സത്യപ്രതിജ്ഞക്ക് കൂറ്റന്‍പന്തല്‍ ഒരുങ്ങി; കര്‍ശനം കൊവിഡ് മാനദണ്ഡം
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കായി അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കൂറ്റന്‍പന്തല്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എണ്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ 500 പേര്‍ക്ക് കര്‍ശന കൊവിഡ് മാനദണ്ഡം പാലിച്ച് ഇരിക്കാനാവുന്ന തരത്തിലാണ് പന്തല്‍ ഒരുക്കിയിരിക്കുന്നത്. കൃത്യമായ അകലം പാലിച്ച് ഇരിക്കാന്‍ ഉതകുന്ന തരത്തിലാണ് പന്തലിലെ സീറ്റുകള്‍ ക്രമീകരിച്ചത്. മൂന്ന് കൂടാരങ്ങളായാണ് പന്തല്‍ ക്രമീകരിച്ചിരിക്കുന്നത്. നടുഭാഗത്തെ പന്തലിലാണ് മന്ത്രിമാര്‍ക്ക് ഇരിക്കാവുന്ന വലിയ സ്റ്റേജ് നിര്‍മിച്ചിരിക്കുന്നത്. സ്റ്റേജില്‍ ഒന്നരമീറ്റര്‍ അകലത്തിലായിരിക്കും ഇവരുടെ ഇരിപ്പിടം ക്രമീകരിക്കുക.
സ്റ്റേജിന് പുറകിലായി 140 അടിയില്‍ എല്‍.ഇ.ഡി സ്‌ക്രീനും ക്രമീകരിച്ചിട്ടുണ്ട്. ഈ സ്‌ക്രീനില്‍ 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലിയും ചടങ്ങിന് മുമ്പായി പ്രദര്‍ശിപ്പിക്കും. മറ്റു രണ്ട് കൂടാരങ്ങളിലായി ക്ഷണിക്കപ്പെട്ട അതിഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായുള്ള സീറ്റുകളാണുള്ളത്. ഇവിടെയും എല്‍.ഇ.ഡി സ്‌ക്രീന്‍ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ചടങ്ങ് കര്‍ശന കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താന്‍ നെട്ടോട്ടമോടുകയാണ് ഉദ്യോഗസ്ഥര്‍. ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണ് ഉദ്യോഗസ്ഥര്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ഉച്ചതിരിഞ്ഞ് 2.45 ന് മുന്‍പ് സ്റ്റേഡിയത്തില്‍ എത്തണമെന്നും 48 മണിക്കൂറിനകം എടുത്തിട്ടുള്ള കൊവിഡ് നെഗറ്റീവ് റിസല്‍ട്ടോ കൊവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വെക്കണമെന്നും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് കൊവിഡ് പരിശോധനയും ഒരുക്കിയിരുന്നു. ഇരട്ട മാസ്‌ക് ധരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാനും കൊവിഡ് മാനദണ്ഡം നടപ്പാക്കാനും പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. അതിഥികള്‍ സെക്രട്ടേറിയറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിര്‍വശമുള്ള ഗേറ്റുകള്‍ വഴി പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ക്കിങ് സംവിധാനം വരെ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സജീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ഗവര്‍ണറുടെ വസതിയില്‍ ചായ സല്‍ക്കാരവും ശേഷം ആദ്യ മന്ത്രിസഭാ യോഗവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."