിനെക്കുറിച്ചുള്ള ആകുലതകൾ നിലനിൽക്കുന്നു. അധിനിവേശകരുണ്ടാക്കിയ നിയമമാണിതെന്നുള്ളത് മാത്രമല്ല ജനാധിപത്യ കാഴ്പ്പാടിൽ ഈ നിയമത്തോടുള്ള എതിർപ്പ്. സർക്കാരിനെ വിമർശിക്കുന്നവർക്കെതിരേയും സാംസ്‌കാരിക ദേശീയതയെക്കുറിച്ചുള്ള ഹിന്ദുത്വ കാഴ്‌ചപ്പാടിനെ എതിർക്കുന്നവർക്കെതിരേയും രാജ്യദ്രോഹക്കുറ്റമാരോപിക്കുന്നു എന്നതാണ് വിയോജിപ്പിനുള്ള പ്രധാന ഭാഗം. ദേശീയതയെക്കുറിച്ചുള്ള ഹിന്ദുത്വപൊതുബോധം പങ്കിടാതിരിക്കുന്നതാണ് രാജ്യദ്രോഹക്കുറ്റകൃത്യമായി പലപ്പോഴും തീരാറുള്ളത്. ന്യൂനപക്ഷാവകാശങ്ങളെ മുൻനിർത്തി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത് രാജ്യദ്രോഹമാകുമോ? വംശീയ വിവേചനം നിലനിൽക്കുന്നുവെന്നും അതിൽ നിന്ന് ആസാദി വേണമെന്ന് പറയുന്നതും ദേശദ്രോഹമാകുമോ? കശ്മിർ ജനതയുടെ പ്രശ്നം ഉന്നയിക്കുന്നത് രാജ്യദ്രോഹമായി തീരുമോ? തുടങ്ങി വ്യത്യസ്തമായ വിമത രാഷ്ട്രീയ അഭിപ്രായ പ്രകടനത്തെയാണ് രാജ്യദ്രോഹത്തിന്റെ കള്ളിയിൽ ഉൾപ്പെടുത്താറുള്ളത്. എന്തായാലും അപകോളനീകരണമെന്നത് പൗരാണികതയുടെ പുനഃസ്ഥാപനമല്ല.
രാജ്യദ്രോഹ നിയമം പിൻവലിക്കപ്പെടുന്നത് ജനാധിപത്യത്തെ സംബന്ധിച്ചു വലിയ ആശ്വാസകരമാണെങ്കിലും യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ നിലനിൽക്കുന്നു എന്നുള്ളത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പൊതു സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കം വളരെ സജീവമായി തന്നെയുണ്ട്. മതന്യൂനപക്ഷ സമൂഹങ്ങളുടെ ആശങ്കകൾ പലപ്പോഴായി ഈ വിഷയത്തിൽ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളതാണ്, അതുകൊണ്ടു പുതിയ നിയമനിർമാണങ്ങളുടെ ഉള്ളടക്കം എന്തായിരിക്കുമെന്നുള്ളതും പ്രധാനമാണ്. രാജ്യദ്രോഹ നിയമം ഇതേപേരിൽ തന്നെയല്ലാതെ മറ്റു രീതിയിൽ വിഭാവനം ചെയ്യപ്പെടുമോ എന്ന ആകുലത തള്ളിക്കളയേണ്ടതല്ല. കേന്ദ്ര സർക്കാരിന്റെ പൊതുസമീപനമെന്തായിരിക്കും എന്നതാണ് കാതലായ കാര്യം.
രാജ്യദ്രോഹ നിയമം മരവിപ്പിച്ച നടപടി ഇന്ത്യൻ ജനാധിപത്യത്തിന് പുത്തനുണർവാകുന്നുവെന്നു തീർച്ചയാണ്. കാരണം, സ്വാതന്ത്ര്യസമരവിരുദ്ധവും വിരോധാഭാസകരവുമായ ദുരധികാര ചരിത്രം പേറുന്ന ഒന്നാണ് ഈ നിയമം. ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസമെന്നു പറയുന്നത് അധിനിവേശ ഭരണകൂടം തദ്ദേശീയ ജനങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാൻ കൊണ്ടുവന്ന കരിനിയമമാണ് രാജ്യദ്രോഹക്കുറ്റം. ഇത് ഫ്യൂഡൽ രാജാക്കന്മാരുടെ കാലത്തുമുണ്ടായിരുന്നുവെങ്കിലും ഇത്ര വ്യപ്തിയുണ്ടായിരുന്നില്ല,
ബ്രിട്ടീഷുകാർ അധികാരം വിട്ടൊഴിഞ്ഞതിനുശേഷം അധികാരത്തിൽ വന്ന ഇന്ത്യൻ ഭരണവർഗം സ്വന്തം ജനതയ്ക്കെതിരേ പ്രയോഗിച്ചുകൊണ്ടിരുന്നത് അധിനിവേശകന്റെ ഈ നിയമമാണ്. അപകോളനീകരണത്തിന്റെ വാദമുഖങ്ങൾ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട സ്വാതന്ത്ര്യാനന്തരത്തിന്റെ ആദ്യ ദശകങ്ങളിൽ പോലും ശിക്ഷാനിയമം ഉൾപ്പെടെയുള്ള പല കൊളോണിയൽ ദുരാധികാര നിയമങ്ങളും അപകോളനീകരിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് മാത്രമല്ല കൊളോണിയൽ നിയമങ്ങളും ബ്രിട്ടീഷ് രാജിന്റെ പൊലിസ് ഉൾപ്പെടെയുള്ള നിയമനിർവഹണ സംവിധാനത്തെയും പരിഷ്ക്കരിക്കാൻ ഒരു നടപടിയുമെടുത്തില്ല. പകരം, എന്താണോ പൂർവാർജ്ജിതമായി ലഭിച്ചത് അത് അതേപടി തുടരുകയായിരുന്നു. അധിനിവേശ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ആക്രമാസക്തമായ ജനവിഭാഗമാണ് ഇന്ത്യക്കാർ. ഇതിൽ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വേർതിരിവുകളില്ല. ഈ രണ്ടു സമുദായങ്ങളിലെയും വരേണ്യരെ കൂടെ നിർത്താൻ ശ്രമിച്ചുവെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ജനത ഹിംസാത്മക പ്രകൃതമുള്ളവരായാണ് ഇംഗ്ലീഷുകാർ കണ്ടത്. ഈ ജനതയെ അടക്കി നിർത്താനുള്ള നിയമങ്ങളാണ് അധിനിവേശ ഭരണകൂടം നടപ്പാക്കിയത്.
നിയമത്തിന്റെ പിൻബലമില്ലാതെ തന്നെ മറ്റു അധികാര പ്രയോഗങ്ങളിലൂടെ സമാനമായ കാര്യങ്ങൾ ഏറ്റവും പ്രാകൃതമായ രീതിയിൽ നിർവഹിക്കാമായിരുന്നില്ലേ എന്നൊരു ചോദ്യമുണ്ട്. പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടോടെ യൂറോപ്പിലെ ഭരണകൂടങ്ങൾ ജൈവരാഷ്ട്രീയ (bio political) ഭരണനിർവഹണ രീതികളിലേക്ക് മാറുകയായിരുന്നു. ഏറ്റവും ക്രൂരമായ മനുഷ്യത്വവിരുദ്ധ നടപടികളെ പരിഷ്ക്കരിച്ചുകൊണ്ടും, എന്നാൽ ക്രൂര നടപടികളിലൂടെ ഉദ്ദേശിച്ചിരുന്ന അതേഫലങ്ങൾ തന്നെ പ്രാപ്യമാക്കാനുള്ള പുതിയ മാനേജമെന്റ് വ്യവസ്ഥ വികസിപ്പിച്ചെടുക്കുകയായിരുന്നു. കൂടുതൽ ഈടുറ്റതും ദീർഘകാല (durable) ഫലങ്ങൾ നൽകുന്നതായ വ്യവസ്ഥയെയാണ് യൂറോപ്പ് വിഭാവനം ചെയ്തത്. മൂലധന വ്യവസ്ഥയും ജോയന്റ് സ്റ്റോക്ക് കമ്പനിയും ഷെയർ മൂലധനവും അനുബന്ധ ജ്ഞാനശാഖകളും ഇതിന്റെ ഭാഗമായി സജ്ജമായി. ലിഖിത നിയമനിർമാണം ഇതിന്റെ ഭാഗമായാണ് രൂപപ്പെടുത്തിയത്. മിക്കവാറും ഇംഗ്ലീഷ് കോമൺ നിയമത്തിൽ നിന്നാണ് കൊളോണിയൽ നിയമം ഉത്ഭവിക്കുന്നത്. കോമൺ നിയമമുണ്ടാവുന്നത് ഇംഗ്ലണ്ടിൽ ദീർഘകാലമായി നിലനിൽക്കുന്ന സാമ്പ്രദായിക ചട്ടങ്ങളിലും ആചാരങ്ങളിൽ നിന്നുമാണ് (customs). ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെയുള്ള അധിനിവേശ നിയമങ്ങളുടെ സ്രോതസ് മേൽപറഞ്ഞതാണ്.
ഇങ്ങനെ അധിനിവേശ യുക്തിയാൽ ഭദ്രമായ നിയമങ്ങൾ പൊളിച്ചെഴുതേണ്ടത് ആവശ്യമാണ്. പക്ഷേ ഇതിനു പകരമാകുന്നത് ഏതു നിയമങ്ങളാണ് എന്നതും പ്രധാനപ്പെട്ട സംഗതിയാണ്. ഇന്ത്യയുടെ ജാതി മര്യാദകളും ആചാരങ്ങളുമാണോ ആധുനിക നിയമത്തിനു പകരമാകേണ്ടത്. തീർച്ചയായിട്ടുമല്ല. അംബേദ്‌കർ മുന്നോട്ടുവച്ച ഏറ്റവും സവിശേഷമായ നിയമനിർമാണം ഹിന്ദു കോഡ് ബില്ലാണ്. ഇത് പാർലമെന്റിൽ ശക്തമായി എതിർക്കപ്പെട്ടു. ഇതിനെ തുടർന്നാണ് അംബേദ്‌കർ രാജിവയ്ക്കുന്നത്. ഇന്ത്യൻ ഭരണഘടന ആധുനിക നിയമനിർമാണങ്ങളുടെ വളരെ സമ്മിശ്രമായ പാരമ്പര്യത്തെ (Eclectic) ഉൾക്കൊള്ളുന്നതാണ്. ഭാരതീയം എന്ന് പറയാവുന്ന ഒന്നും തന്നെ ഭരണഘടനയിലില്ല എന്നു വേണമെങ്കിൽ പറയാം. ഭരണഘടനയോടുള്ള സാംസ്‌കാരിക ദേശീയവാദികളുടെ എതിർപ്പിന്റെ കാരണവും ഏറെക്കുറെ ഇതാണ്. വ്യക്തികളുടെ അവകാശത്തെ പരമപ്രധാനമായി കാണുന്ന ഉദാരവാദ രാഷ്ട്രീയ ദർശനത്തിന്റെ പ്രചോദനം ഭരണഘടനയിൽ ദർശിക്കാം. ഒരുപക്ഷേ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യൻ ഭരണഘടനയോടുള്ള നിഷേധാത്മക സമീപനത്തിന്റെ കാരണം ഭരണഘടന ബൂർഷ്വാ വ്യക്തികേന്ദ്രിത മൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകി എന്നതാവാം. പക്ഷേ ഇന്ന് നമ്മൾ മനസ്സിലാക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശ മൂല്യങ്ങളും ജനാധിപത്യത്തിലെ അധികാര വിഭജനത്തെക്കുറിച്ചുള്ള ദർശനവും വളരെ ദീർഘവീക്ഷണത്തോടെ ഉള്ളതായിരുന്നു എന്നാണ്.
ഇന്ത്യ ശിക്ഷാനിയമത്തിലെ 124 എ എന്ന രാജ്യദ്രോഹത്തെക്കുറിച്ചുള്ള വകുപ്പ് റദ്ദാക്കപ്പെടേണ്ടതാണെന്നുള്ള ദർശനം നമുക്ക് ഉണ്ടാകുന്നത് ഭരണഘടനയുടെ സ്വാധീനം നിമിത്തമാണ്. വികസ്വരമാകുന്ന അവകാശങ്ങളെ പ്രധാനമായി കാണുന്ന ഭരണഘടന മർദനയുക്തി അടക്കം ചെയ്യാതിരിക്കുന്ന നിയമങ്ങളെ ജനതയുടെ മുമ്പാകെ തുറന്നുകാണിക്കുന്നു. അതുകൊണ്ടാണ് പുതിയ നിയമങ്ങൾ നിർമിക്കുമ്പോഴും നടപ്പാക്കുമ്പോഴും അതിലെ മർദന സ്വഭാവത്തെ എളുപ്പം തിരിച്ചറിയാനും അതിനെതിരേ പോരാടാനും ഇന്ത്യൻ ജനതയ്ക്ക് സാധിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിക്കാൻ പ്രേരിപ്പിക്കുന്നത് ഭരണഘടന നൽകുന്ന മനുഷ്യാവകാശ കാഴ്ചപ്പാടിന്റെ സ്വാധീനം നിമിത്തമാണ്. അവസരസമത്വം, വിശ്വാസ സ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും ഉറപ്പു തരുന്ന ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് മർദനനിയമങ്ങളെ എതിർക്കാനുള്ള കാഴ്ചപ്പാട് നമുക്ക് ലഭിക്കുന്നത്. ഇതുപോലെ തന്നെ ആധാർ നിയമത്തെ മുൻനിർത്തി സ്വകാര്യത അവകാശമാണെന്ന് നമുക്ക് വാദിക്കാൻ പ്രേരണയാകുന്നത് ഭരണഘടയുടെ 21 വകുപ്പ് മുന്നോട്ടുവയ്ക്കുന്ന വിശാല കാഴ്ചപ്പാട് കാരണമാണ്. രാജ്യദ്രോഹ നിയമം ഭരണഘടന വിരുദ്ധമാണെന്നുള്ള ബോധ്യമാണ് ഈ നിയമത്തെ എതിർക്കാൻ പ്രചോദനമാകുന്നത്. 124 എ പുനഃപരിശോധിക്കുക എന്നു പറയുന്നത് പ്രസ്തുത നിയമം റദ്ദാക്കുക എന്നതാകണം. പകരം അതിനേക്കാൾ കടുത്തതും എന്നാൽ പുതിയ സർവേലൻസ് സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കൂടുതൽ പരിഷ്കൃതമോ അല്ലെങ്കിൽ പൗരാണികമോ ആയ നിയമം കൊണ്ടുവരിക എന്നുള്ളതല്ല, ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങളെ കൂടുതൽ ദൃഢപ്പെടുത്തുന്ന നിയമ പരിരക്ഷയാണ് വേണ്ടത്.
സുപ്രിംകോടതി തൽക്കാലത്തേക്ക് മരവിപ്പിച്ച രാജ്യദ്രോഹ നിയമം സ്ഥിരമായി റദ്ദാക്കപ്പെടുന്നതായിരിക്കും പുനഃപരിശോധനയുടെ ഫലമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അപ്പോഴും മുൻ അനുഭവങ്ങൾ ദോഷൈകദൃക്കാകാൻ നമ്മളെ പ്രേരിപ്പിക്കുന്നു. 2017 ഒാഗസ്റ്റ് 23നാണ് സുപ്രിംകോടതിയുടെ ഒമ്പതംഗ ബെഞ്ച് സ്വകാര്യത മൗലികാവകാശമാണെന്നു പ്രഖ്യാപിച്ചത്. ജസ്റ്റിസ് പുട്ടസ്വാമി വിധി എന്നാണ് ഇതിനെ വിളിക്കുന്നത്. പക്ഷേ പിന്നീട് പല ഘട്ടങ്ങളിലും സ്വകാര്യത ലംഘനങ്ങളുടെ ഹരജികൾ ബഹുമാനപ്പെട്ട കോടതിക്ക് മുമ്പാകെ തന്നെ വന്നു. ഉന്നത നീതിപീഠത്തിന്റെ പരമപ്രധാനമായ വിധി അതേ സ്പിരിറ്റോടെ നടപ്പാക്കാൻ പലപ്പോഴും സർക്കാരുകൾ വിമുഖത കാണിക്കുന്നു. സ്വകാര്യത ലംഘനത്തിന്റെ ഏറ്റവും ഭീതിദമായ വെളിപ്പെടുത്തലായിരുന്നു പെഗാസസ് ചാര സോഫ്റ്റുവെയറിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ആരോപണം, ഉന്നത നീതിപീഠം തന്നെ ഈ വിഷയത്തെക്കുറിച്ചു പഠിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഐ.ടി നിയമത്തിലെ ഏറ്റവും ഭീകര വകുപ്പായ 66 എ 2015 ലാണ് ഉന്നത നീതിപീഠം റദ്ദാക്കിയത്. എന്നിട്ടും പലസംസ്ഥാനങ്ങളിലും ഈ വകുപ്പ് മുൻനിർത്തി തന്നെയാണ് കേസെടുത്തിരുന്നത്. 124 എയുടെ മരവിപ്പിക്കലും പുനഃപരിശോധനയും തുടർന്ന് ഇത് റദ്ദാക്കിയേക്കും എന്ന സാധ്യതയും നിലനിൽക്കേ തന്നെ മറ്റു രീതികളിൽ ഇതിനെ മറികടക്കാനുള്ള സാധ്യത നിലനിൽക്കുന്നു എന്ന് സ്വതന്ത്ര പൗരസമൂഹത്തിനു ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."