ബ്ലാക്ക് ഫംഗസ് തടയാന്‍ ഊര്‍ജിത നടപടി വേണം
കൊവിഡിനിടെ ബ്ലാക്ക് ഫംഗസ് രോഗവും രാജ്യത്ത് പടരുകയാണ്. കേരളത്തിലും ഈ രോഗം പെട്ടെന്ന് വ്യാപിക്കുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. മരണത്തിന് കാരണമായേക്കാവുന്ന ഈ രോഗം ഫംഗസ് (പൂപ്പല്‍) ബാധയെ തുടര്‍ന്നാണ് ഉണ്ടാകുന്നത്. നേരത്തെ സര്‍വസാധാരണമായിരുന്നില്ലെങ്കിലും കൊവിഡ് കാലത്ത് ഈ രോഗം അതിവേഗം വ്യാപിക്കുകയാണ്. രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ടാണ് ഈ പൂപ്പല്‍ബാധ ഉണ്ടാവുന്നത് എന്നതിനാല്‍ കൊവിഡ് ബാധിതരും പ്രമേഹരോഗികളും രോഗത്തെ കരുതലോടെ കാണുകയാണു വേണ്ടത്. നേരത്തെ സൈകോമൈകോസിസ് എന്നറിയപ്പെട്ടിരുന്ന മ്യൂകര്‍മൈകോസിസ് എന്ന പൂപ്പലാണ് ബ്ലാക്ക് ഫംഗസ് രോഗത്തിനു കാരണം. ഈ പൂപ്പല്‍ ബാധ പുതിയ രോഗമല്ല. പകര്‍ച്ചവ്യാധികളുടെ ഗണത്തില്‍ പല സംസ്ഥാനങ്ങളും ഇവയെ ഉള്‍പ്പെടുത്തിയിട്ടുമില്ല. പക്ഷേ കൊവിഡ് സാഹചര്യത്തില്‍ ബ്ലാക്ക് ഫംഗസിനെ ഗൗരവത്തിലെടുക്കണമെന്ന് ഐ.സി.എം.ആര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെങ്കിലും കൃത്യമായ വൈദ്യസഹായം ലഭിച്ചിട്ടില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. മറ്റു രോഗങ്ങള്‍ക്ക് സ്റ്റിറോയ്ഡുകള്‍ പോലുള്ള മരുന്നുകള്‍ കഴിക്കുന്നവരില്‍ രോഗപ്രതിരോധശേഷി കുറയുന്നത് എളുപ്പത്തില്‍ ബ്ലാക്ക് ഫംഗസ് പിടിപെടാന്‍ കാരണമാകും. മസ്തിഷ്‌കത്തെയും ശ്വാസകോശത്തെയും എല്ലാം ബാധിക്കുമെന്നതിനാല്‍ നേരത്തെ ചൂണ്ടിക്കാട്ടിയ ആരോഗ്യ പ്രശ്‌നമുള്ളവരില്‍ ഇത് ഗുരുതരമാകാം. രോഗം പെട്ടെന്ന് പടരുന്നത് ശ്രദ്ധയില്‍പ്പെട്ട തെലങ്കാന, രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി വിഭാഗത്തില്‍പ്പെടുത്തി ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ട്.
മ്യൂകര്‍മൈകോസിസ് പ്രകൃതിയില്‍ സര്‍വസാധാരണമായ പൂപ്പലാണ്. നഗ്നനേത്രങ്ങളാല്‍ കാണാനാവാത്ത ഫംഗസ്. മണ്ണിലും വായുവിലും തുടങ്ങി നമുക്കു ചുറ്റും എവിടെയും ഉണ്ടാവാം. ഫംഗസുകളുടെ സ്‌പോറുകള്‍ എന്ന ബീജകോശങ്ങളാണ് ഇത്തരത്തില്‍ കാണപ്പെടുക. ഇവ ചൂടിനെയും തണുപ്പിനെയും അതിജീവിക്കാന്‍ കഴിയുന്ന ആവരണത്തോടു കൂടിയവയാണ്. നമ്മുടെ തൊലിപ്പുറത്തുകൂടി ശരീരത്തില്‍ പ്രവേശിക്കുന്ന ഫംഗസ് അനുകൂല സാഹചര്യത്തില്‍ വളരും. തുടര്‍ന്ന് രോഗലക്ഷണം കണ്ടുതുടങ്ങും. തൊലിപ്പുറത്തെ മുറിവുകള്‍, വ്രണങ്ങള്‍ തുടങ്ങിയവയിലൂടെ ഇവ ശരീരത്തിലെത്താം. മൂക്കിലൂടെയും ഉള്ളില്‍ പ്രവേശിക്കാം. പ്രതിരോധശേഷി ഉള്ളവരെ ഈ പൂപ്പല്‍ രോഗം ബാധിക്കാറില്ല. കൊവിഡും ഇന്‍ഫ്‌ളുവന്‍സയും പനിയും ജലദോഷവും തണുപ്പുകാലവുമെല്ലാം നമ്മുടെ പ്രതിരോധശേഷി കുറയ്ക്കുന്നവയാണ്. ഈ സാഹചര്യത്തില്‍ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണവും മറ്റും പതിവാക്കുകയും ചെയ്യുന്നത് ബ്ലാക്ക് ഫംഗസിനെ മാത്രമല്ല കൊവിഡ് ഉള്‍പ്പെടെയുള്ള മറ്റു രോഗങ്ങളെയും അകറ്റിനിര്‍ത്താന്‍ സഹായിക്കും.
ഇതിന് പരമ്പരാഗത രീതികളും പ്രയോഗിക്കാം. അലോപ്പതിയില്‍ മാത്രമല്ല ആയുര്‍വേദം, ഹോമിയോ ഉള്‍പ്പെടെയുള്ള ചികിത്സാശാഖകളിലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ബൂസ്റ്ററുകളും മരുന്നുകളും കൊവിഡ്, ബ്ലാക്ക് ഫംഗസ് കാലത്ത് ആരോഗ്യം കാക്കും. ശരീരത്തിലെത്തിയാല്‍ പലവിധ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതാണ് ബ്ലാക്ക് ഫംഗസുകള്‍ എന്ന മ്യൂകര്‍മൈകോസിസ്. നെറ്റി, മൂക്ക്, കവിള്‍, കണ്ണുകള്‍, പല്ല് തുടങ്ങിയിടങ്ങളില്‍ കറുത്ത പൂപ്പല്‍ബാധ പ്രത്യക്ഷപ്പെടുകയാണ് ആദ്യഘട്ടം. ഒപ്പം ശ്വാസകോശത്തെയും മസ്തിഷ്‌കത്തെയും മറ്റും ബാധിക്കും. കാഴ്ച നഷ്ടപ്പെടുക, മുഖത്തുവേദന, നെഞ്ചുവേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുമുണ്ട്. കൊവിഡ് ബാധിതരും രോഗമുക്തരും കൂടുതല്‍ ശ്രദ്ധിക്കണം. രോഗ ലക്ഷണം കണ്ടാല്‍ വൈദ്യസഹായം തേടണം.
ആന്റി ഫംഗല്‍ ഇഞ്ചക്ഷനുകള്‍ ഉപയോഗിച്ച് രോഗാണുവിന്റെ വ്യാപനം തടഞ്ഞ് രോഗതീവ്രത കുറയ്ക്കാനും പതിയെ സുഖപ്പെടുത്താനും സാധിക്കും. ആംഫോടെറിസിന്‍-ബി, പൊസാകൊണസോള്‍ തുടങ്ങിയ കുത്തിവയ്പ് ഇതിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കാം. രോഗം പകരാന്‍ കൂടുതല്‍ സാധ്യത ആശുപത്രിയില്‍ നിന്നും ആശുപത്രി ഉപകരണങ്ങളില്‍ നിന്നുമാണെന്ന് വിദേശ പഠനങ്ങള്‍ പറയുന്നു. ഫംഗസിന്റെ സ്‌പോറുകള്‍ ശരീരത്തില്‍ നേരിട്ട് എത്തുന്ന അവസ്ഥയാണ് രോഗം വേഗത്തില്‍ പകര്‍ത്തുക. ഫംഗസ് സാന്നിധ്യമുള്ള ബാന്‍ഡേജുകള്‍, ആശുപത്രിയിലെ അണുവിമുക്തമാകാത്ത ഉപകരണങ്ങള്‍ തുടങ്ങിയവ രോഗപ്പകര്‍ച്ച വേഗത്തിലാക്കും. സ്‌പോറുകള്‍ക്ക് ഉയര്‍ന്ന താപനിലയും മര്‍ദവും അതിജീവിക്കാന്‍ ശേഷിയുള്ളതിനാല്‍ ചൂടുവെള്ളത്തില്‍ ഉപകരണം കഴുകിയാല്‍ അണുവിമുക്തമാകണമെന്നില്ല. ഓട്ടോക്ലേവ് (മെഷീന്‍ ഉപയോഗിച്ച് ബാക്ടീരിയയെ നശിപ്പിക്കുക) ചെയ്യാത്ത ഉപകരണങ്ങളിലൂടെ രോഗം പകരാം. ഹിസ്റ്റോപത്തോളജിക്കല്‍ പരിശോധനയിലൂടെയും കള്‍ച്ചര്‍ ടെസ്റ്റിലൂടെയും രോഗം കണ്ടെത്താം.
രോഗത്തെ കുറിച്ച് കൃത്യമായ അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുകയും പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവക്ക് പ്രോട്ടോക്കോള്‍ തയാറാക്കി മുന്നോട്ടുപോകുകയും ചെയ്താല്‍ ബ്ലാക്ക് ഫംഗസിനെയും നമുക്ക് പ്രതിരോധിക്കാം. രോഗവ്യാപനം തടയാന്‍ ഊര്‍ജിത നടപടികള്‍ സ്വീകരിക്കണം. വിവിധ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഇതിനെതിരായ മരുന്നുകളും സംസ്ഥാനങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. കാഴ്ച നഷ്ടപ്പെടുകയും മരണം സംഭവിക്കുകയും ചെയ്യുന്ന കേസുകള്‍ കേരളത്തിലും റിപ്പോര്‍ട്ടു ചെയ്യുന്നു. രോഗങ്ങള്‍ തടയേണ്ടത് ആരോഗ്യപ്രവര്‍ത്തകരുടെ മാത്രം ഉത്തരവാദിത്വമാണെന്ന നമ്മുടെ പൊതുബോധം ഇനിയെങ്കിലും മാറ്റേണ്ടതുണ്ട്. ആരോഗ്യസംവിധാനത്തെ സഹായിക്കാന്‍ നാം സദാ സന്നദ്ധരാണെങ്കിലും നമ്മുടെ വീട്ടിലും പരിസരത്തും രോഗപ്രതിരോധ നടപടി ഊര്‍ജിതപ്പെടുത്താന്‍ പലരും തയാറാകാറില്ല. നാട് രോഗങ്ങളെ അഭിമുഖീകരിക്കുന്ന കാലത്ത് നമ്മുടെ ശുചിത്വബോധവും ആരോഗ്യശീലങ്ങളും മാറണം. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും അറിവുകള്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം. പലര്‍ക്കും കൊവിഡ് പിടിപെടാന്‍ കാരണം ഇത്തരം ജാഗ്രതയില്ലായ്മയാണ്. നിരവധി പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ഓ രോ രോഗവും പിടിപെട്ട ശേഷമാണ് നാം പലപ്പോഴും അതേകുറിച്ച് ചിന്തിക്കുന്നത്. ആശുപത്രികളും ചികിത്സാ സംവിധാനങ്ങളും അപര്യാപ്തമാകുന്ന കാലത്ത് ആരോഗ്യശീലങ്ങളില്‍ മാറ്റംവരുത്തല്‍ അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."