ഉണര്‍ത്തുപാട്ടിൻ്റെ അനുഭൂതികള്‍
തന്‍സീര്‍ ദാരിമി കാവുന്തറ
റമദാന്‍ മാസത്തില്‍ നടക്കുന്ന നോമ്പുതുറകളാണ് പലപ്പോഴും ചര്‍ച്ചകളില്‍ഇ ടംനേടാറുള്ളത്. നോമ്പുതുറ പോലെത്തന്നെ പുണ്യപൂര്‍ണമായ കര്‍മമാണ് അത്താഴം കഴിക്കലും. അത്താഴസമയത്ത് കൃത്യമായി എഴുന്നേല്‍ക്കാന്‍ പലരും അലറാം ഉപയോഗിക്കലാണ് പതിവുരീതി. പള്ളിയില്‍നിന്നും കേള്‍ക്കുന്ന ഖുര്‍ആനോത്ത്/ തസ്ബീഹ് ശ്രവിച്ച് അത്താഴത്തിനു ഉണരുന്നവരുമുണ്ട്.
ചില പ്രദേശങ്ങളില്‍ പുണ്യമാസമായ റമദാനില്‍ അത്താഴം കഴിക്കാനുള്ള സമയം അറിയാന്‍ ആരും ക്ലോക്കുകളിലോ മൊബൈല്‍ ഫോണുകളിലോ അലറാം വയ്ക്കാറില്ല. അവര്‍ക്കറിയാം, കൃത്യസമയത്തുതന്നെ "അത്താഴം മുട്ടുകാരന്റെ' അറിയിപ്പുചെണ്ട മുഴങ്ങുമെന്ന്. നോമ്പ് എടുക്കുന്ന ജനങ്ങള്‍ക്ക് അത്താഴത്തിന് ഉണരാന്‍ വേണ്ടി റമദാന്‍ മാസപ്പിറവി കണ്ടതു മുതല്‍ ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നതുവരെ രാത്രിയുടെ അവസാന സമയങ്ങളില്‍ പ്രത്യേക തരത്തിലുള്ള ചെണ്ട മുട്ടി ശബ്ദം ഉണ്ടാക്കി പ്രദേശങ്ങളില്‍ നടക്കുന്നവരെയാണ് അത്താഴംമുട്ടുകാര്‍ എന്നു പറയുന്നത്.
മുട്ടിവിളിക്കുന്ന മെസ്ഹറാത്തി
ലോകത്തിന്റെ പല ഭാഗങ്ങളില്‍ റമദാനില്‍ ഇത്തരം അത്താഴംമുട്ടുകാറുണ്ടെന്നാണ് ജോര്‍ദാനില്‍ നിന്നുള്ള സയ്യിദ് അബ്‌റര്‍ പറയുന്നത്. ഈ ചടങ്ങ് ആദ്യമായി തുടങ്ങിയത് ഈജിപതിലാണെന്നാണ് ചരിത്രവും പറയുന്നു. അത്താഴംമുട്ടുകാരെ മെസ്ഹറാത്തി എന്നാണ് പൊതുവേ പറയുന്നത്. ചെണ്ടയ്ക്കു പകരം ചെറിയ ദഫ് ആണ് അവര്‍ ഉപയോഗിക്കുന്നത്. ഒപ്പം വിളക്കു പിടിക്കാന്‍ ഒരാളും കൂടെയുണ്ടാകും.
ഈജിപ്ത്, സിറിയ, സുഡാന്‍, സഊദി, കുവൈത്ത്, ജോര്‍ദാന്‍, ലെബനന്‍, ഫലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ മെസ്ഹറാത്തിമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ കാലത്തിന്റെ മാറ്റത്തില്‍ ഇപ്പോള്‍ മെസ്ഹറാത്തി അത്ര പ്രചാരത്തില്‍ ഇല്ല. മെസ്ഹറാത്തിമാരുടെ കൊട്ടുകേള്‍ക്കാന്‍ പോലുമില്ലാതെയായിരിക്കുകയാണ്. കാലം മാറുന്നതനുസരിച്ചു ഇല്ലാതാകുന്ന ഒന്നാവുകയാണ് മെസ്ഹറാത്തിയും.
താഴത്തങ്ങാടിയിലെ അത്താഴംമുട്ട്
രണ്ടു നൂറ്റാണ്ടായി വടകര താഴത്തങ്ങാടി പ്രദേശത്ത് മുഹമ്മദിന്റെ കുടുംബമാണ് 'അത്താഴംമുട്ട്' അറിയിപ്പ് നല്‍കുന്നത്. മുമ്പ് അത്താഴംമുട്ട് അറിയിപ്പിനായി ചെണ്ടയും കൊട്ടി താഴത്തങ്ങാടിയില്‍ എത്തിയിരുന്നത് മുഹമ്മദിന്റെ ജ്യേഷ്ഠനായിരുന്നു. അതിന് മുമ്പ് മുഹമ്മദിന്റെ ഉപ്പ, അതിനും മുമ്പ് മുഹമ്മദിന്റെ ഉപ്പയുടെ ഉപ്പ. കഴിഞ്ഞ 200 വര്‍ഷമോ, അതിനേക്കാള്‍ മുമ്പോ തുടങ്ങിയ ചടങ്ങാണ് ഇപ്പോഴും തലമുറകള്‍ കൈമാറി മുഹമ്മദിന്റെ കുടുംബം തുടരുന്നത്.
രാത്രിയില്‍ ഒരു മണിക്ക് അത്താഴംമുട്ടിനായി ഇറങ്ങുന്ന മുഹമ്മദ് വെളുപ്പിനെ മൂന്നര വരെ തന്റെ ചെണ്ടകൊട്ടല്‍ തുടരും. പതിനഞ്ചാമത്തെ വയസില്‍ ജ്യേഷ്ഠനൊപ്പം വിളക്കു പിടിച്ചാണ് മുഹമ്മദ് അത്താഴംമുട്ടിനായി കൂടെച്ചേര്‍ന്നത്. പിന്നീട് ജ്യേഷ്ഠന്‍ ഗള്‍ഫില്‍ പോയപ്പോള്‍ മുഹമ്മദ് അത്താഴംമുട്ട് ഏറ്റെടുത്തു. ഇപ്പോള്‍ 36 വര്‍ഷമായി മുഹമ്മദ് തന്നെയാണ് ഈ ചടങ്ങ് തുടരുന്നത്.
താഴത്തങ്ങാടിയില്‍ എല്ലാ വീടുകളിലും കയറും. അവരെ അത്താഴം ഉണ്ണാന്‍ ചെണ്ട കൊട്ടി ഉണര്‍ത്തും. അവരെല്ലാം ഞാന്‍ വരാന്‍ പ്രതീക്ഷിച്ചിരിക്കും. ചിലര്‍ കൈനീട്ടം തരു,ം ചിലര്‍ തരില്ല. മക്കളൊക്കെ ഇതു തുടരുമോ എന്നറിയില്ല. എന്താണെങ്കിലും ഇത് ഒരു പുണ്യപ്രവൃത്തിയായിട്ടാണ് താന്‍ കാണുന്നതെന്ന് മുഹമ്മദ് പറയുന്നു.
പെരുന്നാളിനു ശേഷം അത്താഴംമുട്ടുകാര്‍ ഓരോ വീടുകള്‍തോറും കയറിയിറങ്ങുമ്പോള്‍ അവിടുനിന്ന് അരിയും (ചിലപ്പോള്‍ പണമായും) നല്‍കുന്ന പതിവുണ്ട്. ഈ സന്ദര്‍ഭത്തില്‍ വീട്ടുകാര്‍ തങ്ങളുടെ കുട്ടികളെക്കൊണ്ട് ആ വലിയ പെരുമ്പറ കൊട്ടിപ്പിക്കുകയും ചെയ്യാറുണ്ട്. വടകര താഴെ അങ്ങാടി കോതിബസാറിലേക്ക് വള്ളങ്ങളില്‍ ചരക്കുകളുമായി വന്നിരുന്ന കച്ചവടക്കാരെയും യാത്രക്കാരെയും തുഴച്ചിലുകാരെയും ഉദ്ദേശിച്ചാണ് അത്താഴംമുട്ട് ആരംഭിച്ചതെന്നാണ് കരുതുന്നത്.
യുവാക്കളുടെ ഉണര്‍ത്തുപാട്ട്
മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി മേഖലയില്‍ റമദാനിലെ പ്രത്യേകതയാണ് അത്താഴം മുട്ടെന്ന ഉണര്‍ത്തുപാട്ട്. അലറാം അടക്കമുള്ള സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് നോമ്പ് അനുഷ്ഠിക്കുന്നവരെ അത്താഴത്തിനു വിളിച്ചുണര്‍ത്തുന്ന യുവാക്കളുടെ കലയാണ് അത്താഴംമുട്ട്. യുവാക്കള്‍ സംഘങ്ങളായി ഓരോ വീടിനുമുന്നിലും റമദാന്‍ മാസത്തിന്റെ ശ്രേഷ്ഠതകള്‍ ഉയര്‍ത്തിയും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പാടിയും അറബന മുട്ടിയും കോല്‍കളിച്ചും വാതിലില്‍ തട്ടി വീട്ടുകാരെ വിളിച്ചുണര്‍ത്തുന്നതാണ് രീതി.
ഗലാലിയിലെ അത്താഴംവിളി
റമദാന്‍ മാസത്തിലെ അത്താഴസമയത്ത് ആളുകളെ വിളിച്ചുണര്‍ത്തുന്ന അറബ് പരമ്പരാഗത രീതി ഗള്‍ഫ്‌നാടുകളില്‍ ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ചില പ്രത്യേക വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചാണ് അറബ് സംഘങ്ങള്‍ അത്താഴം കഴിക്കാനുള്ള സമയമായി എന്ന അറിയിപ്പ് പ്രദേശവാസികള്‍ക്ക് നല്‍കുന്നത്. റമദാന്‍ മാസത്തില്‍ അത്താഴത്തിന്റെ സമയമായി എന്നറിയിക്കാന്‍ ബഹ്‌റൈനിലെ ഗലാലി പ്രദേശത്ത് വിവിധ സംഘങ്ങള്‍ സജീവമാകാറുണ്ട്.
പാതിരാത്രിയില്‍ എഴുന്നേറ്റ് ഭക്ഷണം കഴിക്കാന്‍ ആളുകള്‍ക്ക് അറിയിപ്പു നല്‍കുന്ന രീതി വര്‍ഷങ്ങളായി പിന്തുടരുന്നു ഈ സംഘങ്ങള്‍. പ്രത്യേക രീതിയില്‍ വാദ്യഘോഷങ്ങളോടെ താളത്തില്‍ മുട്ടിയും പാടിയും വ്രതമനുഷ്ഠിക്കുന്നതിനായി ഗ്രാമാന്തരങ്ങളിലും തെരുവോരങ്ങളിലും ഈ സംഘങ്ങളെത്തും.
ഈജിപ്ത് പോലുള്ള അറബ് രാജ്യങ്ങളില്‍ നിന്നാണ് പരമ്പരാഗത അറബ് സംസ്‌കാരത്തിന്റെ ഭാഗമായാണ് ഈ രീതിയുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. യുവാക്കളും മധ്യവയസ്‌കരുമൊക്കെ ഈ സംഘത്തിന്റെ ഭാഗമായി രാത്രികളില്‍ പ്രദേശം മുഴുവന്‍ സഞ്ചരിച്ച് വിശ്വാസികളെ വിളിച്ചുണര്‍ത്തുന്നു. പ്രത്യേകതരം ചെണ്ടയുടെ താളവും ദഫ്മുട്ടും മന്ത്രങ്ങളുടെ ഈരടികളും ഈ യാത്രയെ താളാത്മകമാക്കി മാറ്റുന്നു. ബഹ്‌റൈനിലെ മറ്റ് പ്രദേശങ്ങളിലും അത്താഴം മുട്ട് സംഘങ്ങള്‍ റമദാനില്‍ സജീവമാകാറുണ്ട്. ബഹ്‌റൈനിലെ പ്രവാസികളും താളബോധമുള്ള ഈ അറബ് സംഘങ്ങളുടെ കൗതുകക്കാഴ്ചകള്‍ ഓരോ റമദാനിലും ആസ്വദിക്കുന്നു.
നബി (സ) പറഞ്ഞ അത്താഴപാഠങ്ങള്‍
രാത്രി ഭക്ഷണം കഴിക്കുന്നതിനു പൊതുവെ അത്താഴം എന്നു പറയാറുണ്ടെങ്കിലും അര്‍ധരാത്രിക്കു ശേഷം വല്ലതും കഴിക്കുന്നതിനാണ് 'സുഹര്‍', അത്താഴം കഴിക്കല്‍ എന്ന് ഫിഖ്ഹിലെ പ്രയോഗം. നോമ്പിന് ഇതൊരു അനുഷ്ഠാനമായി, പുണ്യമായിട്ടാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. നബി (സ)പറഞ്ഞു: 'നിങ്ങള്‍ നോമ്പിന് അത്താഴം കഴിക്കണം. നിശ്ചയം അതില്‍ ബറകത്തുണ്ട്'. 'പകലിലെ നോമ്പിന് നിങ്ങള്‍ അത്താഴം കഴിച്ച് സഹായം തേടുക'.
നോമ്പിന്റെ ആരംഭത്തിനു മുമ്പായി അല്‍പം എന്തെങ്കിലും കഴിക്കുക എന്നത് സുന്നത്താക്കിയിരിക്കുന്നു. ഭക്ഷണം ആവശ്യമില്ലെന്നു തോന്നിയാലും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലെങ്കിലും അത്താഴം കഴിക്കുക എന്ന സുന്നത്ത് നേടാന്‍ ശ്രമിക്കണം. അതിന് ഒരിറക്ക് വെള്ളം മാത്രം നിയ്യത്തോടെ കുടിച്ചാല്‍ മതി. അധികം കഴിക്കണമെന്നോ വയര്‍ നിറക്കണമെന്നോ ഇന്നതായിരിക്കണമെന്നോ ഇല്ല. നബി (സ) നിര്‍ദേശിച്ചു; 'ഒരിറക്ക് വെള്ളം കൊണ്ടെങ്കിലും നിങ്ങള്‍ അത്താഴം കഴിക്കല്‍ എന്ന സുന്നത്ത് നേടുക'.
നോമ്പ് ഒരു പീഡനമെന്ന നിലയിലല്ലാത്തതിനാല്‍ വൈകി അത്താഴം കഴിച്ച് പകല്‍ സമയത്തെ ഉന്‍മേഷം സംരക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. അതില്‍ ഗുണമുണ്ടെന്ന് അറിയിച്ചിട്ടുമുണ്ട്. നബി (സ) പറഞ്ഞു: 'അത്താഴം കഴിക്കല്‍ പിന്തിക്കുകയും നോമ്പ് തുറക്കല്‍ വേഗത്തില്‍ നിര്‍വഹിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ എന്റെ സമുദായം ഗുണത്തിലായിരിക്കും'. നബി (സ) സ്വന്തം ജീവിതത്തിലൂടെ അത്താഴസമയത്തെ കുറിച്ച് മാതൃക നല്‍കിയിട്ടുണ്ട്. സൈദ്ബ്‌നു സാബിത് (റ) പറയുന്നു: ഞങ്ങള്‍ നബി (സ)യോടൊപ്പം അത്താഴം കഴിച്ചു. പിന്നെ ഞങ്ങള്‍ നിസ്‌കരിച്ചു. നിസ്‌കാരത്തിന്റെയും അത്താഴത്തിന്റെയും ഇടയില്‍ അമ്പത് ഖുര്‍ആന്‍ ആയത്തുകള്‍ പാരായണം ചെയ്യാനെടുക്കുന്നതിന് സമാനമായ സമയമുണ്ടായിരുന്നു'. നബി (സ)യില്‍ നിന്ന് മാതൃക സ്വീകരിച്ച സ്വഹാബികളും അതാണ് പിന്തുടര്‍ന്നത്. സഹ്ല്‍ (റ) പറയുന്നു. 'ഞാന്‍ എന്റെ കുടുംബത്തോടൊപ്പം അത്താഴം കഴിച്ചതിനു ശേഷം വേഗത്തില്‍ പള്ളിയില്‍ ചെന്ന് നബി (സ)യോടൊപ്പം നിസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു'.
അത്താഴം കഴിക്കല്‍ സുന്നത്തായ ഒരു കര്‍മമാണ്. അത് വൈകിക്കുന്നത് നല്ലതുമാണ്. പക്ഷേ, നോമ്പിന്റെ സമയം, ആരംഭിക്കുന്നതിനു മുമ്പുതന്നെ അത് അവസാനിപ്പിച്ചിരിക്കണം. നമ്മുടെ നാടുകളില്‍ വ്യത്യസ്തമായ ബാങ്കുകള്‍ കേള്‍ക്കാറുണ്ട്. കൃത്യസമയത്ത് വിളിക്കപ്പെടുന്ന ബാങ്കിനെ മാത്രമേ നാം അവലംബിക്കാവൂ. സുബ്ഹിയുടെ സമയം ആയിക്കഴിഞ്ഞ ശേഷം വൈകി ബാങ്ക് വിളിക്കുന്നവരുണ്ട്. അതിനനുസരിച്ച് അത്താഴത്തെ വൈകിച്ച് നോമ്പ് നഷ്ടപ്പെടുത്തരുത്.
അബൂ സഈദില്‍ ഖുദ്‌രി (റ) നബി (സ)യില്‍നിന്ന് നിവേദനം ചെയ്യുന്നു. അത്താഴം ബറക്കത് ആണ്. അത് നിങ്ങള്‍ ഒഴിവാക്കരുത്. ഒരിറക്ക് വെള്ളം കുടിച്ചിട്ടാണെങ്കിലും (അഹ്മദ്). ജാബിര്‍ (റ) നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: നോമ്പ് നോല്‍ക്കാന്‍ ഉദ്ദേശിക്കുന്നവന്‍ എന്തെങ്കിലും അത്താഴം കഴിക്കട്ടെ (അഹ്മദ്). അപ്പോള്‍ കേവലം വെള്ളം കുടിച്ചാലും അത്താഴത്തിന്റെ സുന്നത്ത് ലഭിക്കും. ഈത്തപ്പഴമാണ് അത്താഴത്തിന് ഏറ്റവും നല്ലത്. അബൂഹുറൈറ (റ) പറയുന്നു. നബി പറഞ്ഞു: വിശ്വാസിയുടെ ഏറ്റവും നല്ല അത്താഴം ഈത്തപ്പഴമാണ്. അത്താഴ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നതു നല്ലതല്ല.
ഒരു ദിവസത്തിലെ ഏറ്റവും ബറക്കത്തുള്ള നിമിഷങ്ങളാണ് അത്താഴ സമയം. ഈ അതിപ്രഭാതത്തിലുള്ള സമയത്ത് എന്റെ സമുദായത്തിന് അനുഗ്രഹം ചൊരിയണമേ എന്ന് നബി (സ) പ്രത്യേകം പ്രാര്‍ഥിച്ചിട്ടുണ്ട്. ചോദിക്കുന്നവന് അവന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതും പ്രാര്‍ഥിക്കുന്നവര്‍ക്ക് ഉത്തരം നല്‍കപ്പെടുന്നതും പാപമോചനം തേടുന്നവര്‍ക്ക് പാപങ്ങള്‍ പൊറുക്കപ്പെടുന്നതുമായ സമയമാണ് അത്താഴസമയം എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്.
മുസ്‌ലിംകളുടെ നോമ്പിന്റെ വ്യതിരക്തത കൂടിയാണ് അത്താഴം. നബി (സ) പറഞ്ഞു: നമ്മുടെ നോമ്പും വേദം നല്‍കപ്പെട്ടവരുടെ (ജൂതന്മാരും ക്രിസ്ത്യാനികളും) നോമ്പും തമ്മിലുള്ള വ്യത്യാസം അത്താഴ ഭക്ഷണമാണ് (മുസ്‌ലിം). അഥവാ പ്രതിഫലാര്‍ഹമായ അനുഷ്ഠാനം എന്ന നിലയില്‍ അവര്‍ക്ക് അത്താഴം ഉണ്ടായിരുന്നില്ല. രാത്രിയുടെ അവസാനഭാഗത്ത് അത്താഴം കഴിക്കുന്നതാണ് പ്രവാചക മാതൃക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."