ആസിഫ് ഖാന്റെ വസതിയിലെത്തി മുസ്‌ലിം യൂത്ത് ലീഗ് പ്രതിനിധി സംഘം; മേവാത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി
നൂഹ്(മേവാത്): ഹരിയാനയിലെ മേവാത് ജില്ലയില്‍ കഴിഞ്ഞ ദിവസം സംഘ് പരിവാര്‍ കൊലപ്പെടുത്തിയ ആസിഫ് ഖാന്റെ വസതിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം. കഴിഞ്ഞ 16 നാണ് 25 കാരനായ ആസിഫ് ഖാനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ 30 പേരടങ്ങുന്ന സംഘം വാഹനത്തില്‍ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹരിയാനയില്‍ പ്രതിഷേധമിരമ്പുകയാണ്.
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, വൈസ് പ്രസിഡണ്ട് മുഹമ്മദ് ആരിഫ് റെഹ്ബര്‍, ഹരിയാന സംസ്ഥാന പ്രസിഡണ്ട് അസ്ഹറുദ്ദീന്‍ ചൗധരി, ഡല്‍ഹി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഹ സാദ് എന്നിവരാണ് ആസിഫിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. കുടുംബത്തിലൊരാള്‍ക്ക് മരുന്ന് വാങ്ങാനായി ബന്ധുക്കളായ യുവാക്കള്‍ക്കൊപ്പം പുറത്ത് പോയതായിരുന്നു ആസിഫ് ഖാന്‍. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ അക്രമി സംഘം ആസിഫും ബന്ധുക്കളും സഞ്ചരിക്കുന്ന വാഹനത്തെ പിന്തുടര്‍ന്ന് ഇടിച്ച ശേഷം അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പരുക്കുപറ്റിയ ബന്ധുക്കളായ ചെറുപ്പക്കാരെ ഓടിച്ച ശേഷം ആസിഫിനെ തട്ടിക്കൊണ്ട് പോയ അക്രമിസംഘം നംഗ്‌ളി ഗ്രാമത്തിലെ വിജനമായ സ്ഥലത്ത് വച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
സാമൂഹ്യ സേവന പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ആസിഫിന്റെ കൊലപാതകത്തില്‍ നടുങ്ങി നില്‍ക്കുകയാണ് ജന്‍മനാടായ ഖലീല്‍പൂര്‍ ഗ്രാമം. വീട്ടിലെത്തിയ യൂത്ത് ലീഗ് പ്രതിനിധി സംഘം ആസിഫിന്റെ പിതാവ് സാക്കിര്‍, മാതാവ് റഹ്മുന്നിസ, ഭാര്യ തസ്‌നീം മാതൃ സഹോദരനായ ഹനീഫ് എന്നിവരടങ്ങുന്ന കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു. ആസിഫിനോടൊപ്പം യാത്ര ചെയ്തിരുന്ന ബന്ധു വസിം, റാഷിദ് എന്നിവര്‍ നേതാക്കളോട് സംഭവം വിശദീകരിച്ചു. 30 പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തില്‍ നടത്തിയതെങ്കിലും 6 പേര്‍ മാത്രമാണ് പൊലിസ് അറസ്റ്റ് ചെയ്തത് എന്ന് കുടുംബം നേതാക്കളോട് പറഞ്ഞു.
മുഖ്യ പ്രതിയടക്കം പലരും ഒളിവിലാണ്. പൊലിസ് അന്വേഷണം വേഗത്തില്‍ നടക്കുന്നില്ല. സംഭവം നടന്ന സോന്‍ഹ അസംബ്ലി നിയോജക മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ സഞ്ജയ് സിംഗ് പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുകയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ പഞ്ചായത്ത് വിളിച്ചു ചേര്‍ത്തിരിക്കുന്നു. ഞങ്ങളുടെ മകനെ കൊലപ്പെടുത്തിയവരെ നിയമത്തിന്റെ മുന്നില്‍ രക്ഷപ്പെടുത്താന്‍ എം.എല്‍.എ അടക്കമുള്ളവര്‍ രംഗത്ത് വരുന്നത് എന്തിനു വേണ്ടിയാണെന്ന് മനസിലാകുന്നില്ല എന്ന് ആസിഫിന്റെ പിതാവ് സാക്കിര്‍ നേതാക്കളോട് പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു എന്നിവര്‍ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചു.ആസിഫ് ഖാന് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടെന്നും പ്രതികളെ രക്ഷിക്കാനുള്ള ഉന്നത ഗൂഡാലോചനയെ ജാഗ്രതയോടെ മുസ്‌ലിം യൂത്ത് ലീഗ് ചെറുക്കുമെന്നും നേതാക്കള്‍ കുടുംബത്തെ അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ട് മേവാതില്‍ മുസ്‌ലിം യൂത്ത് ലീഗ് ഹരിയാന സംസ്ഥാന പ്രസിഡന്റ് അസറുദീന്‍ ചൗധരിയുടെ നേതൃത്വത്തില്‍ മേവാത് റാണിയാല ഗ്രാമത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ലോക്ഡൗണ്‍ പ്രമാണിച്ച് ചുരുങ്ങിയ പ്രവര്‍ത്തകരെ മാത്രം അണിനിരത്തി ആസിഫിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു യൂത്ത് ലീഗ് പ്രതിഷേധിച്ചത്. നീതിക്കു വേണ്ടി അവസാന നിമിഷം വരെ പോരാടുമെന്നും കൂടുതല്‍ പ്രവര്‍ത്തകരെയും ബഹുജനങ്ങളെയും അണിനിരത്തി തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും അസറുദ്ദീന്‍ ചൗധരി പറഞ്ഞു.
ന്യൂനപക്ഷ സമൂഹത്തിന്റെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ഹരിയാനയിലെ മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുകയാണെന്ന് ദശീയ ജനറല്‍ സെക്രട്ടറി അഡ്വ: വി.കെ ഫൈസല്‍ ബാബു പറഞ്ഞു. മേവാത് ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ തലസ്ഥാനമായി മാറുകയാണ്. ജുനൈദ്, പെഹ്‌ലു ഖാന്‍ തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തെ തന്നെ നാണം കെടുത്തിയതാണ്. എന്നിട്ടും ഇത് തുടരുന്നത് ഭരണകൂടത്തിന്റെ തണലിലാണ്. ആസിഫ് ഖാന്റെ കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കാന്‍ പ്രദേശത്തെ ബി.ജെ.പി എം.എല്‍.എ പരസ്യമായി രംഗത്തെത്തിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."