ശൈലജ ടീച്ചറെ മന്ത്രിയാക്കാതിരിക്കുമ്പോള്‍
ഒന്നാം പിണറായി മന്ത്രിസഭയിലെ ഏറ്റവും ജനപ്രിയ മന്ത്രിയായിരുന്ന കെ.കെ ശൈലജയെ ഇത്തവണ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതില്‍ എന്തിനാണ് കേരളീയ പൊതുബോധം ഇളകി മറിയുന്നത്. കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളെയും ഒഴിവാക്കി പുതിയൊരു നിരയെ കൊണ്ടുവരിക എന്നതാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ ഇപ്പോഴത്തെ ജനാഭിപ്രായങ്ങള്‍ തീര്‍ത്തും അപ്രസക്തമാണ്. ശൈലജ ടീച്ചര്‍ മികച്ച മന്ത്രിയായിരിക്കാം, അവരുടെ അനുഭവപരിചയം രണ്ടാമൂഴത്തില്‍ കൂടുതല്‍ ഗുണം ചെയ്യുമായിരിക്കാം, ശൈലജ ടീച്ചറുടെ ജനസമ്മതി എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാവാന്‍ കാരണമായി ഭവിച്ചിട്ടുണ്ടാവാം - ഒക്കെ സമ്മതിക്കുമ്പോഴും ഒരു പൊതുമാനദണ്ഡത്തിന് അവരും വിധേയമാവേണ്ടതുണ്ട് എന്ന പാര്‍ട്ടി യുക്തി നിലനില്‍ക്കുക തന്നെ ചെയ്യും. മറിച്ചുള്ള എല്ലാ വാദങ്ങളും, സ്ത്രീ അവഗണിക്കപ്പെടുന്നു, പിണറായി വിജയനിലെ പെരുന്തച്ചന്‍ കോംപ്ലക്‌സ് ശൈലജ ടീച്ചറെ തഴയാന്‍ പ്രേരകമാവുന്നു, പാര്‍ട്ടിയിലെ ഗ്രൂപ്പിസം മറനീക്കി പുറത്തുവരുന്നു എന്നൊക്കെയുള്ള വാദങ്ങള്‍ക്കൊന്നും ഈ യുക്തിക്കു മുമ്പില്‍ നിലനില്‍പില്ല. ശൈലജ ടീച്ചറെ ഒഴിവാക്കുക എന്നത് പാര്‍ട്ടിയുടെ ശരിയാണ്. ജനമനസിലെ ശരിയല്ല, ശൈലജ ടീച്ചര്‍ക്കെന്താ കൊമ്പുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നവരുടെ വിരല്‍ അനക്കമറ്റുപോവുകതന്നെ ചെയ്യും.
കേരളത്തിന്റെ പാര്‍ട്ടി
പക്ഷേ, കഴിഞ്ഞ മന്ത്രിസഭയിലെ ഒരാളെപ്പോലും മുഖ്യമന്ത്രിക്കൊപ്പം കൂട്ടേണ്ടതില്ല എന്നത് സി.പി.എമ്മിന്റെ തീരുമാനമാണോ അതോ പിണറായി വിജയന്റേതോ? സാങ്കേതികമായിപ്പറഞ്ഞാല്‍ തന്റെ ടീം ആരൊക്കെ അടങ്ങിയതായിരിക്കണമെന്ന് തീരുമാനിക്കാന്‍ ക്യാപ്റ്റന് അവകാശമുണ്ടാവാം. പക്ഷേ, സി.പി.എം പോലെ പോളിറ്റ് ബ്യൂറോയും കണ്‍ട്രോള്‍ കമ്മിഷനും കേന്ദ്രക്കമ്മിറ്റിയുമൊക്കെയുള്ള ഒരു പാര്‍ട്ടിയില്‍ ഇത്തരമൊരു തീരുമാനം പോളിസിയുടെ ഭാഗമായിരിക്കണം. എന്നാല്‍, ശൈലജ ടീച്ചറെയടക്കം പഴയ ആരേയും മന്ത്രിമാരാക്കരുത് എന്ന നയം പാര്‍ട്ടിയുടേതല്ല. ആയിരുന്നുവെങ്കില്‍ പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടോ അതേപ്പറ്റി എതിരഭിപ്രായം പറയുകയില്ലായിരുന്നു. അവര്‍ അതൃപ്തി അറിയിച്ചെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം പ്രസ്തുത തീരുമാനം കേരളത്തിലെ പാര്‍ട്ടിയുടേതാണ് എന്നാണ്. ഒന്നുകില്‍ പിണറായി വിജയന്റെ തന്നിഷ്ടം ,അല്ലെങ്കില്‍ പാര്‍ട്ടിയിലെ രണ്ടോ മൂന്നോ അധികാര കേന്ദ്രങ്ങളുടെ അഭിപ്രായം, അതുമല്ലെങ്കില്‍ പാര്‍ട്ടി സഖാക്കളുടെ പൊതുവികാരം. പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നു മാത്രമല്ല, ശൈലജ ടീച്ചര്‍ക്ക് വേണ്ടി വാദിക്കുക പോലും ചെയ്യുന്നു. എല്ലാം ചേര്‍ത്തുവച്ച് ചിന്തിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഖിലേന്ത്യാ നേതൃത്വത്തിന്റെയും അറിവോ സമ്മതമോ അംഗീകാരമോ ഇല്ലാതെ സംസ്ഥാനതലത്തില്‍ കൈക്കൊണ്ട തീരുമാനമാണത്. ഒന്നുകില്‍ പിണറായി വിജയന്‍ ഒറ്റക്ക്, അല്ലെങ്കില്‍ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ ആലോചനകള്‍ക്കു ശേഷം.
അതില്‍ ദേശീയ നേതൃത്വത്തിന് പങ്കില്ല. അതായത് ഇന്ത്യയിലെ പാര്‍ട്ടി നേതൃത്വത്തിന് അതറിയില്ല. അങ്ങനെ സംഭവിച്ചത് തെറ്റോ ശരിയോ എന്നതല്ല വിഷയം. മറിച്ച് സി.പി.എം അഖിലേന്ത്യാ പാര്‍ട്ടി എന്ന പദവി കൈവെടിഞ്ഞ് ഒരു കേരളാ പാര്‍ട്ടിയായിരിക്കുന്നു എന്നതാണ്. കേരളത്തിലൊഴിച്ച് മറ്റൊരിടത്തും പാര്‍ട്ടിക്ക് അണികളോ ജനപ്രാതിനിധ്യമോ കാര്യമായി ഇല്ലാത്ത അവസ്ഥയില്‍ സി.പി.എം ഒരു പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങിയെന്ന വസ്തുതയോട് നേതൃത്വം രാജിയായിക്കഴിഞ്ഞിരിക്കുന്നു. സി.പി.എമ്മിന്റെ കാര്യങ്ങള്‍ ഇനി കേരളത്തില്‍ തീരുമാനിക്കാം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോയും വെറും ഔപചാരികത മാത്രമാണ്. സീതാറാം യെച്ചൂരിയും ഇന്ദ്രപ്രസ്ഥത്തിലെ എ.കെ.ജി സെന്ററും വെറും അലങ്കാരങ്ങള്‍ മാത്രമാണ്. ഇത് ഭംഗിയായി, അക്ഷരവടിവോടെ പറഞ്ഞിരിക്കുകയാണ് സഖാവ് പിണറായി വിജയന്‍. ഇനി സി.പി.എം ഒരു കേരളപ്പാര്‍ട്ടി. താന്‍ അതിന്റെ ചോദ്യം ചെയ്യാനാവാത്ത നേതാവ്. സത്യപ്രതിജ്ഞ ജനഹൃദയങ്ങളിലാണ് നടക്കുകയെന്ന് പറഞ്ഞുവല്ലോ പിണറായി. പാര്‍ട്ടിക്കൂറും ജനഹൃദയങ്ങളിലാണ് രൂപപ്പെടുന്നത്.
പ്രാദേശിക രാഷ്ട്രീയത്തിന്റെ ശക്തി
ദേശീയാടിത്തറ എന്നതിലേറെ സാര്‍വലൗകികമാനങ്ങളുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയത്തിന്റെ നാലു ചുമരുകളിലൊതുങ്ങിയ ഒരു കക്ഷിയിലേക്കു ചുരുക്കുക എന്നത് അങ്ങനെയങ്ങ് ഉള്‍ക്കൊള്ളാനാവുകയില്ല. പക്ഷേ, പറഞ്ഞിട്ടെന്ത്, സംഗതി ശരിയാണ്. പാര്‍ട്ടിക്ക് സ്വാധീനമുള്ള ത്രിപുരയിലും ബംഗാളിലുമൊക്കെ കുറ്റിയറ്റു പോയ അവസ്ഥയില്‍ കേരളം മാത്രമായി കമ്യൂണിസത്തിന്ന് ഇന്ത്യയില്‍ അവശേഷിച്ച ഒരേയൊരു പച്ചത്തുരുത്ത്. ഈ പരിമിതികളെ സാധ്യതകളാക്കി രൂപപ്പെടുത്തി സി.പി.എമ്മിനെ ഒരു കേരളാ പാര്‍ട്ടിയാക്കുകയാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ചെയ്തത്. സി.പി.എമ്മിനുള്ള പിണറായി വിജയന്റെ ഏറ്റവും വലിയ സംഭാവന അതാണ്. അതിനനുസൃതമായ രീതിയില്‍ തങ്ങളുമായി ഒരിക്കലും ഒട്ടും പൊരുത്തപ്പെടാത്ത കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയും വര്‍ഗീയ പ്രസ്ഥാനങ്ങളെയുമൊക്കെ ഒരുമിച്ചുചേര്‍ത്ത് ഇടതുപക്ഷത്തിന്റെ ജനകീയാടിത്തറ വിപുലമാക്കിയതിലാണ് സഖാവ് പിണറായിയുടെ തന്ത്രജ്ഞത കുടികൊള്ളുന്നത്. അതായത്, കേരളം മാത്രമായിരുന്നു സി.പി.എമ്മിന്റെ അജന്‍ഡാവിഷയം. കേരളീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടായിരുന്നു അഞ്ചു കൊല്ലത്തെ ഭരണം. കേരള മാതൃകയാണ് സദാ ഉയര്‍ത്തിക്കാട്ടിയത്. ഈ മാതൃകയുടെ ബലത്തിലാണ് കേന്ദ്രത്തോട് തല്ലു പിടിച്ചത്. വിമര്‍ശനങ്ങള്‍ക്കു മറുപടിയായി ഇത് വേറെ ജനുസാണെന്ന് മുഖ്യമന്ത്രി പറയാറുണ്ടായിരുന്നു. അതോടൊപ്പം പറഞ്ഞ മറ്റൊരു മറുപടിയാണ് ഇത് വേറെ മണ്ണാണ് എന്നത്. അതായത് കേരളമെന്ന വേറിട്ട മണ്ണിന്റെ ടെറിട്ടോറിയല്‍ ഇമ്പരറ്റീവാണ് പിണറായിയുടെ ബലം. അതുപയോഗിച്ചാണ് അദ്ദേഹം സീതാറാം യെച്ചൂരിയുടെയും ബൃന്ദാ കാരാട്ടിന്റെയും എതിര്‍പ്പുകളെ അപ്രസക്തമാക്കുന്നത്. താന്‍ ഇച്ഛിച്ചത് പോലെ പുതിയൊരു ടീമിനെ കൊണ്ടുവരികയും പഴയവരെയൊക്കെ ഒഴിവാക്കുകയും അതിന് പാര്‍ട്ടിക്കമ്മിറ്റിയുടെ അംഗീകാരം വാങ്ങുകയും ചെയ്തത് വഴി ഒരു തന്നിഷ്ടം നടപ്പാക്കല്‍ മാത്രമല്ല അദ്ദേഹം ചെയ്തത്. തന്റെ ടെറിട്ടറിയില്‍ ഒരു പാര്‍ട്ടിയെ സ്ഥാപിക്കുകയാണ്. ഇനി സി.പി.എം കേരളത്തിന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടി, പിണറായി അതിന്റെ ക്യാപ്റ്റന്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടുത്ത കാലത്ത് ഉരുത്തിരിഞ്ഞുവരുന്ന പ്രാദേശിക സ്വത്വത്തിലധിഷ്ഠിതമായ രാഷ്ട്രീയബോധത്തിന്റെ വെളിപ്പെടലാവാം ഇവയെല്ലാം. ബംഗാളില്‍ മമതയും തമിഴ്‌നാട്ടില്‍ ഡി.എം.കെയും കൈവരിച്ച വിജയങ്ങള്‍ക്ക് ഈ പ്രാദേശിക സ്വഭാവമുണ്ട്. അസമിലും ബി.ജെ.പിയുടെ ദേശീയതാ സങ്കല്‍പ്പങ്ങള്‍ക്കായിരുന്നില്ല വോട്ട്, അസമിന്റെ താല്‍പ്പര്യങ്ങള്‍ക്കായിരുന്നു. സൂക്ഷ്മ വിശകലനത്തില്‍ ഹിന്ദി ബെല്‍റ്റിന് പുറത്ത് വര്‍ത്തിക്കുന്ന ദേശങ്ങളിലെല്ലാം പ്രാദേശികമായ ഐഡന്റിറ്റിയില്‍ വേരൂന്നിയ രാഷ്ട്രീയ സ്വത്വബോധമാണ് മേല്‍ക്കൈ സ്ഥാപിക്കുന്നത്. ഫെഡറലിസവും പാന്‍ ഇന്ത്യന്‍ സങ്കല്‍പങ്ങളും തമ്മിലുള്ള അഭിമുഖീകരണത്തെ ഇതെങ്ങനെയാണ് ബാധിക്കുക എന്ന് കണ്ടറിയണം. ഈ പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു സംസ്ഥാനപ്പാര്‍ട്ടിയിലേക്കുള്ള സി.പി.എമ്മിന്റെ അവസ്ഥാന്തരത്തെ വിലയിരുത്തേണ്ടത്.
ജനവും പാര്‍ട്ടിയും
പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ പുതിയ ടീമിനെ കൊണ്ടുവന്നതോ ശൈലജ ടീച്ചറെ ഒഴിവാക്കിയതോ തെറ്റല്ല. ജനാഭിപ്രായംവച്ചും സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ കാരണത്താലും ഭരണപരമായ തീരുമാനങ്ങള്‍ തിരുത്താനും വയ്യ. പക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെയുള്ള ഒരു ജനകീയ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി തീരുമാനം പോലെ തന്നെ പ്രധാനമല്ലേ ജനാഭിപ്രായവും എന്ന വിഷയം അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ജനാഭിപ്രായത്തെ അപ്പടി അവഗണിച്ച് പാര്‍ട്ടി തീരുമാനത്തിലുറച്ചു നില്‍ക്കുന്നത് വെള്ളത്തില്‍ മീനെന്ന പോലെ കഴിയുന്ന വിപ്ലവപ്പാര്‍ട്ടികള്‍ക്ക് ഭൂഷണമാവുകയില്ല. ഒരുപക്ഷേ തീരുമാനങ്ങളെടുക്കുമ്പോള്‍ ജനാഭിപ്രായം വേണ്ടരീതിയില്‍ കണക്കിലെടുക്കാതിരിക്കുന്നതിന് പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരികയും ചെയ്യും. ഇപ്പോള്‍ത്തന്നെ മന്ത്രിസഭയിലെ ജാതി, സാമുദായികാനുപാതം നോക്കുക. എട്ടു പേര്‍ മുന്നോക്ക സമുദായക്കാരാണ്. പത്തു ശതമാനം ജനസംഖ്യയുള്ള പട്ടികജാതിക്കാര്‍ക്ക് ഒരു മന്ത്രി. ഇത് കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിലവിലുള്ള ജാതി, സാമുദായിക പ്രാതിനിധ്യത്തോട് പൊരുത്തപ്പെടുന്ന ഒന്നല്ല. നമ്മുടെ സാമൂഹ്യഘടനയില്‍ പ്രകടമായ അടിസ്ഥാന വര്‍ഗത്തിന്റെ ഉണര്‍വുകളോടും അത് പൊരുത്തപ്പെടുന്നില്ല. എന്നിട്ടും പാര്‍ട്ടിയുടെ മറുപരിഗണനകളുടെ പേരില്‍ അങ്ങനെ സംഭവിക്കുന്നു. ജനതാല്‍പര്യമല്ല പാര്‍ട്ടി താല്‍പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. ഇത് ഇടതു ചിന്തയുമായി എത്രത്തോളം ഒത്തുപോവും?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."